അഞ്ചുകാരണങ്ങളും പ്രവൃത്തിയുടെ കാരണങ്ങളാകുന്നത് എങ്ങനെ?

Saturday 21 July 2018 2:59 am IST

ശരീര, വാങ്മനോഭിഃകര്‍മ 

അധ്യായം-18 

15-ാം ശ്ലോകം

നമ്മുടെ ബാഹ്യദൃഷ്ടിയില്‍ കര്‍മം ചെയ്യുന്നത് വ്യക്തിപുരുഷനാണ്; ജീവാത്മാവണ്. പക്ഷേ, കര്‍മങ്ങള്‍ ശരീരംകൊണ്ടു ചെയ്യുന്നവ (=ശാരീരം) മനസ്സുകൊണ്ടു ചെയ്യുന്നവ (=മാനസികം) വാക്കുകൊണ്ട് (വാചികം) എന്നിങ്ങനെ മൂന്നുവിധത്തില്‍ സംഭവിക്കുന്നു. ഇവയില്‍ ശാരീരികമായ കര്‍മങ്ങള്‍ക്ക് ജീവാത്മാവിനു നേരിട്ടു കര്‍ത്തൃത്വമില്ല. തുമ്മുക, കോട്ടുവായിടുക മുതലായ പ്രവൃത്തികളും ശ്വാസം വലിക്കുക, പുറത്തുകളയുക, കണ്ണ് അടയ്ക്കുക തുറക്കുക എന്നീ പ്രവൃത്തികളും ശരീരത്തിന്റെ സ്വാഭാവിക പ്രവൃത്തികളാണ്; ജീവന് നേരിട്ടു കര്‍ത്തൃത്വമില്ല, ബുദ്ധിപൂര്‍വ്വകമായ പ്രവൃത്തികളല്ല എന്നു താല്‍പര്യം.

''യദ്ധിമനസാ ധ്യായതി,

തദ്വാചാ വദതി

തത്കര്‍മ്മണാ കരോതി'' (വേദം)

(=മനസ്സുകൊണ്ട് ചിന്തിച്ചുറപ്പിച്ചതിനുശേഷം വാക്കുകൊണ്ടു പറയുന്നു, കര്‍മ്മംകൊണ്ട് ചേഷ്ടകള്‍കൊണ്ട് പ്രവൃത്തിക്കുന്നു) ഇങ്ങനെ ബുദ്ധിപൂര്‍വകമായ എന്നും ബുദ്ധിപൂര്‍വകമല്ലാത്തവ എന്നിങ്ങനെ കര്‍മങ്ങള്‍ രണ്ടുവിധമാണ് ശരീരത്തിനുള്ളത്. കര്‍മ്മങ്ങള്‍ വേറെ വിധത്തിലും ഉണ്ട്.

ന്യായ്യം വാ, വിപരീതം വാ

ശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുള്ളവയും ധര്‍മാനുസൃതവുമായ കര്‍മങ്ങള്‍ എന്നും (=ന്യായ്യംവാ) ശാസ്ത്രങ്ങളില്‍ വിധിക്കാത്തവയും അധാര്‍മികവുമായ കര്‍മങ്ങള്‍ (=വിപരീതം വാ) - എന്നും രണ്ടുവിധം.

തസ്യ ഏതേ പഞ്ചഹേതവഃ

ഇങ്ങനെയുള്ള എല്ലാ വിധത്തിലുള്ള കര്‍മ്മങ്ങളുടെയും ''അധിഷ്ഠാനം തഥാകര്‍ത്താ''-എന്ന് 14-ാം ശ്ലോകത്തില്‍ പറഞ്ഞ കാരണങ്ങളില്‍ വച്ച് ദൈവജ്ഞ  ചവാത്രപഞ്ച മം' എന്ന് പറഞ്ഞ പരമാത്മാവായ ഭഗവാന്റെ സാന്നിദ്ധ്യം തന്നെയാണ് പ്രധാന ഹേതു എന്ന് മനസ്സിലാക്കണം.

അപ്പോള്‍ 

ജീവാത്മാവല്ലേ 

കര്‍മ്മങ്ങളുടെ 

കര്‍ത്താവ്? 

അധ്യായം-18-16-ാം ശ്ലോകം

തത്ര ഏവം സതി- ഏതുതരം കര്‍മങ്ങളുടെയും കാരണങ്ങളുടെയും 14-ാം ശ്ലോകത്തില്‍ വിവരിച്ച അഞ്ചുകാരണങ്ങളില്‍ ആദ്യത്തെ നാലുകാരണങ്ങളും പ്രത്യക്ഷമായ കാരണങ്ങള്‍ തന്നെയെന്ന്  മനസ്സിലാക്കാനും കഴിയും. ബാഹ്യമായ ആ കാരണങ്ങള്‍ക്ക് പ്രവര്‍ത്തന ശക്തി കൊടുക്കുന്നത് അഞ്ചാമത്തെ കാരണമായ-ഈശ്വരന്‍-തന്നെയാണ് എന്ന യാഥാര്‍ത്ഥ്യം-പരമാത്മാവായ ഭഗവാന്‍ തന്നെയാണ് എന്ന വസ്തുത ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും ആരും ഒരുങ്ങുന്നില്ല.

ആത്മാനം കേവലം കര്‍ത്താരംപശ്യതി (18-16)

ഞാന്‍ പോയി; ഞാന്‍ വന്നു; ഞാന്‍ കളിച്ചു. ഞാന്‍ ആഹാരം കഴിച്ചു; ഞാന്‍ അങ്ങനെ വിചാരിച്ചു. ഇങ്ങനെ ഇന്ദ്രിയങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും കര്‍തൃത്വം എനിക്കു തന്നെയാണ് എന്ന് മനസ്സിലാക്കുന്നു. എല്ലാ അവയവങ്ങളും ഇന്ദ്രിയങ്ങളും എന്റേതാണ് എന്നു തെറ്റിദ്ധരിക്കുന്നു.

അകൃത ബുദ്ധി ത്വാല്‍

ജീവാത്മ-പരമാത്മാക്കളുടെ യാഥാര്‍ത്ഥ്യവും ഭൗതിക പ്രപഞ്ചത്തിന്റെയും നമ്മുടെ ദേഹങ്ങളുടെയും ഇന്ദ്രിയങ്ങളുടെയും യാഥാര്‍ത്ഥ്യവും വേദാന്ത ശാസ്ത്രങ്ങളില്‍നിന്നും ഗുരുനാഥന്മാരില്‍നിന്നും വേര്‍തിരിച്ച് മനസ്സിലാക്കാത്തതുകൊണ്ടാണ് നമുക്ക് ഈ തെറ്റിദ്ധാരണ വന്നുചേരുന്നത്.

 പരമാത്മാവായി ഭഗവാന്‍ നമ്മുടെ ഹൃദയത്തില്‍ നില്‍ക്കുന്നില്ലെങ്കില്‍ നമുക്ക് ഒരു കര്‍മവും ചെയ്യാന്‍ കഴിയില്ല.

അത്തരം ആള്‍ ദുര്‍മ്മതിയാണ് (18-16)

ഗീതയും ശ്രീമദ് ഭാഗവതവും അധ്യയനം ചെയ്തു ഗുരുനാഥന്മാരില്‍ നിന്നും ഭഗവത്തത്ത്വജ്ഞാനം നേടാത്തവന്റെ ബുദ്ധി യഥാര്‍ത്ഥാവസ്ഥ മനസ്സിലാക്കാന്‍ ഒരുങ്ങുകയില്ല. അത്തരം ബുദ്ധിയുള്ള വ്യക്തിയെ ഭഗവാന്‍ ദുര്‍മ്മതി എന്നുവിളിക്കുന്നു. യാഥാര്‍ത്ഥ്യം മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്തവന്‍ എന്നും അവിവേകി എന്നും ദുഷ്ടബുദ്ധി എന്നും അര്‍ത്ഥം.

കാനപ്രം കേശവന്‍ നമ്പൂതിരി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.