അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കാന്‍ പ്രതേ്യക സംവിധാനം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Friday 20 July 2018 9:08 pm IST

 

കണ്ണൂര്‍: നഗരത്തിലെ പ്രധാന റോഡരികില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പ്രതേ്യകമായി റൈഡര്‍ ബീറ്റ് ഡ്യൂട്ടി നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.നഗരസഭാ പരിധിയില്‍ വാഹനത്തില്‍ വരുന്ന യാത്രക്കാര്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നും കമ്മീഷന്‍ ജൂഡീഷ്യല്‍ അംഗം പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. അനിയന്ത്രിതമായ വേഗതയില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരെ ശിക്ഷിക്കണം. ആവശ്യമെങ്കില്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ക്രൈം രജിസ്റ്റര്‍ ചെയ്യണം. 

മാഞ്ഞുപോയ സീബ്രാലൈനുകള്‍ വരയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. അനിവാര്യമായ ഭാഗങ്ങളില്‍ പുതുതായി സീബ്രാലൈന്‍ വരയ്ക്കണം. ട്രാഫിക് സിഗ്നല്‍ പോയിന്റുകളില്‍ കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ ആള്‍രൂപമുള്ള സിഗ്നല്‍ സ്ഥാപിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ അനധികൃതമായി റോഡും ഫുട്ട്പാത്തും കൈയ്യേറി കച്ചവടം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. കാല്‍നടയാത്രക്കാര്‍ക്കായി പ്രധാന റോഡില്‍ ഫുട്പാത്തും കൈവരിയും നിര്‍മ്മിക്കണം. റോഡിലും റോഡ് വശങ്ങളിലും പരസ്യങ്ങളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. 

ജില്ലാ പോലീസ് മേധാവിക്കും കണ്ണൂര്‍ മേയര്‍ക്കും ദേശീയ പാതാ അതോറിറ്റിക്കുമാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ.പി.ദേവദാസ് നല്‍കിയ പരാതിയിലാണ് നടപടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.