വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വലച്ച് പാതിരാത്രി കലക്ടറുടെ അവധി പ്രഖ്യാപനം

Friday 20 July 2018 9:07 pm IST

 

കണ്ണൂര്‍: വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വലച്ച് പാതിരാത്രി കലക്ടറുടെ അവധി പ്രഖ്യാപനം. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചത് ഇന്നലെ രാത്രി 11.50ന്. അവധി വാര്‍ത്തയറിയാതെ ഇന്നലെ രാവിലെ കനത്ത മഴയത്ത് പല സ്ഥലത്തും വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തി. കണ്ണൂര്‍ സര്‍വകലാശാല ഇന്നലെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റാന്‍ തീരുമാനിച്ചത് രാവിലെ ഏഴിന്. ഇന്നലെ പകല്‍ മുഴുവന്‍ ജില്ലയില്‍ കനത്ത മഴയായിരുന്നിട്ടും അവധി പ്രഖ്യാപിക്കാന്‍ പാതിരാത്രി വരെ കലക്ടര്‍ കാത്തിരുന്നത് എന്തിനാണെന്നാണ് രക്ഷിതാക്കളുടെ ചോദ്യം.

പാതിരാത്രി ഫെയ്‌സ് ബുക്ക് പോള്‍ നടത്തിയാണു കലക്ടര്‍ ജില്ലയിലെ മഴയളന്നത്. നിങ്ങളുടെ നാട്ടില്‍ കനത്ത മഴയാണോ അതോ ചെറിയ മഴയാണോ എന്നായിരുന്നു വോട്ടെടുപ്പില്‍ കലക്ടറുടെ ചോദ്യം. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 86 ശതമാനം പേരും കനത്ത മഴയെന്നു രേഖപ്പെടുത്തിയതോടെയാണ് രാത്രി 11.50 ന് കലക്ടര്‍ ഫെയ്‌സ് ബുക്കിലൂടെ അവധി പ്രഖ്യാപിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ തലവന് ജില്ലയില്‍ മഴയുണ്ടോയെന്നറിയാന്‍ ഫെയ്‌സ് ബുക്ക് പോള്‍ നടത്തണോയെന്നും നാട്ടുകാര്‍ ചോദിക്കുന്നു.

പ്രാക്ടിക്കല്‍ ഉള്‍പ്പെടെ ഒട്ടേറെ പരീക്ഷകളാണ് കണ്ണൂര്‍ സര്‍വകലാശാല ഇന്നലെ നിശ്ചയിച്ചിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചത് രാവിലെ അറിഞ്ഞയുടന്‍ പരീക്ഷാവിഭാഗം അടിയന്തര യോഗം ചേര്‍ന്ന് പരീക്ഷകള്‍ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതറിയാതെ മിക്ക വിദ്യാര്‍ഥികളും രാവിലെ പരീക്ഷയ്‌ക്കെത്തി. കഴിഞ്ഞ മാസവും നേരം തെറ്റിയുള്ള കലക്ടറുടെ അവധി പ്രഖ്യാപനം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വിഷമവൃത്തത്തിലാക്കിയിരുന്നു. വാഹനങ്ങളില്‍ സ്‌കൂളുകളിലെത്തിയ കുട്ടികളെ തിരികെക്കൊണ്ടുപോകാന്‍ വാഹനങ്ങള്‍ ക്രമീകരിക്കാനും അവധി വിവരം രക്ഷിതാക്കളെ അറിയിക്കാനും സ്‌കൂള്‍ അധികൃതര്‍ ഏറെ ബുദ്ധിമുട്ടി. മിക്ക സ്‌കൂളുകളിലും ഉച്ചഭക്ഷണത്തിനുള്ള അരി പാകം ചെയ്തു തുടങ്ങിയിരുന്നു. ഇതോടെ ഭക്ഷണം നല്‍കിയശേഷമാണ് കുട്ടികളെ സ്‌കുളുകളില്‍നിന്നു വിട്ടയച്ചത്. കുട്ടികളെ സ്‌കൂളില്‍ വിട്ടശേഷം ജോലിക്കുപോയ രക്ഷിതാക്കളും അന്നത്തെ അവധി പ്രഖ്യാപനത്തില്‍ ബുദ്ധിമുട്ടി.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.