അഴിമതി: പാര്‍ക്ക് ഗ്യൂന് എട്ടു വര്‍ഷം കൂടി തടവ്

Saturday 21 July 2018 2:37 am IST

സോള്‍: ദക്ഷണ കൊറിയയുടെ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍ ഹൈക്ക് എട്ടുവര്‍ഷം കൂടി തടവ് ശിക്ഷ. നിലവില്‍ സോള്‍ ജില്ലാ കോടതി വിധിച്ച 24 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചു വരികയാണ് പാര്‍ക്ക്. 2016ലെ പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന് സംസ്ഥാന സ്‌പൈ ഏജന്‍സി മുഖേന ഇടപെടല്‍ നടത്തിയതിനും ഇതിലേക്കായി ഫണ്ട് ദുര്‍വിനിയോഗം ചെയ്തതിനുമാണ് എട്ടുവര്‍ഷം കൂടി ശിക്ഷ വിധിച്ചിരിക്കുന്നത്. 

പാര്‍ക്ക് പ്രസിഡന്റായിരിക്കുന്ന സമയത്ത് 2.6 മില്യണ്‍ ഡോളര്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്ന് സോള്‍ ജില്ലാ കോടതി കണ്ടെത്തി. തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചതിന് രണ്ടു വര്‍ഷം തടവ് പ്രത്യേകം അനുഭവിക്കണമെന്ന് കോടതി പറഞ്ഞു. 66 കാരിയായ പാര്‍ക്കിന് ഇതോടെ 32 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ടതായി വരും. 

വധിക്കപ്പെട്ട ഏകാധിപതി പാര്‍ക്ക് ചുങ് ഹീയുടെ മകളായ പാര്‍ക്ക് 2013 ലാണ് പ്രസിഡന്റായി അധികാരമേറ്റത്. നാല് വര്‍ഷത്തിന് ശേഷം അവരെ അഴിമതി ആരോപണങ്ങളുടെ പേരില്‍ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കി. അഴിമതിയും അധികാര ദുര്‍ വിനിയോഗവുമാണ് അവരുടെ കസേര തെറിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.