മഴയില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു

Saturday 21 July 2018 2:53 am IST

പുതുക്കാട്: കനത്ത മഴയില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു. എരിപ്പോട് ചേനക്കാല അയ്യപ്പന്‍ (70), മകന്‍ ബാബു (45) എന്നിവരാണ് മരിച്ചത്. വീട് തകര്‍ന്നു കിടക്കുന്നത് കണ്ട നാട്ടുകാരും  ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

അയ്യപ്പന്റെ മൃതദേഹം വീടിനുള്ളിലും ബാബുവിന്റേത് വരാന്തയിലുമാണ് കിടന്നിരുന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് നനഞ്ഞ് കുതിര്‍ന്ന ഇഷ്ടികകളും ഓടുകളും വീണ് ശ്വാസം കിട്ടാതെയാണ് മരിച്ചത്. വീട്ടില്‍ ഇവര്‍ മാത്രമാണുണ്ടായിരുന്നത്. മണ്ണിഷ്ടികയില്‍ പണിത വീടിന്റെ കാലപ്പഴക്കവും വെള്ളക്കെട്ടുമാണ് വീട് തകരാന്‍ കാരണം. 

ജീര്‍ണാവസ്ഥയിലായ വീട്ടില്‍ നിന്ന് അയ്യപ്പന്റെ ഭാര്യ തങ്കയെ കാക്കനാടുള്ള ആശ്രമത്തിലേക്ക് മാറ്റിയിരുന്നു. കളമശേരിയിലുള്ള സഹോദരിയുടെ വീട്ടില്‍ നിന്ന് ബാബു രണ്ടു ദിവസം മുന്‍പാണ് ഇവിടെയെത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്ന് ബാബുവിന്റെ ഭാര്യയും മക്കളും മറ്റൊരു വീട്ടിലാണ് താമസം.

പുതുക്കാട് സിഐ എസ്പി സുധീരന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. മന്ത്രി സി. രവീന്ദ്രനാഥ് സംഭവസ്ഥലം സന്ദര്‍ശിച്ചു. പുതുക്കാട് ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ വി. മുരളീധരന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇരുവരുടെയും സംസ്‌കാരം നടത്തി. ബാബുവിന്റെ ഭാര്യ: ലതി. മക്കള്‍: ഭവിന്‍, ഭവ്യ. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.