സമാന് ഇരട്ട സെഞ്ചുറി; പാക്കിസ്ഥാന് കൂറ്റന്‍ ജയം

Saturday 21 July 2018 3:17 am IST

ബുലവായോ: ഓപ്പണര്‍ ഫഖര്‍ സമാന്റെ ഇരട്ട സെഞ്ചുറിയില്‍ പാക്കിസ്ഥാന് കൂറ്റന്‍ വിജയം. നാലാം ഏകദിനത്തില്‍ അവര്‍ സിംബാബ്‌വെയെ 244 റണ്‍സിന് തോല്‍പ്പിച്ചു. സമാന്‍ പുറത്താകാതെ നേടിയ 210 റണ്‍സിന്റെ മികവില്‍ പാക്കിസ്ഥാന്‍ 50 ഓവറില്‍ ഒരു വിക്കറ്റിന് 399 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ സിംബാബ്‌വെ 42.4 ഓവറില്‍ 155 റണ്‍സിന് പുറത്തായി. 156 പന്ത് നേരിട്ട സമാന്‍ 24 ഫോറും അഞ്ച് സിക്‌സറും അടിച്ചു. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാനാണ്  ഫഖര്‍ സമാന്‍. സയ്യദ് അന്‍വര്‍ നേടിയ 194 റണ്‍സാണ് ഇതുവരെ ഒരു പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ ഏകദിനത്തില്‍ കുറിച്ച ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.  

സമാനും  ഇമാം ഉള്‍ ഹഖും ഒന്നാം വിക്കറ്റില്‍ 304 റണ്‍സിന്റെ ലോക റെക്കോഡ് സ്ഥാപിച്ചു. 2006ല്‍ ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയുടെ ഓപ്പണര്‍മാരായ ഉപുല്‍ തരംഗയും സനത് ജയസൂര്യയും കുറിച്ച 286 റണ്‍സിന്റെ റെക്കോഡാണ് തകര്‍ന്നത്. 42 ഓവര്‍ ബാറ്റ് ചെയ്താണ് സമാനും ഇമാമും റെക്കോഡിട്ടത്. ഇമാം 113 റണ്‍സുമായി മടങ്ങി. 

122 പന്ത് നേരിട്ട ഇമാം എട്ട് ബൗണ്ടറിയടിച്ചു.ഇവരുടെ മികവിലാണ്  പാക്കിസ്ഥാന്‍ 50 ഓവറില്‍ ഒരു വിക്കറ്റിന് 399 റണ്‍സ് നേടിയത്. ഏകദിനത്തില്‍ പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ഉയര്‍ന്ന സ്‌കോറാണിത്. 2010 ല്‍ ധാംബുള്ളയില്‍ ബംഗ്ലാദേശിനെതിരെ നേടിയ ഏഴിന് 385 റണ്‍സെന്ന റെക്കോഡാണ് തകര്‍ന്നത്.

ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആറാമത്തെ ബാറ്റ്‌സ്മാനാണ് സമാന്‍.ഇന്ത്യയുടെ രോഹിത് ശര്‍മ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദ്ര സേവാഗ്, ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്ടില്‍, വിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ എന്നിവരാണ് നേരത്തെ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയവര്‍. രോഹിത് ശര്‍മ മൂന്ന് ഇരട്ട സെഞ്ചുറി കുറിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ കൂറ്റന്‍ സ്‌കോറിന് മറുപടി പറഞ്ഞ സിംബാബ്‌വെയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. 42.4 ഓവറില്‍ ഓള്‍ ഔട്ടായി. 44 റണ്‍സ് നേടിയ ടിരിപാനോയാണ് അവരുടെ ടോപ്പ് സ്‌കോറര്‍. ചിഗുംബുര 37 റണ്‍സ് എടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.