'ഞാന്‍ പാരീസില്‍ തന്നെ': നെയ്മര്‍

Saturday 21 July 2018 3:15 am IST

സാവോപോളോ: റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാന്‍ ഉദ്ദേശ്യമില്ലെന്നും ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജര്‍മയിന്‍സില്‍ (പിഎസ്ജി) തുടരുമെന്നും ബ്രസീലിയന്‍ സൂപ്പര്‍സ്റ്റാര്‍ നെയ്മര്‍. ഞാന്‍ പാരീസില്‍ തന്നെയാണ്. പിഎസ്ജിയുമായി കരാറുണ്ടെന്നും നെയ്മര്‍ പറഞ്ഞു. തന്റെ ചാരിറ്റബിള്‍ സംഘടനയ്ക്ക് പണം കണ്ടെത്താനായി നടത്തിയ ലേലത്തിനിടയ്ക്ക് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാഴ്‌സലോണയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം റെക്കോഡ് തുകയ്ക്കാണ് നെയ്മര്‍ പിഎസ്ജിയില്‍ ചേര്‍ന്നത്. ഈ വര്‍ഷം നെയ്മര്‍ റയല്‍ മാഡ്രിഡിലേക്ക് തിരിച്ചുവരുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ വിട്ട് യുവന്റസില്‍ ചേര്‍ന്നതോടെ നെയ്മര്‍ റയലില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായി.

പക്ഷെ  നെയ്മറുമായി കരാറുണ്ടാക്കാന്‍ താല്‍പ്പര്യമില്ലെന്ന് റയല്‍ മാഡ്രിഡ് നേരത്തെ തന്നെ പല പ്രാവശ്യം വ്യക്തമാക്കിയിരുന്നു. നെയ്മര്‍ പാരീസില്‍ തുടരുമെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും നെയ്മറെ റയലിലെത്തിക്കാന്‍ ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നെയ്മറെ വില്‍ക്കാന്‍ പിഎസ്ജി തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റൊണാള്‍ഡോ വിട്ടുപോയ സാഹചര്യത്തില്‍ റയലിനെ ശക്തമാക്കാനുള്ള പരിശ്രമത്തിലാണ് ക്ലബ്ബ് പ്രസിഡന്റ്. ഈ സാഹചര്യത്തില്‍ നെയ്മറെ ടീമിലെടുക്കുമെന്ന് മാധ്യമങ്ങള്‍ വെളിപ്പെടുത്തി. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബെല്‍ജിയത്തിന്റെ ഏദന്‍ ഹസാര്‍ഡിനായി റയല്‍ മാഡ്രിഡ് വലവീശിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.