രാഹുലിനെ തള്ളി ഫ്രാൻസ്

Saturday 21 July 2018 3:19 am IST

ന്യൂദല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ ഫ്രഞ്ച് സര്‍ക്കാര്‍. റാഫേല്‍ വിമാനങ്ങളുടെ വില അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ രഹസ്യാത്മകത വച്ചുപുലര്‍ത്താന്‍ കാരണം 2008ല്‍ യുപിഎ സര്‍ക്കാര്‍ ഒപ്പിട്ട കരാറാണെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

കരാറിലെ രഹസ്യാത്മകതയെ കുറ്റപ്പെടുത്തിയായിരുന്നു രാഹുലിന്റെ പാര്‍ലമെന്റ് പ്രസംഗം. കരാര്‍ സംബന്ധിച്ച് കേന്ദ്രം ഒളിച്ചു കളിക്കുന്നെന്നായിരുന്നു രാഹുലിന്റെ ആരോപണം. കരാറിന്റെ എല്ലാ വിവരങ്ങളും പരസ്യപ്പെടുത്താത്ത കേന്ദ്രനടപടി അഴിമതിയുടെ ലക്ഷണമാണെന്നും രാഹുല്‍ ആരോപിച്ചു. ഫ്രഞ്ച് പ്രസിഡന്റിനോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ റാഫേല്‍ കരാറില്‍ യാതൊരു രഹസ്യാത്മകതയുമില്ലെന്നായിരുന്നു മറുപടിയെന്നും രാഹുല്‍ സഭയില്‍ പ്രസ്താവിച്ചു. 

എന്നാല്‍ ഇതിന് മറുപടിയായി എണീറ്റ കേന്ദ്രപ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ 2008ല്‍ അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണി ഒപ്പിട്ട കരാറിന്റെ പകര്‍പ്പ് സഭയില്‍ ഉയര്‍ത്തിക്കാട്ടി. റാഫേല്‍ വിമാനവുമായി ബന്ധപ്പെട്ട ക്ലാസിഫൈഡ് വിവരങ്ങള്‍ പുറത്തുവിടില്ലെന്നായിരുന്നു ആന്റണി ഒപ്പിട്ട കരാര്‍. പ്രതിരോധമന്ത്രി ആന്റണി ഒപ്പുവച്ച രേഖകള്‍ പുറത്തുവിട്ടതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. 

ഇതിന് പിന്നാലെയാണ് 2008ല്‍ ഒപ്പുവച്ച കരാറാണ് റാഫേല്‍ കരാറിലെ രഹസ്യാത്മകത സംബന്ധിച്ച് നിലവിലുള്ളതെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസ്താവന പുറത്തിറക്കിയത്. 

2016 സപ്തംബറില്‍ ഒപ്പുവച്ച റാഫേല്‍ കരാറില്‍ ഈ വ്യവസ്ഥ സ്വാഭാവികമായും നിലനില്‍ക്കുമെന്നും ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. ഒരു കരാര്‍ നിലവിലുള്ളതിനാലാണ് റാഫേല്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തു പറയാന്‍ സാധിക്കാത്തതെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് അഭിമുഖത്തില്‍ പറഞ്ഞതെന്നും ഫ്രഞ്ച് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.