ഭൂമി ഇടപാടില്‍ സുപ്രീം കോടതി; ആലഞ്ചേരിക്കെതിരെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം

Saturday 21 July 2018 2:52 am IST

ന്യൂദല്‍ഹി: സീറോ മലബാര്‍സഭ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാര്‍ക്ക് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.

കേസെടുക്കാന്‍ ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ മാര്‍ട്ടിന്‍ പയ്യമ്പള്ളി, ഷൈന്‍ വര്‍ഗ്ഗീസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആലഞ്ചേരിക്ക് പുറമേ ഫാ.ജോഷി പുതുവ, ഫാ.സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 

സഭയെ കരിതേക്കാനാണ് ഹര്‍ജിക്കാരുടെ ശ്രമമെന്ന് കര്‍ദിനാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. പ്രതി സ്ഥാനത്തു കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ള ഉന്നതരായതിനാലാണ് പോലീസ് കേസെടുക്കാത്തതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ആരോപണങ്ങള്‍ ഗൗരവമേറിയതാണ്. മറ്റു പോംവഴികള്‍ ഇല്ലാത്തതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ഇവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ വി. ഗിരി, പ്രശാന്ത് ഭൂഷന്‍ എന്നിവര്‍ വാദിച്ചു.

പോലീസിന് പരാതി നല്‍കി അടുത്ത ദിവസം തന്നെ ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ച കാര്യം കോടതി ചൂണ്ടിക്കാട്ടി. മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം നല്‍കി കേസെടുക്കാന്‍ ആവശ്യപ്പെടാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.