ട്രസ്റ്റുകളും നികുതി നിയമങ്ങളും

Saturday 21 July 2018 3:12 am IST
കേരളത്തില്‍ ചെറുതും വലുതുമായ ആയിരക്കണക്കിന് ധര്‍മ്മ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ മത സ്ഥാപനങ്ങളും അല്ലാത്തവയും ഉള്‍പ്പെടുന്നുണ്ട് . ഇത്തരം സംഘടന അല്ലങ്കില്‍ ട്രസ്റ്റുകള്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട നികുതി നിയമങ്ങളുടെ സങ്കീര്‍ണതയെക്കുറിച്ച് ഒരവലോകനം.

ഒരു മൂന്നാം കക്ഷിയുടെ പ്രയോജനത്തിനായി ഒരു വ്യക്തിയുടെ ആസ്തി അല്ലെങ്കില്‍ സ്വത്ത് നിയന്ത്രിക്കുന്നതിനായി മറ്റൊരു വ്യക്തിയെ അവകാശപ്പെടുത്തുന്നതിനെയാണ് ട്രസ്റ്റ് എന്ന് പറയുന്നത്. പ്രധാനമായും രണ്ട് തരം ട്രസ്റ്റുകളാണ് ഉള്ളത്.

1) സ്വകാര്യ ട്രസ്റ്റുകള്‍

2) പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റുകള്‍

പൊതുജന ആനുകൂല്യത്തിന് അല്ലാതെ ഒന്നോ അതിലധികമോ നിശ്ചിത ഗുണഭോക്താക്കളുടെ സാമ്പത്തിക ആനുകൂല്യത്തിനായി സൃഷ്ടിക്കപ്പെടുന്നതാണ് സ്വകാര്യ ട്രസ്റ്റുകള്‍.

വിദ്യാഭ്യാസത്തിന്റെ പുരോഗതി, പൊതുജനാരോഗ്യം, ദാരിദ്ര്യ ലഘൂകരണം എന്നിങ്ങനെ നിയമം ചാരിറ്റബിള്‍ എന്ന് കണക്കാകുന്ന ഏതെങ്കിലും ലക്ഷ്യത്തിനു വേണ്ടി ജാതി മത ഭേദമന്യേ  പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകളാണ് പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റുകള്‍. നികുതി ഇളവ് പോലെയുളള നിയമത്തിന്റെ ആനുകൂല്യങ്ങള്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്കാണ് ലഭിക്കുന്നത്.

രൂപീകരണം

കേരളത്തില്‍ പ്രധാനമായും ട്രസ്റ്റ് അഥവാ സൊസൈറ്റി ആയിട്ടാണ് ചാരിറ്റബിള്‍ സംഘങ്ങള്‍ രൂപികരിക്കുക. ട്രസ്റ്റുകള്‍ 1882 ലെ ട്രസ്റ്റ് ആക്ട് അനുസരിച്ച് സബ് രജിസ്ട്രാര്‍ മുന്‍പാകെ ഒരു ട്രസ്റ്റ് നിയമാവലിയായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 1955 ലെ തിരുവിതാംകൂര്‍ കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ്മ സംലങ്ങള്‍ രജിസ്‌ട്രേഷന്‍ ആക്ട് അനുസരിച്ച് സൊസൈറ്റിയായി ജില്ലാ രജിസ്ട്രാര്‍ മുന്‍പാകെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ട്രസ്റ്റുകള്‍ക്ക് കുറഞ്ഞത് രണ്ടു പേരും സൊസൈറ്റികള്‍ക്ക് കുറഞ്ഞത് ഏഴ് പേരും ആവശ്യമാണ്.

രജിസ്‌ട്രേഷന്‍ ആര്‍ക്കൊക്കെ? 

ധര്‍മ്മ സ്ഥാപനങ്ങള്‍ നടത്തുന്നതിലേക്കായി ഏതൊരു സംഘത്തിനും ഒരു നിയമാവലി ഉണ്ടാക്കി ജില്ലാ രജിസ്ട്രാര്‍ മുന്‍പാകെയൊ സബ് രജിസ്ട്രാര്‍ മുന്‍പാകെയൊ ട്രസ്റ്റ് അഥവാ സൊസൈറ്റി രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. ഇപ്രകാരം രജിസ്‌ട്രേഷന്‍ ലഭിച്ച സ്ഥാപനങ്ങള്‍ മാത്രമെ ആദായ നികുതി വകുപ്പ് പ്രകാരമുള്ള രജിസ്‌ട്രേഷനുകള്‍ക്ക് അര്‍ഹത നേടുന്നുള്ളൂ.

ആദായ നികുതി ഇളവുകള്‍ 

ആദായനികുതി നിയമത്തിലെ 12എഎവകുപ്പ് പ്രകാരമുള്ള നിബന്ധനകള്‍ പാലിച്ചാല്‍ ഇതേ നിയമത്തിലെ 11, 12 വകുപ്പുകള്‍ പ്രകാരം പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് ആദായ നികുതി ഇളവ് ലഭിക്കുന്നതാണ്.

ഏതൊരു പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്കും 12എ രജിസ്‌ട്രേഷന്‍ എടുക്കാവുന്നതാണ്.

ആദായ നികുതി നിയമത്തില്‍ ഏറ്റവുമധികം തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ട്രസ്റ്റുകളുടെ നികുതി ഇളവുകള്‍. എന്തുകൊണ്ടെന്നാല്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്നതും ഈ വകുപ്പുകള്‍ തന്നെയാണ്. ഈ ഇളവുകള്‍ സാമൂഹിക സേവനം ലക്ഷ്യം വച്ചാണ് നല്‍കിയിട്ടുള്ളതെങ്കിലും ഇതിന്റെ മറവില്‍ മതപരിവര്‍ത്തനം അടക്കം വിവിധ ദേശ ദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

എന്താണ് ചാരിറ്റി

നിയമപരമായും വിവിധ കോടതികളുടെ നിരീക്ഷണങ്ങള്‍ അനുസരിച്ചും ചാരിറ്റി എന്നതിന് വിശാലമായ അര്‍ഥമാണ് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. പൊതു സമൂഹത്തിന് പ്രയോജനപ്രദമാകുന്ന ഏതൊരു പ്രവര്‍ത്തിയും ചാരിറ്റിയായി കണക്കാക്കാവുന്നതാണ്. നല്‍കുന്ന സേവനങ്ങള്‍ക്ക് പണം ഈടാകുന്നുണ്ടോ ഇല്ലയോ എന്നുള്ളതാണ് ഒരു മാനദണ്ധമായി പരിഗണിക്കുന്നത്. കൂടാതെ മതപരമായ കാര്യങ്ങളും ചാരിറ്റിയോടൊപ്പം ചെയ്യുകയാണെങ്കില്‍ അതും കിഴിവുകള്‍ക്ക് യോഗ്യമായ പ്രവര്‍ത്തിയായി കണക്കാകാവുന്നതാണ്.

എന്നാല്‍ മതപരമായ കാര്യങ്ങള്‍ മാത്രം ചെയ്യുന്ന സംഘങ്ങള്‍ക്ക് കിഴിവുകള്‍ക്കായി ആദായ നികുതി നിയമത്തിലെ മറ്റു വകുപ്പുകളെ ആശ്രയിക്കാവുന്നതാണ്.

പ്രധാന നിബന്ധനകള്‍

ആദായ നികുതി നിയമപ്രകാരം 12എ രജിസ്‌ട്രേഷന്‍ ലഭിക്കണമെങ്കില്‍ താഴെ പറയുന്ന നിബന്ധനകള്‍ നിയമാവലിയില്‍ ഉണ്ടായിരിക്കണം.

1) പ്രവര്‍ത്തന പരിധി ഇന്ത്യയ്ക്കുള്ളില്‍ ആയിരിക്കണം.

2) ട്രസ്റ്റ് പിന്‍വലിക്കാനാവത്തതായിരിക്കണം.

3) സ്ഥാപനം ബിസിനസ്സ് നടത്താന്‍ പാടുള്ളതല്ല.

4) ട്രസ്റ്റികള്‍ നേരിട്ടോ അല്ലാതെയൊ നേട്ടങ്ങള്‍ ഉണ്ടാകാന്‍ പാടുള്ളതല്ല.

5) ട്രസ്റ്റിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയാണെങ്കില്‍ ട്രസ്റ്റിന്റെ ആസ്തികള്‍ സമാന സ്വഭാവമുള്ള മറ്റു ട്രസ്റ്റുകളിലേക്കോ സര്‍ക്കാരിലേക്കോ കൈമാറ്റം ചെയ്യപ്പെടുന്നതായിരിക്കും

6) ആദായ നികുതി വകുപ്പിന്റെ മുന്‍കൂര്‍ അനുവാദം ഇല്ലാതെ ഉദ്ദേശ ലക്ഷ്യങ്ങള്‍ മാറ്റുവാന്‍ പാടുള്ളതല്ല.

കിഴിവുകള്‍

12 എ രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുള്ള ട്രസ്റ്റുകളുടെ ഒട്ടുമിക്ക വരുമാനങ്ങളും ആദായ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതാണ്. 

സംഭാവനകള്‍, ട്രസ്റ്റിന്റെ സ്വത്തില്‍ നിന്നുള്ള വരുമാനം, പലിശ, മൂലധനലാഭം തുടങ്ങിയ വരുമാനങ്ങളെല്ലാം നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

12 എ രജിസ്‌ട്രേഷന്‍ 

നഷ്ടപ്പെട്ടാല്‍

12 എ രജിസ്‌ട്രേഷന്‍ നിബന്ധനകള്‍ ട്രസ്റ്റുകള്‍ ലംഘിക്കുന്ന പക്ഷം അത് റദ്ദാകുവാന്‍ ആദായ നികുതി വകുപ്പിന് അധികാരം ഉണ്ട്. അങ്ങനെ റദ്ദാക്കപ്പടുന്ന പക്ഷം സംഘങ്ങള്‍ക്ക് വലിയ നികുതി ബാധ്യത ഉണ്ടാവുന്നതാണ്.

റദ്ദാക്കപ്പെടുന്ന സമയത്ത് സംഘത്തിനുള്ള മുഴുവന്‍ സ്വത്ത് വകളുടെയും മൂല്യം വരുമാനമായി കണക്കാകി അതിന്മേല്‍ നികുതി നല്‍കേണ്ടതാണ്. കൂടാതെ നിശ്ചിത തീയതിയ്ക്കകം റിട്ടേണ്‍ സമര്‍പ്പിക്കാതെ വരികയോ മറ്റു ലംഘനങ്ങള്‍ ഉണ്ടാകുകയോ ചെയ്യുന്ന പക്ഷവും നികുതി കിഴിവുകള്‍ റദ്ദാക്കുന്നതാണ്.

രജിസ്‌ട്രേഷന്‍ നേടാത്ത ധര്‍മ്മ സ്ഥാപനങ്ങളുടെ ബാധ്യത

സാമൂഹിക, ധര്‍മ്മ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതും എന്നാല്‍ 12 എ രജിസ്‌ട്രേഷന്‍ എടുത്തിട്ടില്ലാത്ത ഏതൊരു സ്ഥാപനങ്ങളുടെയും സംഭാവനകള്‍ , വാടക, പലിശ തുടങ്ങിയ എല്ലാ വരുമാനങ്ങളും നികുതി വിധേയമാണ്. ഇത്തരം സ്ഥാപനങ്ങളുടെ നികുതി നിരക്ക് താഴെ പറയും പ്രകാരമാണ്.

1) അംഗങ്ങള്‍ അഥവാ ഗുണഭോക്താക്കള്‍ ഇവരുടെ തിരിച്ചറിയല്‍ സാധ്യമല്ലെങ്കില്‍ ഏറ്റവും കൂടിയ നികുതി നിരക്ക് - 35.88%

2) മേല്‍ പറഞ്ഞ ഗണത്തില്‍പ്പെടാത്തവര്‍ക്ക് വ്യക്തികള്‍ക്ക് ബാധകമായ നികുതി നിരക്ക്.

ഇന്ന് നിലവിലുള്ള വിവിധ സാമൂദായിക സംഘടനകളുടെ കരയോഗങ്ങള്‍ ശാഖകള്‍ വിവിധ കൂട്ടായ്മകള്‍ എല്ലാം 12 എ രജിസ്‌ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കേണ്ടവയാണ്.

അല്ലാത്തപക്ഷം വലിയ നികുതി ബാധ്യതയാണ് ഭാവിയില്‍ ഇത്തരം സംഘടനകളെ കാത്തിരിക്കുന്നത്.

12എ രജിസ്‌ട്രേഷനും 

ജിഎസ്ടിയും

വാണിജ്യ കെട്ടിടങ്ങളുടെ വാടക, കല്യാണ മണ്ഡപങ്ങള്‍, കായിക മേളകള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയ സേവനങ്ങളിന്മേല്‍ 12എ രജിസ്‌ട്രേഷന്‍ ഉളള സംഘങ്ങള്‍ക്ക് ജിഎസ്ടി ബാധകമല്ല. 

അതായത് 12എ രജിസ്‌ട്രേഷന്‍ ഇല്ലാതെ കെട്ടിടങ്ങള്‍ വാടകയ്ക്കു നല്‍കി വരുമാനം ലഭിക്കുന്ന സംഘടനകളെ ആദായ നികുതി ബാധ്യത കൂടാതെ ജിഎസ്ടി ബാധ്യതയും കാത്തിരിക്കുന്നു.

മറ്റു രജിസ്‌ട്രേഷനുകള്‍

12എ രജിസ്‌ട്രേഷനു പുറമെ ട്രസ്റ്റുകള്‍ക്ക് 80ജി രജിസ്‌ട്രേഷനും എടുക്കാവുന്നതാണ്. 12എ രജിസ്‌ട്രേഷന്‍ വഴി ട്രസ്റ്റുകളുടെ വരുമാനത്തിനാണ് നികുതിയിളവ് ലഭിക്കുന്നതെങ്കില്‍ 80 ജി രജിസ്‌ട്രേഷന്‍ വഴി ട്രസ്റ്റുകളിലേക്ക് സംഭാവന നല്‍കുന്നവര്‍ക്കാണ് നികുതി ഇളവ് ലഭിക്കുന്നത്. 

12എ രജിസ്‌ട്രേഷന്‍ ഉള്ള ട്രസ്റ്റുകള്‍ക്ക് മാത്രമെ 80 ജി രജിസ്‌ട്രേഷന് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. 80 ജി രജിസ്‌ട്രേഷനുള്ള ട്രസ്റ്റുകള്‍ക്ക് നല്‍കുന്ന സംഭാവനയ്ക്ക് നികുതി ഇളവ് ലഭിക്കുന്നതിനാല്‍ 80 ജി രജിസ്ട്രേഷന്‍ എടുക്കുന്നത് ട്രസ്റ്റുകള്‍ക്ക് കൂടുതല്‍ സംഭാവന ലഭിക്കാന്‍ കാരണമാകും.

ട്രസ്റ്റുകള്‍ക്ക് ആദായ നികുതി വകുപ്പിലെ 35 എസി വകുപ്പ് പ്രകാരം വിവിധ പദ്ധതികള്‍ക്ക് പ്രത്യേക അംഗീകാരം നേടാവുന്നതും അതിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് കൂടുതല്‍ കിഴിവുകള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതുമാണ്.

മൂന്ന് വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകള്‍ക്ക് വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആര്‍എ) പ്രകാരം രജിസ്‌ട്രേഷന്‍ എടുക്കാവുന്നതും പിന്നീട് ഓരോന്നിനും പ്രത്യേക അനുമതി ഇല്ലാതെ തന്നെ വിദേശത്ത് നിന്നും സംഭാവന സ്വീകരിക്കാവുന്നതുമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതി നടപ്പിലാകുന്നതിനും മറ്റാനുകൂല്യങ്ങള്‍ നല്‍ക്കുന്നതിലും ട്രസ്റ്റുകള്‍ക്ക് മുന്തിയ പരിഗണന നല്‍കി വരുന്നു. അങ്ങനെ പരിഗണിക്കപ്പെടുന്നതിനായി ട്രസ്റ്റുകള്‍ നീതി ആയോഗില്‍ ഓണ്‍ലൈനായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

(ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാണ് ലേഖകന്‍ )

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.