പിണറായി കൂട്ടക്കൊല: അമ്മയെ കൊന്ന കേസില്‍ സൗമ്യയ്ക്ക് കുറ്റപത്രം

Saturday 21 July 2018 3:07 am IST

തലശ്ശേരി: പിണറായി പടന്നക്കരയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന  കേസിലെ  പ്രതി വണ്ണത്താന്‍ വീട്ടില്‍ സൗമ്യക്കെതിരെ  തലശ്ശേരി സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സൗമ്യയുടെ അമ്മ വണ്ണത്താന്‍ വീട്ടില്‍ കമല (59)യെ കൊന്ന  കേസിലാണ് എണ്ണൂറ് പേജുള്ള കുറ്റപത്രവും 59 സാക്ഷികളുടെ പട്ടികയും കേസ് അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ എം.പി.ആസാദ്  സമര്‍പ്പിച്ചത്. 

 സംഭവത്തില്‍ സൗമ്യ മാത്രമാണ് ഉത്തരവാദിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രണ്ടു കേസുകളാണുള്ളത്.സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ (70) നെയും മക്കളെയും കൊന്ന കേസില്‍ ഈ മാസം മുപ്പതിന് മുമ്പായി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സിഐ പറഞ്ഞു.  ഏപ്രീല്‍ 24 നാണ് സൗമ്യയെ  കോടതിയില്‍ ഹാജരാക്കിയത്. സൗമ്യ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. 2018 മാര്‍ച്ച് 7നാണ് കമലം ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 

സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്റെയും(80) മകള്‍ ഐശ്വര്യയുടെയും(ഒന്‍പത്) കൊലപാതകത്തില്‍ 30നു കുറ്റപത്രം നല്‍കും. സൗമ്യയുടെ വഴിവിട്ട ജീവിതത്തിനു തടസ്സമായി നിന്നതാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മകളെയും മാതാപിതാക്കളെയും ഒഴിവാക്കി വഴിവിട്ട ജീവിതം തുടരാനാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും സംശയമുണ്ടാകാതിരിക്കാന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 

മകള്‍ക്ക് ചോറിലും മത്സ്യത്തിലും മാതാപിതാക്കള്‍ക്കു രസത്തിലും എലിവിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ കഴിഞ്ഞ ഏപ്രില്‍ 24നാണ് തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രന്‍ സൗമ്യയെ അറസ്റ്റ് ചെയ്തത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.