ഒരു ദശാബ്ദത്തിന് ശേഷം ഇരുകരകളെയും ചുംബിച്ച് നിള

Saturday 21 July 2018 2:44 am IST

മലപ്പുറം: രണ്ട് മാസം മുമ്പ് വരണ്ടുണങ്ങിയ ഭാരതപ്പുഴയുടെ അവസ്ഥ കണ്ടവര്‍ക്ക് ഈ കാഴ്ച സന്തോഷകരമാണ്. പത്ത് വര്‍ഷത്തിന് ശേഷം ഭാരതപ്പുഴ ഇരുകരകളെയും ചുംബിച്ച് ഒഴുകുന്നു. സമീപവാസികള്‍ക്ക് നേരിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പുഴ നിറഞ്ഞുകാണാന്‍ അവരും ആഗ്രഹിച്ചിരുന്നു.

കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണ് ഭാരതപ്പുഴ. നിള എന്നപേരിലും അറിയപ്പെടുന്നു. വെറുമൊരു നദി എന്നതിനേക്കാള്‍ ഭാരതപ്പുഴ കേരളത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങളിലൊന്നാണ്. ആദ്ധ്യാത്മിക തലത്തിലും നിളയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. എന്നാല്‍ വള്ളുവനാടിന്റെ ജീവനാഡിയായിരുന്ന നിളയെ ചിലര്‍ ഭ്രാന്തമായ ആവേശത്തോടെ ആക്രമിച്ചു. മണലും ജലവും ഒരു നിയന്ത്രണവുമില്ലാതെ ഊറ്റിയെടുത്തു. മാലിന്യം നിക്ഷേപിക്കാനുള്ള അഴുക്കുചാലായാണ് ചിലര്‍ നിളയെ കണ്ടത്. എല്ലാ മഴക്കാലത്തും നിള നിറയാറുണ്ട്, പക്ഷേ ജലസ്പര്‍ശത്തിനായി കൊതിച്ച കരകള്‍ക്ക് കഴിഞ്ഞ പത്ത് വര്‍ഷവും നിരാശയായിരുന്നു ഫലം. എന്തായാലും ഇത്തവണ അത് സാധിച്ചു. കാലവര്‍ഷക്കെടുതിയിലും നിളയെ സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ കുളിര്‍മ.

നിളയെ സംരക്ഷിക്കാന്‍ പഴയ സമൃദ്ധിയിലേക്ക് മടക്കികൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് പ്രകൃതി സ്‌നേഹികളുടെ ആവശ്യം. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ നിരവധി ജല വിതരണ പദ്ധതികള്‍ നിളയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വെള്ളം ഊറ്റിയെടുക്കുന്നതല്ലാതെ നദിയെ സംരക്ഷിക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. പത്ത് വര്‍ഷത്തിന് ശേഷമുണ്ടായ ജലസമൃദ്ധി ഓര്‍മ്മപ്പെടുത്തലാണ്, ഇനിയെങ്കിലും ഈ നദിയെ മരണത്തിലേക്ക് തള്ളിവിടരുതെന്ന മുന്നറിയിപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.