സൗമ്യയെ കുടുക്കി പോലീസ്: കുറ്റപത്രം സമര്‍പ്പിച്ചത് 90 ദിവസം തികയും മുമ്പ്

Friday 20 July 2018 9:28 pm IST

തലശ്ശേരി : പകലും രാത്രിയും മാറിമാറി വരുന്ന കാമുകന്മാരുമൊത്ത് ഇഷ്ടം പോലെ ജീവിക്കാന്‍ ലക്ഷ്യമിട്ട് മാതാപിതാക്കളെയും സ്വന്തം മക്കളെയും ഭക്ഷണത്തില്‍ എലിവിഷം ചേര്‍ത്ത് കൊലപ്പെടുത്തിയെന്ന കുറ്റത്തിന് കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ കണ്ടി വീട്ടില്‍ സൗമ്യയെ സമൂഹത്തിന് പാഠമാവുന്ന രീതിയില്‍ ഇരുമ്പഴിക്കുള്ളില്‍ തളച്ചിടാനുള്ള കുറ്റപത്രമാണ് ഇന്നലെ കോടതിയിലെത്തിയത്. 

നാടിനെ നടുക്കിയ കൊലപാതകങ്ങളിലെ നായികയായ സൗമ്യയുടെ റിമാന്റ് കാലാവധി ഈ മാസം 23 ന് തീരാനിരിക്കെയാണ് ഇന്നലെ തലശ്ശേരി സിജെഎം കോടതിയില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സൗമ്യ അറസ്റ്റ് ചെയ്യപ്പെട്ട് 90 ദിവസം പൂര്‍ത്തിയാവുന്നതിനിടയില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ പ്രതിക്ക് ലഭിക്കാനിടയുള്ള സ്വാഭാവിക ജാമ്യം നിഷേധിക്കപ്പെടും. ഇതോടെ തടവില്‍ കിടന്നുകൊണ്ട് വിചാരണ നേരിടേണ്ടി വരും. 

ഇതിനിടെ കേസിന്റെ വിചാരണ ആരംഭിക്കുമ്പോള്‍ സൗമ്യക്ക് വേണ്ടി കോടതിയില്‍ വാദിക്കാന്‍ ഏത് വക്കീലെത്തുമെന്ന കാര്യത്തില്‍ ഇതേവരെ തിരുമാനമായില്ല. അപസര്‍പ്പക കഥപോലെ കേരളവും മലയാളികളും മൂക്കത്ത് വിരല്‍ വച്ച് കേട്ടിരുന്ന സൗമ്യക്കേസ് വാദിക്കാന്‍ അഡ്വ.ആളൂര്‍ എത്തുമെന്നായിരുന്നു യുവതി പിടിയിലായ ആദ്യ നാളുകളില്‍ പ്രചരിച്ചിരുന്നത്. ഇക്കാര്യം ആളൂരും നിഷേധിച്ചില്ല. തലശ്ശേരിയിലെ ഒരു ബിസിനസ്സുകാരന്‍ ഇതിനായി തന്നെ സമീപിച്ചതായും അടുത്ത ദിവസം തന്നെ തലശ്ശേരി കോടതിയില്‍ സൗമ്യയുടെ വക്കാലത്തുമായി എത്തുമെന്നും ആളൂര്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും എല്ലാവരും പ്രതീക്ഷിച്ച ആളൂരിന്റെ വരവ് ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഇനി അത് ഉണ്ടാവുമെന്ന കാര്യത്തിലും ഉറപ്പില്ല. ഇതിനിടയില്‍ സൗമ്യക്കേസിന്റെ വാദം സ്വയം ഏറ്റെടുക്കാന്‍ തയ്യാറായി കാഞ്ഞങ്ങാട്ടെ ഒരു അഭിഭാഷകന്‍ സന്നദ്ധത അറിയിച്ചുവെങ്കിലും കോടതിയില്‍ നിന്ന് അനുവാദം കിട്ടിയില്ല. പ്രതിക്ക് സ്വന്തം വക്കീല്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ വക്കില്‍ വാദിച്ചോളുമെന്നായിരുന്നു കോടതി നിലപാട്. എന്നാല്‍ ഇന്നലെവരെ സര്‍ക്കാര്‍ അഭിഭാഷകനെ ചുമതപ്പെടുത്തിയിട്ടില്ല. 

ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് സൗമ്യയെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ അന്ന് രാവിലെ കസ്റ്റഡിയിലെടുത്ത് തലശേരി റസ്റ്റ് ഹൗസില്‍ എത്തിച്ചു. പത്ത് മണിക്കൂറോളം നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് രാത്രി പത്തോടെ അറസ്റ്റ് രേഖപ്പെടുത്തി. അന്ന് മുതല്‍ സൗമ്യ ജയിലിലാണുള്ളത്. സൗമ്യയുടെ ക്രൂരതയില്‍ കൊല്ലപ്പെട്ട പിതാവ് കുഞ്ഞിക്കണ്ണന്‍, മാതാവ് കമല, മൂത്ത മകള്‍ ഐശ്വര്യ, എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം  ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലങ്ങളാണ് കുറ്റപത്രത്തിലെ സുപ്രധാന തെളിവുകള്‍. ഒപ്പം കാമുകരുമായി സൗമ്യ ബന്ധപ്പെട്ട മൊബൈല്‍ സംസാരങ്ങളുടെ സൈബര്‍ രേഖകളുമുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.