കാലവര്‍ഷം: വീടുകള്‍ക്കുണ്ടായ നഷ്ടം: രണ്ട് ദിവസത്തിനകം കണക്കാക്കി നല്‍കാന്‍ നിര്‍ദ്ദേശം

Friday 20 July 2018 9:08 pm IST

 

കണ്ണൂര്‍: കാലവര്‍ഷക്കെടുതി മൂലം ജില്ലയില്‍ തകര്‍ന്ന വീടുകളുടെ നഷ്ടം രണ്ട് ദിവസത്തിനകം കണക്കാക്കി വില്ലേജ് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാന്‍ തദ്ദേശ സ്ഥാപന ഓവര്‍സിയര്‍മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാതല ദുരന്തനിവാരണ സമിതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഈ വര്‍ഷം കാലവര്‍ഷം ആരംഭിച്ച മെയ് 29 മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 30 വീടുകള്‍ പൂര്‍ണമായും 1269 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് കണക്കുകള്‍. ഇവയ്ക്കുള്ള നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കുന്നതിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. പലയിടങ്ങളിലും നഷ്ടപരിഹാര വിതരണം പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. 

വൈദ്യുതി വിതരണ സംവിധാനത്തില്‍ ഇതുവരെയില്ലാത്ത നാശനഷ്ടങ്ങളാണ് ഇക്കൊല്ലം ജില്ലയിലുണ്ടായതെന്ന് യോഗം വിലയിരുത്തി. 336 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2306 ലോ ടെന്‍ഷന്‍ പോസ്റ്റുകളും ആറു ട്രാന്‍സ്‌ഫോമറുകളുമാണ് കാറ്റിലും മഴയിലും തകര്‍ന്നത്. ഇതുകാരണം 1,80,000ത്തിലേറെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങി. എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് തകരാറുകള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങിയതെന്ന് യോഗം വിലയിരുത്തി. സര്‍വീസില്‍ നിന്ന് വിരമിച്ച ആളുകളെ കൂടി ഉപയോഗപ്പെടുത്തിയാണ് തകരാറുകള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടത്. പ്രശ്‌നങ്ങള്‍ രൂക്ഷമായ സ്ഥലങ്ങളിലേക്ക് മറ്റിടങ്ങളില്‍ നിന്ന് ജീവനക്കാരെ വിന്യസിച്ചു. രാപ്പകല്‍ ഭേദമില്ലാതെയുള്ള ഇവരുടെ പരിശ്രമം മൂലം 90 ശതമാനത്തിലേറെ തകരാറുകളും പരിഹരിക്കാനായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബാക്കിയുള്ള സ്ഥലങ്ങളില്‍ രണ്ട് ദിവസത്തിനകം പരിഹരിക്കും. 

ജനങ്ങളില്‍ നിന്ന് പൊതുവെ നല്ല സഹകരണമാണ് ലഭിക്കുന്നതെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ജീവനക്കാരുടെ സുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള സമ്മര്‍ദ്ദങ്ങളും ഉണ്ടാവുന്നുണ്ട്. അടിയന്തര സാഹചര്യം മനസ്സിലാക്കി ജീവനക്കാര്‍ക്ക് പരമാവധി സഹകരണം നല്‍കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. യോഗത്തില്‍ സബ്കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

കാലവര്‍ഷം: ജില്ലയില്‍ 48.5 കോടിയുടെ നാശനഷ്ടം

 കാലവര്‍ഷക്കെടുതി മൂലം ജില്ലയില്‍ വിവിധ മേഖലകളിലായി 48.54 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്കുകള്‍. കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്നുണ്ടായ കാറ്റിലും മഴയിലുമാണ് ജില്ലയില്‍ വ്യാപക നാശനഷ്ടമുണ്ടായത്. ഇതുവരെ 16 പേര്‍ക്ക് മഴക്കെടുതിയുടെ ഭാഗമായി ജീവന്‍ നഷ്ടമായി. നിരവധി വീടുകളും കൃഷിയിടങ്ങളും റോഡുകളും നശിച്ചു. ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി വിതരണ ശൃംഖലയ്ക്കുണ്ടായ തകരാറുകളെ തുടര്‍ന്ന് കോടികളുടെ നാശനഷ്ടമാണ് ജില്ലയിലുണ്ടായത്. 

പൂര്‍ണ്ണമായി തകര്‍ന്നത് 30 വീടുകള്‍, ഭാഗികമായി തകര്‍ന്നവ 1269 

 ഇത്തവണ കാലവര്‍ഷം ആരംഭിച്ച മെയ് 29 മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 30 വീടുകള്‍ പൂര്‍ണമായും 1269 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 3.5 കോടിയിലേറെ രൂപയുടെ നഷ്ടമാണ് വീടുകള്‍ തകര്‍ന്നതിലൂടെ മാത്രം ഉണ്ടായതായി കണക്കാക്കിയിരിക്കുന്നത്. ഇരിട്ടി മേഖലയിലാണ് എറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. ഇവിടെ 23 വീടുകള്‍ പൂര്‍ണ്ണമായും 247 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കണ്ണൂര്‍ താലൂക്കില്‍ 400 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. തലശ്ശേരി താലൂക്കില്‍ 184 വീടുകള്‍ ഭാഗികമായും തളിപ്പറമ്പ് താലൂക്കില്‍ 5 വീടുകള്‍ പൂര്‍ണ്ണമായും 240 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പയ്യന്നൂര്‍ താലൂക്കില്‍ 198 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. ഇതിനു പുറമെ കിണറുകള്‍, തൊഴുത്തുകള്‍ എന്നിവയും തകര്‍ന്നു.

കൃഷി നാശം വ്യാപകം; 14.24 കോടിയുടെ നഷ്ടം

മഴയെത്തുടര്‍ന്ന് 3749 കര്‍ഷകര്‍ക്ക് 14.24 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ജില്ലയിലുണ്ടായത്. 215 ഹെക്ടര്‍ കൃഷിയിടം കനത്ത മഴയില്‍ നശിച്ചു. നെല്ല്, വാഴ, കവുങ്ങ്, തെങ്ങ്, റബ്ബര്‍ എന്നിവയെയാണ് കാലവര്‍ഷം പ്രധാനമായും ബാധിച്ചത്. കാറ്റിലും മഴയിലുമായി 52 ഹെക്ടറിലധികം നെല്‍കൃഷിയും 2.4 ഹെക്ടര്‍ പച്ചക്കറി കൃഷിയും നശിച്ചു. 1,33,881 വാഴകള്‍, 3040 കവുങ്ങുകള്‍, 8623 റബ്ബര്‍, 2273 തെങ്ങ്, 1852 കശുമാവ്, 4 ഹെക്ടര്‍ കപ്പ, 480 കുരുമുളക്, 40 ജാതിക്ക എന്നിവയും നശിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തു.

റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ വേണ്ടത് 26 കോടി

മഴ ശക്തിപ്രാപിച്ചതോടെ ജില്ലയിലെ റോഡുകള്‍ക്കും വലിയ തോതിലുള്ള നാശനഷ്ടമാണുണ്ടായത്. ഇവ പൂര്‍വസ്ഥിതിയിലാക്കാന്‍ 26 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. ദേശീയപാത 66 ല്‍ മാത്രം ഏകദേശം 18 കോടി രൂപയുടെ നാശ നഷ്ടമുണ്ടായതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളിലായി കാലിക്കടവ് മുതല്‍ വേളാപുരം വരെയും താണ മുതല്‍ ധര്‍മ്മടം വരെയും ഉള്ള ദേശീയപാത ഭാഗികമായി തകര്‍ന്നു. ഇതില്‍ താണ മുതല്‍ ധര്‍മ്മടം വരെയുള്ള ഭാഗം 70 ശതമാനത്തോളം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. 

ഇതിനു പുറമേ പൊതുമരാമത്ത് വകുപ്പിന്റെ മറ്റു റോഡുകളില്‍ 7.99 കോടിയുടെ നഷ്ടവും കണക്കാക്കുന്നു. എടയാര്‍- ആലച്ചേരി റോഡിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഈ റോഡ് പൂര്‍വ സ്ഥിതിയിലാക്കാന്‍ മാത്രം 2 കോടി രൂപ വേണ്ടിവരുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്. തളിപ്പറമ്പ്- ഇരിട്ടി റോഡില്‍ ഇരിക്കൂര്‍ പാലത്തിനു സമീപം 175 മീറ്റര്‍ റോഡില്‍ മാത്രമായി 1 കോടി രൂപയുടെ നഷ്ടമുണ്ടായി. മരങ്ങള്‍ കടപുഴകിവീണും ടാര്‍ റോഡ് അരികിലുള്ള മണ്ണ് ഒലിച്ച് പോയമുമാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. 

കെഎസ്ഇബിക്ക് നഷ്ടം 4.85 കോടി

കാലവര്‍ഷം കനത്തതോടെ വൈദ്യുതി വിതരണ ശൃംഖയ്ക്കുണ്ടായ തകരാറുകളെത്തുടര്‍ന്ന് കെഎസ്ഇബിയ്ക്കും വലിയ നഷ്ടമാണ് ഉണ്ടായത്. ജില്ലയില്‍ രണ്ട് സര്‍ക്കിളുകളിലുമായി ഇതുവരെ 4.85 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. 1.8 ലക്ഷത്തിലേറെ ഉപഭോക്താക്കളെഇത് ബാധിച്ചു. 336 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും 2306 ലോ ടെന്‍ഷന്‍ പോസ്റ്റുകളും ആറു ട്രാന്‍സ്‌ഫോമറുകള്‍ തകര്‍ന്നു. ശ്രീകണ്ഠാപുരം സര്‍ക്കിളിലാണ് കൂടുതല്‍ നഷ്ടം. 2.6 കോടിയുടെ നഷ്ടമാണ് ഇവിടെയുണ്ടായത്. കണ്ണൂര്‍ സര്‍ക്കിളില്‍ 2.25 കോടി രൂപയുടെ നാശനഷ്ടവും കണക്കാക്കുന്നു. വൈദ്യുതി തകരാറുകള്‍ അതിവേഗം പരിഹരിച്ചുവരുന്നതായും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.