പാടിക്കുന്ന് സംരക്ഷണം: സമരം നൂറാം ദിവസത്തിലേക്ക്; 22 ന് മനുഷ്യച്ചങ്ങല

Friday 20 July 2018 4:30 pm IST

 

കൊളച്ചേരി: കൊളച്ചേരി തോടിന്റെ ഉത്ഭവസ്ഥാനമായ പാടി തീര്‍ഥവും തണ്ണീര്‍ത്തടങ്ങളും സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് പൊതു ഉടമസ്ഥതയിലാക്കുക എന്ന ആവശ്യമുയര്‍ത്തി നടന്നുവരുന്ന സമരത്തിന് 22 ന് നൂറു ദിവസം പൂര്‍ത്തിയാവുന്നു. അന്നേദിവസം രാവിലെ 10.30 ന് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ മുഖ്യാതിഥിയാവും. ജനപ്രതിനിധികളും രാഷ്ട്രീയ-സാംസ്‌കാരിക-പരിസ്ഥിതി പ്രവര്‍ത്തകരും ബഹുജനങ്ങളും പങ്കെടുക്കും.

മുഖ്യമന്ത്രി, മറ്റ് വകുപ്പു മന്ത്രിമാര്‍ എന്നിവരുള്‍പ്പെടെ അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കി കാത്തിരിക്കുകയാണ് കൊളച്ചേരി ഗ്രാമവാസികള്‍. ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ജൈവ വൈവിധ്യ പരിപാലന സമിതിയും പാടി തീര്‍ത്ഥമുള്‍പ്പെടുന്ന പ്രദേശം ജൈവ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയുണ്ടായി. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ജനകീയ ജൈവവൈവിധ്യ പഠനം കഴിഞ്ഞദിവസം നടക്കുകയുണ്ടായി. പഠനത്തിന്റെ ഭാഗമായി ഇരുന്നൂറോളം അപൂര്‍വയിനം സസ്യങ്ങളെയും ചിത്രശലഭങ്ങളെയും മറ്റും ഇവിടെ കണ്ടെത്താനായിട്ടുണ്ട്.

വൈവിധ്യമാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് ഈ നൂറ് ദിനങ്ങള്‍ക്കിടയില്‍ നടന്നത്. കുടുംബയോഗങ്ങള്‍, ബഹുജന കൂട്ടായ്മ, ജനസഭ, എഴുത്തുകാരുടെയും ചിത്രകാരന്‍മാരുടെയും സംഗമം, ഒപ്പുശേഖരണം, ബൈക്ക് റാലി, ഫ്‌ളാഷ് മോബ്, പരിസ്ഥിതി ദിനത്തില്‍ നടന്ന സമരജ്വാല, വൃക്ഷത്തൈ നടല്‍, പാറക്കുളം വൃത്തിയാക്കല്‍, വിദ്യാര്‍ഥികളുടെ പുഴയറിയാന്‍ യാത്ര തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ വിഷയത്തിന്റെ ഗൗരവം സമൂഹത്തെയും അധികാരികളെയും അറിയിക്കാന്‍ സാധിച്ചു. വരാനിരിക്കുന്ന തലമുറയ്ക്കായി, നാടിന്റെ നിലനില്പിനായി അന്തിമ വിജയം വരെയുള്ള സമരത്തിനായി നാട്ടുകാര്‍ ഒറ്റക്കെട്ടായി രംഗത്തുണ്ട്. അതിന്റെ ഭാഗമായാണ് 22 ന് മനുഷ്യച്ചങ്ങല നടക്കുക. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.