ബിഷപ്പിനെതിരെ പീഡന പരാതി; അന്വേഷണ സംഘം ബെംഗളൂരുവില്‍; 23ന് ജലന്ധറിലേക്ക്

Saturday 21 July 2018 2:49 am IST

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കനെതിരെയുള്ള പീഡന പരാതിയെക്കുറിച്ച് പോലീസ് സംഘം ബെംഗളൂരുവില്‍ അന്വേഷണം ആരംഭിച്ചു. പരാതിക്കാരിക്കൊപ്പം കുറവിലങ്ങാട് കോണ്‍വെന്റില്‍ താമസിച്ചിരുന്ന സഹപ്രവര്‍ത്തകയില്‍ നിന്ന് മൊഴിയെടുക്കാനാണ് സംഘം എത്തിയത്. ഇവര്‍ നേരത്തേ തന്നെ സഭ വിട്ടതാണ്. ബിഷപ്പുമായിട്ടുള്ള ഭിന്നത മൂലം 18 ലധികം കന്യാസ്ത്രീകള്‍ സഭ വിട്ട് പോയെന്നാണ് വിവരം. ഇവരില്‍ കുറച്ചുപേരെയെങ്കിലും കണ്ടെത്തി മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. 

ഇനിയുള്ള അന്വേഷണത്തിന് കേരള പോലീസ് പഞ്ചാബ് പോലീസിന്റെ സഹായം തേടി. കോട്ടയം ജില്ലാ പോലീസ് ചീഫും ജലന്ധര്‍ കമ്മീഷണറും തമ്മില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. കേരളത്തിലെ അന്വേഷണം പൂര്‍ത്തിയാക്കി 23ന് ജലന്ധറിലേക്ക് പോകുമെന്നാണ്  സൂചന. ഇതോടൊപ്പം വത്തിക്കാന്‍ സ്ഥാനപതിയുടെ മൊഴിയെടുക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ബിഷപ്പിനെതിരെ വത്തിക്കാന്റെ ഇന്ത്യന്‍ സ്ഥാനപതിക്കും പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ മൊഴിയില്‍ പറഞ്ഞിരുന്നു.

ഈ മൊഴിയിലുണ്ടായിരുന്ന കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി, പാലാ ബിഷപ്, കുറവിലങ്ങാട് വികാരി എന്നിവരുടെ മൊഴിയെടുത്തു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വത്തിക്കാന്‍ സ്ഥാനപതിയുടെ മൊഴിയെടുക്കാന്‍ നീക്കം നടക്കുന്നത്. എന്നാല്‍ മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയില്‍ നിന്ന് മൊഴിയെടുക്കണമെങ്കില്‍ രാജ്യാന്തര നിയമങ്ങള്‍ പാലിച്ച് മാത്രമേ സാധിക്കൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.