ആശുപത്രികളില്‍ നിന്നും ഓക്ലിജന്‍ സിലിണ്ടറുകള്‍ മോഷ്ടിച്ച കേസില്‍ മൂന്നംഗ സംഘം അറസ്റ്റില്‍

Friday 20 July 2018 4:33 pm IST

 

തലശ്ശേരി: നഗരത്തിലെ മൂന്ന് ആശുപത്രികളില്‍ നിന്ന് വിവിധ ദിവസങ്ങളിലായി 18 ഓളം ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടിച്ചുമാറ്റിയ കാസര്‍കോഡ് അണങ്കൂര്‍, പാപ്പിനിശ്ശേരി സ്വദേശികളായ മൂന്ന് പേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ലേഡീസ് ഹോസ്റ്റലിനടുത്ത ശ്രീധരന്റെ മകന്‍ എന്‍.മുരളിധരന്‍ (47), ഇതേസ്ഥലത്തെ വെങ്കിടേഷ് ഭട്ടിന്റെ മകന്‍ ദാമോദര്‍ ഭട്ട് (42), പാപ്പിനിശ്ശേരിയിലെ ടി.പി.ഹൗസില്‍ ടി.പി.രാജേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ കാസര്‍കോട്ടെ വിതരണ ചുമതലയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിലും മറ്റൊരാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലും ഉണ്ടായ വിരോധമാണ് മോഷണത്തിന് കാരണമെന്ന് കരുതുന്നു. 

കാസര്‍കോട്ടെ ചില ആശുപത്രികള്‍ക്ക് നേരത്തെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്തിരുന്നത് ദാമോദര്‍ഭട്ടായിരുന്നു. ഇയാളെ ഒഴിവാക്കി കണ്ണൂര്‍ സ്വദേശി മധുമേനോനാണ് ഇപ്പോഴത്തെ വിതരണക്കാരന്‍. മധുമേനോന്‍ തന്നെയായിരുന്നു തലശ്ശേരി ഭാഗത്തെ ചില ആശുപത്രികളിലും സിലിണ്ടറുകള്‍ നല്‍കിയിരുന്നത്. മധു മേനോന്റെ ജീവനക്കാരനായിരുന്നു അറസ്റ്റിലായ പാപ്പിനിശ്ശേരിയിലെ രാജേഷ്. സ്വഭാവദൂഷ്യം കാരണം മധു മേനോന്‍ ഇയാളെ ജോലിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിലുള്ള വിരോധമാണ് രാജേഷിനെ കൂട്ടുപിടിച്ച് ദാമോദര്‍ ഭട്ട് പരിചയക്കാരനായ മുരളീധരന്റെ സഹായത്തോടെ തലശ്ശേരിയിലെ ജോസ്ഗിരി, ഇന്ദിരാഗാന്ധി, മിഷ്യന്‍ ആശുപത്രികളില്‍ നിന്നായി 18 ഓളം ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടിച്ചു മാറ്റിയത്. കാലിയാവുന്ന സിലിണ്ടറുകള്‍ക്കൊപ്പം നിറ സിലിണ്ടറുകളും കൊണ്ടുപോവുകയായിരുന്നു. ഇത് പതിവായതോടെ ആശുപത്രി അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിരോധിച്ചപ്പോഴാണ് പ്രതികളെ കണ്ടെത്താനായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമം 379 വകുപ്പില്‍ കേസെടുത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ അടിച്ചുമാറ്റിയ 12 സിലിണ്ടറുകള്‍ പോലിസ് കസ്റ്റഡിയിലെടുത്തു. ഓക്‌സിജന്‍ സിലിണ്ടറുകള്‍ കടത്താന്‍ ഉപയോഗിച്ച കെ.എല്‍.14. കെ.9407 നമ്പര്‍ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.