സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ റിപ്പോര്‍ട്ട് ബിജെപി തയാറാക്കുന്നു

Saturday 21 July 2018 3:04 am IST

കൊച്ചി: കേരളത്തില്‍ സര്‍ക്കാരിന്റെ അലംഭാവം മൂലം മുടങ്ങിക്കിടക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കി കേന്ദ്രഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച നിവേദനം വേണ്ടത്ര പഠനം നടത്താതെ തട്ടിക്കൂട്ടി തയാറാക്കിയ ഒന്നായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

റേഷന്‍ അരിവിഹിതവുമായി ബന്ധപ്പെട്ട് 2013ലെ ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കത്തതിലാണ് അപാകത. 1966ലെ സ്റ്റാറ്റിയുട്ടറി റേഷന്‍ സംവിധാനം വഴി നല്‍കിയ അരിയുടെ അളവ് 24 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 16 ലക്ഷം മെട്രിക് ടണ്ണായി  കുറച്ചത് 1997 -98 കാലത്താണ്. എന്നാല്‍ സംസ്ഥാനത്തിന്റെ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകാത്തത് കൊണ്ടാണ് റേഷന്‍ സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയായത്.

കഞ്ചിക്കോട് റെയില്‍വെ പദ്ധതിയുടെ നടപടികളാരംഭിച്ചത് 2009ലാണ്. എന്നാല്‍  സ്ഥലം ഏറ്റെടുക്കല്‍ അടക്കം ആരംഭിച്ചത് 2012ലാണ്. ഇത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വീഴ്ചയാണ്. ഇത് ബിജെപിയുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.

മുദ്രാലോണ്‍ പദ്ധതി പ്രകാരം കേരളത്തിലെ 45 ലക്ഷം ജനങ്ങള്‍ക്ക് 22,000 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ഉജ്ജ്വല്‍ പദ്ധതി പ്രകാരം 78,000 കണക്ഷനും എല്‍ഇഡി ബള്‍ബ് വിതരണത്തിന് ഒന്നരക്കോടിയും ജന്റം പദ്ധതിക്ക് 75 കോടിയും സ്വച്ച് ഭാരത് പദ്ധതിക്ക് 44 കോടിയും  കേരളത്തിന് നല്‍കിയിട്ടുണ്ട്. 

നിവേദനത്തിനു മറുപടിയായി പ്രധാനമന്ത്രി പറഞ്ഞതായി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് സര്‍വകക്ഷി സംഘത്തിനൊപ്പം പ്രധാനമന്ത്രിയെക്കണ്ട രാധാകൃഷ്ണന്‍ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനു കീഴില്‍നിന്നു കേരളത്തിന് അനുവദിക്കാവുന്ന എല്ലാ സഹായങ്ങളും മോദി സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. അതിന്റെ കണക്കെടുത്താല്‍ കേരളപ്പിറവിക്കുശേഷം ഇത്രയേറെ കേന്ദ്രസഹായം ലഭിച്ച കാലമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

കരിപ്പൂര്‍ വിമാനത്താവളത്തെക്കുറിച്ച് നിവേദനത്തില്‍ പരാമര്‍ശമേയുണ്ടായിരുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചപ്പോഴാണ് പ്രധാനമന്ത്രി അതിനു മറുപടി പറഞ്ഞതെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.