ഇരിട്ടി പാലം ജംങ്ഷന്‍ വീതികൂട്ടല്‍; സര്‍വ്വെ തുടങ്ങി

Friday 20 July 2018 4:35 pm IST

 

ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തര്‍ സംസ്ഥാനപാതയുടെ നവീകരണത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ പുതുതായി നിര്‍മ്മിക്കുന്ന പാലം ജംങ്ഷന്‍ വീതികൂട്ടുന്നതിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍വെ തുടങ്ങി. റോഡ് വികസനത്തിനായി കെഎസ്ടിപി നേരത്തെ ഏറ്റെടുത്ത ഭൂമിക്ക് പുറമെയാണ് കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നത്. പുതിയ പാലത്തിന്റെ പൂര്‍ത്തീകരണത്തോടൊപ്പം നിലവിലുള്ള രീതിയില്‍ ജംങ്ഷന്‍ വികസിപ്പിച്ചാല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന കെഎസ്ടിപിയുടേയും ലോകബാങ്കിന്റെയും നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നത്. നേരത്തെ ഏറ്റെടുത്ത ഭൂമിക്ക് പുറമെ ഒരേക്കര്‍ 32 സെന്റ് സ്ഥലമാണ് അധികമായി ഏറ്റെടുക്കേണ്ടത്. 

പാലത്തിന്റെ പായം പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശത്താണ് അധിക ഭൂമി വേണ്ടിവരുന്നത്. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയില്‍ നിന്നും വരുന്ന വാഹനങ്ങളും ഉളിക്കല്‍ ഭാഗത്തു നിന്നുളള വാഹനങ്ങളും വീരാജ്‌പേട്ട, കൂട്ടുപുഴ, എടൂര്‍ ഭഗത്തു നിന്നുള്ള വാഹനങ്ങളും ഇരിട്ടി ടൗണ്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങളും പാലം ജംങ്ഷനില്‍ വെച്ചാണ് വിവിധ ഭാഗങ്ങളിലേക്ക് തിരിഞ്ഞുപോകുന്നത്. ഇപ്പോള്‍ത്തന്നെ ജംഗ്ഷനില്‍ വന്‍ ഗതാഗതക്കൂരുക്കാണ്. വീതികൂടിയ പുതിയ പാലം പൂര്‍ത്തിയാകുന്നതോടെ ജംങ്ഷനില്‍ വന്‍ ഗതാഗതക്കുരുക്കും അപകടവും ഉണ്ടാകുമെന്നും ലോകബാങ്ക് സംഘം കണ്ടെത്തിയിരുന്നു. അടിയന്തിരമായി വീതികൂട്ടുന്നതിന് കുടുതല്‍ സ്ഥലം ഏറ്റെടുക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. 

അധികഭൂമി ഏറ്റെടുക്കുന്നതിന് ഒരു വര്‍ഷം മുന്‍മ്പ് തന്നെ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും മറ്റ് നടപടികള്‍ നീണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ദിവസം ജില്ല കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഓണത്തിന് മുമ്പ് ഭൂമി ഏറ്റെടുക്കല്‍ പ്രവ്യത്തി പൂര്‍ത്തിയാക്കാന്‍ കെഎസടിപി ലാന്റ് അക്വിസിഷന്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. സര്‍വ്വെ പൂര്‍ത്തീകരിച്ച് നോട്ടിഫൈ ചെയ്യണം. ഭൂഉടമകളുമായി ചര്‍ച്ച നടത്തി വിലനിര്‍ണ്ണം നടത്തി വേണം ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തീകരിക്കാന്‍.

 കെഎസ്ടിപി ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍ എസ്.അനില്‍കുമാര്‍, സര്‍വ്വെയര്‍ ടി.അനില്‍കുമാര്‍, റവന്യു ഇന്‍സ്‌പെക്ടര്‍ കാര്‍ത്തികേയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വ്വെ നടത്തിയത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.