സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നു: ഫെറ്റോ

Friday 20 July 2018 9:10 pm IST

 

കണ്ണൂര്‍: പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുമെന്ന് മുറവിളി കൂട്ടുന്ന സംസ്ഥാന സര്‍ക്കാരും ഭരണകക്ഷി യൂണിയനുകളും പൊതു വിദ്യാഭ്യാസത്തെ തകര്‍ത്തു കൊണ്ടിരിക്കുകയാണെന്ന് ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടിച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ (ഫെറ്റോ) കണ്ണൂര്‍ ജില്ലാ കമ്മറ്റിയോഗം ആരോപിച്ചു.

വിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്‌കരണത്തിനും സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമായി നല്‍കുന്ന കേന്ദ്രഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചിലവഴിക്കുകയാണ്. സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന എന്‍ആര്‍എച്ച്എം ജീവനക്കാരുടെ എണ്ണം കുറക്കുകയും വേതനം ഭീമമായി വെട്ടിച്ചുരിക്കിയിരിക്കുകയും ചെയ്തിരിക്കുകയാണ്. കേന്ദ്ര നിലപാടിന് വിരുദ്ധമായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരെ കക്ഷിരാഷ്ട്രീയ പരിഗണന നോക്കി സ്ഥലം മാറ്റി ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുകയാണെന്നും യോഗം വിലയിരുത്തി.

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പറഞ്ഞവര്‍ അധികാരത്തില്‍ വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. സര്‍ക്കാരും ഭരണകക്ഷി യൂണിയനുകളും ചേര്‍ന്ന് ജീവനക്കാരെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്. ശമ്പള പരിഷ്‌കരണ നടപടികള്‍ എത്രയും വേഗം ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ ഫെറ്റോ ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.മധുസൂദനന്‍ ഉല്‍ഘാടനം ചെയ്തു. സജീവന്‍ ചാത്തോത്ത്, എം.ടി.സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.സന്തോഷ് സ്വാഗതം പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.