കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് എംബിബിഎസുകാരി സന്യാസജീവിതം സ്വീകരിച്ചു

Friday 20 July 2018 4:38 pm IST

അഹമ്മദാബാദ്: റാങ്കോടെ എംബിബിഎസ് ബിരുദം നേടിയ ഡോ. ഹീന ഇനി മുതല്‍ ജൈന സന്ന്യാസിനി. സൂറത്തിലെ ആചാര്യ യശോവര്‍മ സുരീശ്വറില്‍ നിന്നാണ് ഹീന സന്ന്യാസ ദീക്ഷ സ്വീകരിച്ചത്. അശോകിന്റെയും ദന്‍വതി ഹിങ്കാടിന്റെയും മകളാണ് ഡോ. ഹീന. സന്ന്യാസം സ്വീകരിച്ചഹീന ഇനി വിശാരദ് മാതാജി എന്ന നാമത്തിലാകും അറിയപ്പെടുക. 

ചെറുപ്പം മുതല്‍ പഠിക്കാന്‍ മിടുക്കിയായിരുന്ന ഹീന, അച്ഛന്റെ ആഗ്രഹപ്രകാരമായിരുന്നു എംബിബിഎസിന് ചേര്‍ന്നതും ഉയര്‍ന്ന മാര്‍ക്കോടെ പാസായതും. മൂന്ന് വര്‍ഷമായി ഡോക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. എന്നാല്‍ അവളുടെ ആഗ്രഹം എന്നും ആത്മീയ ജീവിതം സ്വീകരിക്കുക എന്നതായിരുന്നു, ഹീനയുടെ ബന്ധു നീരജ് കിച്ച പറഞ്ഞു. 

കുടുംബത്തിലെ ആറു പെണ്‍മക്കളില്‍ ഏറ്റവും മൂത്തയാളാണ് ഹീന. രാജസ്ഥാനില്‍ നിന്നുള്ള കുടുംബം രണ്ട് തലമുറകളായി മുംബൈയിലാണ് താമസം.  വിവാഹം വേണ്ടെന്നു വെച്ച ഹീന എല്ലാ ആധുനിക സൗകര്യങ്ങളും ത്യജിച്ച് ലളിതമായൊരു ജീവിതമാണ് നയിച്ചിരുന്നത്. തുടക്കത്തില്‍ സന്ന്യാസ ജീവിതം സ്വീകരിക്കുവാനുള്ള ഹീനയുടെ തീരുമാനത്തോട് അച്ഛനമ്മമാര്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. മുത്തച്ഛനാണ് അവളുടെ ആഗ്രഹത്തിന് ആദ്യം സമ്മതം മൂളിയതും അച്ഛനമ്മമാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയതുമെന്ന് ഹീനയുടെ സഹോദരി മോക്ഷദ പറഞ്ഞു. 

ഒരു ഡോക്ടര്‍ സന്ന്യാസ ജീവിതത്തിന് തുടക്കം കുറിക്കുന്നു എന്ന നിലയില്‍ ഈ ചടങ്ങിന്റെ മഹത്വം വര്‍ധിക്കുന്നു. ഏറെ മുന്‍പ് തന്നെ സന്ന്യാസ ജീവിതത്തിലേക്ക് കടന്നു വരാന്‍ അവര്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിവരാന്‍ ആവശ്യപ്പെട്ട് മടക്കിയയക്കുകയായിരുന്നുവന്ന് ചടങ്ങിന് ശേഷം ജൈന ആചര്യന്‍ യശോവര്‍മ സുരീശ്വര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.