രാജ്യത്തിന് ഒരു യുവരാജാവ്

Saturday 21 July 2018 2:57 am IST

ഭരതനും ശത്രുഘ്‌നനും കേകയത്തില്‍ തങ്ങളുടെ മാതുലനായ യുധാജിത്തില്‍ നിന്നും സ്‌നേഹവും ലാളനയും ഏറ്റുവാങ്ങിക്കൊണ്ട് സന്തുഷ്ടരായിക്കഴിയുമ്പോഴും അവര്‍ തങ്ങളുടെ വൃദ്ധ പിതാവിനെ ഓര്‍ക്കുമായിരുന്നു. ദശരഥ മഹാരാജാവ് ഇന്ദ്രനും വരുണനും പോലെയുള്ള തന്റെ പുത്രന്മാരെ എപ്പോഴും ഓര്‍ത്തിരുന്നു. അദ്ദേഹത്തിന് നാലുപുത്രന്മാരും പ്രിയപ്പെട്ടവരായിരുന്നു. എങ്കിലും രാമന്‍ പിതാവിന് അത്യാനന്ദത്തെയാണ് നല്‍കിയിരുന്നത്. കാരണം രാവണ വധത്തിനായി ദേവന്മാരാല്‍ പ്രാര്‍ത്ഥിക്കപ്പെട്ടതിന്റെ ഫലമായി വിഷ്ണു സ്വയം മര്‍ത്ത്യലോകത്തില്‍ അവതരിച്ചതാണ് രാമന്‍. ഈ പുത്രനോടൊപ്പം മാതാവായ കൗസല്യ ഇന്ദ്രനോടൊപ്പമുള്ള അദിതിയെന്നപോലെ ശോഭിച്ചിരുന്നു.

രാമന്‍ രൂപലാവണ്യമുള്ളവനും ധീരനും ദോഷദൃക്കല്ലാത്തവനുമായിരുന്നു. പുത്രനെന്ന നിലയില്‍ അനുപമനും ശാന്തഗംഭീരനുമായിരുന്ന രാമന്‍ ദശരഥന്റെ പ്രതിരൂപവുമായിരുന്നു. ഒരിക്കലും അസത്യം പറയാത്ത ഈ പുത്രന്‍ എപ്പോഴും മുതിര്‍ന്നവരെ ആദരിച്ചിരുന്നു. ജനങ്ങളെ സ്‌നേഹിച്ചിരുന്ന രാമനെ ജനങ്ങളും അതിരറ്റു സ്‌നേഹിച്ചു. എല്ലാ വേദശാസ്ത്രങ്ങളിലും പാരംഗതനായിരുന്ന രാമന്‍ ആയുധങ്ങളുടെ പ്രയോഗത്തിലും ഒന്നാമനായിരുന്നു. രാജ്യതന്ത്രത്തിലും യുദ്ധതന്ത്രത്തിലും രാമന്‍ ആരുടേയും പിന്നിലായിരുന്നില്ല. എല്ലാ ഉദാത്തഗുണങ്ങളുടേയും ഖനിയായിരുന്ന രാമനെ തന്റെ ഈ ജന്മത്തില്‍ തന്നെ രാജാവായി കിരീടധാരണം ചെയ്യിക്കുന്നത് എങ്ങനെയാണ്, ഈ ആഹ്‌ളാദകരമായ കാര്യം എപ്പോഴാണു സാധിക്കുക, തന്റെ പ്രിയപുത്രനെ എന്നാണു യുവരാജാവായി കാണുക എന്നിങ്ങനെ ദശരഥന്‍ ചിന്തിക്കുകയുണ്ടായി.

ഇക്കാര്യങ്ങള്‍ തന്റെ മന്ത്രിമാരുമായി ചര്‍ച്ച ചെയ്തശേഷം രാമനെ യുവരാജാവായി അഭിഷേകം ചെയ്യാമെന്ന് ദശരഥന്‍ നിശ്ചയിച്ചു. രാജ്യത്തിനകത്തും പുറത്തും നിന്ന് അനേകം വിശിഷ്ടവ്യക്തികളെ അയോദ്ധ്യയിലെ സഭയിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ മിഥിലയിലേയും കേകയത്തിലേയും രാജാക്കന്മാരെ എന്തുകൊണ്ടോ ഇതിലേക്കു ക്ഷണിക്കുകയുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. ഇത് ഈശ്വരനിശ്ചയമാകാം.

(തുടരും)

വി.എന്‍.എസ്. പിള്ള

9496166416

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.