കെ.എം. ജോസഫിനെ വീണ്ടും ശുപാര്‍ശ ചെയ്ത് കൊളീജിയം

Saturday 21 July 2018 2:48 am IST

ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താന്‍ സുപ്രീംകോടതി കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്തു. ശുപാര്‍ശ മടക്കി നേരത്തെ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അയച്ച കത്തില്‍ ജോസഫിന്റെ നിയമനത്തിലെ ഔചിത്യത്തിനെതിരെ പരാമര്‍ശങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊളീജിയം നടപടി. ചീഫ് ജസ്റ്റിസിന് മന്ത്രി നല്‍കിയ രണ്ട് കത്തുകളും പരിഗണിച്ചതായും സുപ്രീംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കൊളീജിയത്തിന്റെ തീരുമാനത്തില്‍ പറയുന്നു. തിങ്കളാഴ്ചയാണ് യോഗം ചേര്‍ന്നതെങ്കിലും ഇന്നലെയാണ് തീരുമാനങ്ങള്‍ വെബ്‌സൈറ്റിലിട്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ കൊളീജിയത്തില്‍ ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ്, എ.കെ. സിക്രി എന്നിവരാണ് അംഗങ്ങള്‍. 

ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും ശുപാര്‍ശ ചെയ്തു.  മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരന്‍ എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരും, കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് അനിരുദ്ധ ബോസിനെ ജാര്‍ഖണ്ഡ് ചീഫ് ജസ്റ്റിസും, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും ആയി നിയമിക്കാനും കൊളീജിയം ശുപാര്‍ശ ചെയ്തു.

കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താന്‍ വീണ്ടും ശുപാര്‍ശ ചെയ്യണമെന്ന് മെയ് മാസത്തില്‍ ചേര്‍ന്ന കൊളീജിയം യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ചേര്‍ന്ന മൂന്ന് യോഗങ്ങളില്‍ ശുപാര്‍ശ അയയ്ക്കാനുള്ള തീരുമാനം ഉണ്ടായില്ല. ചെലമേശ്വര്‍ വിരമിച്ച ശേഷം ജസ്റ്റിസ് എ.കെ. സിക്രിയെ ഉള്‍പ്പെടുത്തി പുന:സംഘടിപ്പിച്ച കൊളീജിയം യോഗമാണ് വീണ്ടും ശുപാര്‍ശ ചെയ്തത് . മടക്കിയ ശുപാര്‍ശ കൊളീജിയം ആവര്‍ത്തിച്ചതിനാല്‍ നിയമനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നാണ് സൂചന. അനിരുദ്ധ ബോസിനെ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് കൊളീജിയം നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ആവശ്യമായ അനുഭവപരിചയമില്ലെന്ന് ചൂണ്ടിക്കാട്ടി ശുപാര്‍ശ കേന്ദ്രം മടക്കി.

 സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.