കെട്ടിപ്പിടുത്തം, കണ്ണിറുക്കൽ...അപഹാസ്യനായി രാഹുൽ

Saturday 21 July 2018 3:18 am IST

ന്യൂദല്‍ഹി: യാതൊരു രേഖകളുമില്ലാതെ വ്യാജ ആരോപണങ്ങളും അബദ്ധ പ്രസ്താവനകളും നിറച്ച് രാഹുല്‍ഗാന്ധിയുടെ പ്രസംഗ നാടകം ലോക്‌സഭയില്‍. പ്രധാനമന്ത്രിയെ നിരവധി തവണ വ്യക്തിപരമായി പരാമര്‍ശിച്ചു നടത്തിയ പ്രസംഗ ശേഷം മോദിയുടെ സമീപത്തെത്തി കെട്ടിപ്പിടിച്ചത് സ്പീക്കറുടെ വിമര്‍ശനത്തിന് കാരണമായി. ലോക്‌സഭയില്‍ ഇത്തരം പെരുമാറ്റങ്ങള്‍ പാടില്ലെന്ന് സ്പീക്കര്‍ രാഹുലിനെ താക്കീത് ചെയ്തു. 

റാഫേല്‍ കരാറിനെതിരെ പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. കരാറില്‍ ദുരൂഹതകളുണ്ടെന്നും കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ രാജ്യത്തോട് കള്ളം പറഞ്ഞെന്നും രാഹുല്‍ ആരോപിച്ചു. കോടികളുടെ അഴിമതിയാണ് മോദിയും നിര്‍മലാ സീതാരാമനും ചേര്‍ന്ന് നടത്തിയതെന്നായിരുന്നു രാഹുലിന്റെ ആരോപണം. ഇതോടെ റൂള്‍ 353 പ്രകാരം രാഹുലിനെതിരെ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാര്‍ രംഗത്തെത്തി. യാതൊരു തെളിവുകളുമില്ലാതെ ഇത്തരം ആരോപണങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ പാടില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രേഖകളോട് കൂടിയ ആരോപണങ്ങള്‍ മാത്രമേ നടത്താവൂ എന്ന് സ്പീക്കര്‍ രാഹുലിന് താക്കീത് നല്‍കി.  

പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് രാഹുലിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സ്പീക്കര്‍ അവസരവും നല്‍കി. അന്നത്തെ പ്രതിരോധമന്ത്രി എ.കെ ആന്റണി ഒപ്പിട്ട റാഫേല്‍ കരാറിന്റെ രഹസ്യാത്മകത സംബന്ധിച്ച പകര്‍പ്പുയര്‍ത്തി രാഹുലിന്റെ ആരോപണങ്ങള്‍ നിര്‍മലാ സീതാരാമന്‍ തള്ളിക്കളഞ്ഞു. 2008 ജനുവരി 25ന് ആന്റണിയാണ് കരാറില്‍ ഒപ്പുവച്ചതെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കിയതോടെ പ്രതിപക്ഷത്തിന് മറുപടി ഇല്ലാതായി.

മോദി വിശ്വാസവഞ്ചന കാണിച്ചെന്നും തന്റെ മുഖത്ത് നോക്കാന്‍ പോലും മോദിക്ക് സാധിക്കുന്നില്ലെന്നുമായിരുന്നു രാഹുലിന്റെ മറ്റൊരു പ്രസ്താവന. പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സുകാരും അടക്കം സഭയിലെ എല്ലാ അംഗങ്ങളും രാഹുലിന്റെ വാക്കുകള്‍ കേട്ട് ചിരിച്ചു. പ്രധാനമന്ത്രി 'ബാര്‍ മേം ഗയാ ഥാ'(പ്രധാനമന്ത്രി ബാറില്‍ പോയി) എന്നതായിരുന്നു രാഹുലിന്റെ അടുത്ത അബദ്ധം. 'ബാര്‍ ബാര്‍ (വീണ്ടും വീണ്ടും) ഗയാ ഥാ' എന്നതിന് പകരം നടത്തിയ നാക്കു പിഴയും സഭയില്‍ ചിരിയുയര്‍ത്തി. 

ഏറ്റവും അവസാനമായിരുന്നു മോദിയുടെ അടുത്തെത്തി കെട്ടിപ്പിടിച്ചത്. തുടര്‍ന്ന് മടങ്ങുന്നതിനിടെ മോദി തിരിച്ചു വിളിച്ച് ഹസ്തദാനം നടത്തുകയും ചെയ്തു. എന്നാല്‍ സ്വന്തം കസേരയില്‍ മടങ്ങിയെത്തിയ രാഹുല്‍ അടുത്തിരുന്ന അംഗത്തെ കണ്ണിറുക്കി കാണിച്ചതും അപക്വതയുടെ അടയാളമായി. രാഹുലിന്റെ ഹാസ്യപരിപാടിക്കെതിരെ ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചതോടെയാണ് സ്പീക്കര്‍ രാഹുലിനെ ശാസിച്ചത്. രാഹുല്‍ സഭാ മര്യാദ പാലിച്ചില്ലെന്ന് സുമിത്രാ മഹാജന്‍ കുറ്റപ്പെടുത്തി. കെട്ടിപ്പിടിക്കാനാണെങ്കില്‍ സഭയ്ക്ക് പുറത്തിറങ്ങിയ ശേഷം എത്ര വേണമെങ്കിലും ആവാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പരിഹസിച്ചു. അവിശ്വാസ വോട്ടെടുപ്പിന് ശേഷം ഇതുപോലെ കെട്ടിപ്പിടിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിക്കണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.