കാര്‍, ബൈക്ക് വില്‍പ്പനയ്ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് നിര്‍ബന്ധം: സുപ്രീം കോടതി

Saturday 21 July 2018 2:46 am IST

ന്യൂദല്‍ഹി: കാറുകളും ബൈക്കുകളും വില്‍ക്കുന്നതിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കി സുപ്രീം കോടതി. സപ്തംബര്‍ ഒന്നു മുതല്‍ ഉത്തരവ് നടപ്പാക്കണമെന്ന് വാഹന കമ്പനികള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കാറുകള്‍ക്ക് മൂന്ന് വര്‍ഷത്തെയും ബൈക്കുകള്‍ക്ക് അഞ്ച് വര്‍ഷത്തെയും ഇന്‍ഷ്വറന്‍സാണ് വേണ്ടത്.

വാഹനാപകടം കാരണം പൊതുജനങ്ങള്‍ക്കോ വസ്തുവകകള്‍ക്കോ ഉണ്ടായേക്കാവുന്ന നഷ്ടം നികത്തുന്നതിനാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ്. ഉടമയ്ക്കും വാഹനത്തിലെ ജോലിക്കാര്‍ക്കും യാത്രക്കാര്‍ക്കും അപകടം മൂലമുണ്ടാകുന്ന പരിക്കുകള്‍ക്കും ജീവഹാനിക്കും അധിക പരിരക്ഷ തേഡ് പാര്‍ട്ടി പോളിസികളില്‍ വാങ്ങാവുന്നതാണ്.

 ആദ്യമായി വാഹനം വാങ്ങുമ്പോള്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് നല്‍കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് പാലിക്കപ്പെടുന്നില്ല. 66 ശതമാനത്തോളം വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സില്ല. 20 വര്‍ഷത്തേക്ക് ഒരുമിച്ച് ഇന്‍ഷ്വറന്‍സ് എടുക്കുന്നത് പ്രായോഗികമല്ലെന്ന് കമ്പനികള്‍ പറഞ്ഞു. തുടര്‍ന്നാണ് മൂന്നും അഞ്ചും വര്‍ഷങ്ങളായി നിശ്ചയിച്ചത്. 

വാഹനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ ഉള്‍പ്പെടെ മറ്റുള്ളവരുടെ വസ്തുവകകള്‍ക്ക് തേഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് പ്രകാരം പരമാവധി ലഭിക്കാവുന്ന നഷ്ടപരിഹാരം ഏഴര ലക്ഷം രൂപയാണ്. മറ്റു വാഹനങ്ങള്‍ക്ക് സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെങ്കിലും പോളിസിയുടമയുടെ വാഹനത്തിന് ലഭിക്കില്ല. വാഹനങ്ങള്‍ മോഷണം പോകുമ്പോഴും തേഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സില്‍ നഷ്ടപരിഹാരമില്ല.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.