വിദ്യാലയങ്ങള്‍ ലക്ഷ്യമാക്കി ലഹരിമരുന്ന് വില്‍പ്പന വ്യാപകമാകുന്നു

Friday 20 July 2018 9:08 pm IST

 

ചെറുപുഴ: മലയോര മേഖലയിലെ യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ട് മയക്കുമരുന്ന് വിപണി സജീവമാകുന്നു. പ്രധാന ടൗണുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് നിരവധി യുവാക്കളാണ് ലഹരിമരുന്ന് ഉപയോഗത്തിലൂടെ സഹപ്രവര്‍ത്തകരെ പങ്കാളികളാക്കി ഈ മേഖലയെ വളര്‍ത്തുന്നത്. പ്രമുഖ വിദ്യാലയങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് നടക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കോഴിച്ചാല്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപത്തു നിന്നും ഒരു യുവാവിനെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. വിദ്യാര്‍ത്ഥികളെത്തന്നെ ഏജന്റുമാരാക്കി കൊണ്ടാണ് മയക്കുമരുന്ന് മാഫിയാ സംഘം വളരുന്നത്. 

ഏതെങ്കിലും കാരണവശാല്‍ വിവരം പുറത്തറിയുമെന്ന അവസ്ഥ വന്നാല്‍ അതിനെ വിദ്യാര്‍ത്ഥി സംഘര്‍ഷമാക്കി മാറ്റിയെടുക്കാനും ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം ചെറുപുഴ നവജ്യോതി കോളജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനം നടക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ അലന്‍ ഷിബു എന്ന വിദ്യാര്‍ത്ഥി തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘട്ടനുവുമായി ബന്ധപ്പെട്ട് സെബിന്‍ ഫിലിപ്പ് എന്ന വിദ്യാര്‍ത്ഥി സസ്‌പെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് എസ് എഫ്‌ഐ-കെഎസ്‌യു സംഘട്ടനമാണെന്നും വിദ്യാര്‍ത്ഥിയുടെ ഹാജറുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നും പറയപ്പെടുന്നു. 

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതിന്റെ പിന്നിലും മയക്കുമരുന്ന് സംഘമാണെന്ന് സംശയിക്കപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ഒറ്റുകാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനും പ്രശ്‌നം വഴിതിരിച്ചുവിടാനും ശ്രമം നടക്കുന്നുണ്ട്. വിദ്യാലയത്തിന്റെ സല്‍പ്പേരിനെ ബാധികമെന്നതിനാല്‍ പലപ്പോഴും വിദ്യാലയ അധികൃതരും സംഭവം പുറത്തറിയാതിരിക്കാന്‍ മൂടിവെക്കുകയാണ്.

പ്രപ്പൊയില്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസരത്തും വിദ്യാര്‍ത്ഥികളിലൂടെ വിപണി സജീവമാക്കാന്‍ ശ്രമം നടക്കുകയാണ് ഭാവി തലമുറയെ തകര്‍ക്കുന്ന വന്‍ മാഫിയാ സംഘത്തിനെതിരെ വിവരം നല്‍കാന്‍ സാധരണക്കാരും ഭയപ്പെടുന്നു. കാരണം പിടിക്കപ്പെട്ടാല്‍ വാദി പ്രതിയാകുന്ന സ്ഥിതിയാണ് ഉന്നത ഇടപെടലിലൂടെ ശക്തമായ അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.