അബദ്ധം, കെട്ടിപ്പിടുത്തം, കണ്ണിറുക്കല്‍... കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് രാഹുല്‍ ഗാന്ധി

Friday 20 July 2018 8:46 pm IST

ന്യൂദല്‍ഹി: സര്‍ക്കാരിനെ വീഴ്ത്താനാവില്ലെങ്കിലും മോദി സര്‍ക്കാരിനെ 'തുറന്നുകാട്ടാനും' ബിജെപിക്കെതിരെ രാഷ്ട്രീയ പ്രചാരണത്തിന്റെ പോര്‍മുഖം തുറക്കാനും സാധിക്കും എന്നായിരുന്നു രാവിലെ അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കായി പാര്‍ലമെന്റില്‍ എത്തുമ്പോള്‍ കോണ്‍ഗ്രസ് പ്രതീക്ഷിച്ചത്. നിര്‍ണായക സമയത്ത് അധ്യക്ഷനെ മാറ്റിനിര്‍ത്തിയാല്‍ അത് വിവാദമാകുമെന്ന് കണ്ട് രാഹുലിനെത്തന്നെ കോണ്‍ഗ്രസ് രംഗത്തിറക്കുകയും ചെയ്തു. എന്നാല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ്സിന്റെയും പ്രതിപക്ഷത്തിന്റെയും പ്രതീക്ഷകള്‍ രാഹുലിന്റെ പ്രസംഗത്തോടെ തകര്‍ന്നടിയുന്ന കാഴ്ചയാണ് ലോക്‌സഭയില്‍ കണ്ടത്. ''15 മിനിട്ട് തരൂ, ഞാന്‍ സംസാരിച്ചാല്‍ സഭയില്‍ ഭൂകമ്പമുണ്ടാകു''മെന്ന് ഏറെ നാള്‍ മുന്‍പ് അവകാശപ്പെട്ടിരുന്ന രാഹുല്‍ ഗൃഹപാഠം ചെയ്താണ് എത്തിയെങ്കിലും തുടക്കം മുതല്‍ ഒടുക്കം വരെ പിഴച്ചു. 

റാഫേല്‍ ഇടപാട്

രാഹുലിന്റെ പ്രസംഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരോപണം ഇന്ത്യ ഫ്രാന്‍സുമായുണ്ടാക്കിയ റാഫേല്‍ ആയുധ ഇടപാടാണ്. ഏതാനും മാസങ്ങളായി കോണ്‍ഗ്രസ് റാഫേല്‍ ഇടപാട് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുണ്ട്. ഇതിന് കൃത്യമായി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഉള്‍പ്പെടെയുള്ളവര്‍ മറുപടിയും നല്‍കിയിട്ടുണ്ട്. എന്നിട്ടും പ്രസംഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരോപണത്തില്‍ രാഹുലിന് അബദ്ധം പിണഞ്ഞു.

 റാഫേല്‍ ഇടപാടില്‍ പ്രധാമന്ത്രി രാജ്യത്തോട് കള്ളം പറഞ്ഞെന്നായിരുന്നു രാഹുല്‍ കുറ്റപ്പെടുത്തിയത്. വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. രഹസ്യ ഉടമ്പടികളില്ലെന്ന് ഫ്രഞ്ച് പ്രസിഡണ്ട് തന്നോട് പറഞ്ഞതായും രാഹുല്‍ അവകാശപ്പെട്ടു. 

 രാഹുലിന് പ്രതിരോധമന്ത്രി മറുപടി പറഞ്ഞതിന് പിന്നാലെയെത്തിയ ഫ്രാന്‍സിന്റെ വിശദീകരണം രാഷ്ട്രീയ നേതാവെന്ന നിലയില്‍ രാഹുലിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. 2008ല്‍ ഒപ്പിട്ട കരാറില്‍ രഹസ്യങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ഉടമ്പടിയുണ്ടെന്ന് ഫ്രാന്‍സ് വ്യക്തമാക്കി. 2008ല്‍ കരാര്‍ ഒപ്പിട്ടത് അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ്. അപ്പോള്‍ രാഹുല്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. ഫ്രഞ്ച് പ്രസിഡണ്ട് തന്നോട് നേരിട്ടു പറഞ്ഞുവെന്ന രാഹുലിന്റെ കള്ളവും പൊളിഞ്ഞു. എന്നാല്‍ കയ്യോടെ പിടിക്കപ്പെട്ടിട്ടും പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍. ഇതാണോ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ച് തന്റേത് കോണ്‍ഗ്രസ് സംസ്‌കാരമെന്ന് പറഞ്ഞ രാഹുലിന്റെ സംസ്‌കാരം?. 

കെട്ടിടുത്തം, കണ്ണിറുക്കല്‍

രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചെന്നാണ് 'മനോരമ' ഉള്‍പ്പെടെയുള്ള മലയാള മാധ്യമങ്ങള്‍ തള്ളുമ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ രാഹുല്‍ കോമഡി കഥാപാത്രമായി മാറിക്കഴിഞ്ഞു. പ്രസംഗത്തിന് ശേഷം മോദിയെ കെട്ടിപ്പിടിച്ചതും കണ്ണിറുക്കിയതും ആരോപണത്തിന്റെ ഗൗരവം ചോര്‍ത്തിക്കളഞ്ഞുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിലയിരുത്തുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കോണ്‍ഗ്രസ്സിന്റെ ട്വീറ്റ്. ''കെട്ടിപ്പിടുത്തവും കണ്ണിറുക്കലും മാത്രമല്ല, രാഹുല്‍ ഗൗരവകരമായ ചില ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതൊന്ന് കാണൂ'' എന്നായിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലെ അഭ്യര്‍ത്ഥ. പ്രതിപക്ഷം ചര്‍ച്ചയാക്കാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ കെട്ടിപ്പിടുത്തതിലും കണ്ണിറുക്കലിലും ചര്‍ച്ച കേന്ദ്രീകരിച്ചതോടെ മുങ്ങിപ്പോയി. സമൂഹമാധ്യമങ്ങളില്‍ രാഹുലിനെതിരെ ട്രോളുകള്‍ പ്രവഹിക്കുകയാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.