പിഎസ്‌സിയുടെ 70 ശതമാനം പരീക്ഷകള്‍ ഓണ്‍ലൈനിലേക്ക്

Saturday 21 July 2018 3:03 am IST

കോഴിക്കോട്:  കേരള പബ്ലിക് സര്‍വിസ് കമ്മിഷന്റെ എഴുപത് ശതമാനം പരീക്ഷകളും ആറുമാസത്തിനകം ഓണ്‍ലൈനാക്കുമെന്ന് ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍. കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതുന്ന എല്‍ഡിസി, പോലീസ് തുടങ്ങിയ തസ്തിക ഒഴുകെയുള്ളവ ഓണ്‍ലൈന്‍ പരീക്ഷയാക്കും. പിഎസ്സി ഓഫീസുകളില്‍ ഇപ്പോള്‍ 3600 പേര്‍ക്ക് ഓണ്‍ലൈനായി പരീക്ഷ എഴുതാന്‍ സംവിധാനമുണ്ട്. സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, ഐടിഐകള്‍, സി-ഡിറ്റ് സെന്ററുകള്‍ തുടങ്ങിയവയുടെ സാങ്കേതിക സംവിധാനങ്ങളും കൂടി ഉപയോഗപ്പെടുത്തി 40,000 പേര്‍ക്ക് ഓണ്‍ലൈനായി പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്നും എം.കെ. സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിവരണാത്മക പരീക്ഷയില്‍ മൂല്യനിര്‍ണയത്തിനായി രാജസ്ഥാനില്‍ നടപ്പാക്കി വിജയിച്ച ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനം കൊണ്ടുവരും. സംസ്ഥാനത്തെ ആരോഗ്യവകുപ്പില്‍ ഉള്‍പ്പെടെ താത്കാലിക ജീവനക്കാരെ നിയമിക്കാതെ  സ്ഥിരം ജീവനക്കാരെ നിയമിക്കാന്‍ കഴിയുന്ന തരത്തിലേക്ക് മാറും. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നിയമനത്തിനുള്ള പരീക്ഷകളുടെ നടത്തിപ്പിന് പിഎസ്‌സി സജ്ജമാണ്. ആദിവാസി ഊരുകളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് നടത്താനുള്ള തീരുമാനം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ അവസരം ഉറപ്പുവരുത്താനാണെന്നും സക്കീര്‍ പറഞ്ഞു.

ഗൈഡിലെ ചോദ്യങ്ങളില്‍ ഒന്നും ചെയ്യാനില്ല

പിഎസ്സി പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രത്യേക ഗൈഡില്‍ നിന്നും ആവര്‍ത്തിക്കുന്നതിനെതിരെ പിഎസ്‌സിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.  ചോദ്യം തയാറാക്കുന്ന അധ്യാപകസമൂഹം സഹകരിക്കുകയും ഉദ്യോഗാര്‍ഥികളോട് നീതിപുലര്‍ത്തുകയും ചെയ്താല്‍ മാത്രമേ പരിഹാരം കാണാനാകൂ. പിഎസ്സിയ്ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം രണ്ട് പരീക്ഷ നടത്തുകയെന്നതാണ്. പ്രിലിമിനറി പരീക്ഷയ്ക്ക് ശേഷം മറ്റൊരു പരീക്ഷ കൂടി നടത്തുന്നതോടെ ഇത്തരം പരാതികള്‍ ഇല്ലാതാക്കാനാകും. എന്നാല്‍ രണ്ട് പരീക്ഷകള്‍ നടത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ മൂന്ന് വര്‍ഷങ്ങമെടുക്കുമെന്നതാണ് പ്രശ്‌നമെന്നും സക്കീര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.