അവിശ്വാസം പരാജയപ്പെട്ടു ; തോറ്റ്..ഓടി

Friday 20 July 2018 11:30 pm IST

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കാമെന്ന ധാരണയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ ദയനീയമായി പരാജയപ്പെട്ടു. റാഫേല്‍ കരാറിലടക്കം കള്ളങ്ങള്‍ രാജ്യത്തിനു മുന്നില്‍ നിരത്തിയ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ അപഹാസ്യമുഖം കണ്ടപ്പോള്‍ വോട്ടെടുപ്പില്‍ 325 അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. പ്രമേയത്തെ 126 പേര്‍ മാത്രമാണ് അനുകൂലിച്ചത്. 451 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. ചര്‍ച്ചയിലുടനീളം തിരിച്ചടി നേരിട്ട കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം തോറ്റോടിയ പടയുടെ അവസ്ഥയിലായി. മൂന്നില്‍ രണ്ടിലധികം ഭൂരിപക്ഷത്തിലാണ് അവിശ്വാസം തള്ളിയത്. 

കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷത്തിന് അക്കമിട്ട് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചടിച്ചു. കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷത്തിന് അക്കമിട്ട് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ പ്രധാനമന്ത്രിയാക്കിയത് രാജ്യത്തെ ജനങ്ങളാണെന്ന് രാഹുലിന്റെ വിമര്‍ശനങ്ങളോട് മോദി പ്രതികരിച്ചു.

''പ്രധാനമന്ത്രിയാകാന്‍ അതിയായി ആഗ്രഹിക്കുന്ന ഒരംഗം എന്റടുത്ത് ഓടിയെത്തി കസേരയില്‍നിന്നും എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു''. അധികാരത്തിലെത്താന്‍ എന്തിനാണ് ഇത്ര തിരക്ക്. ഇവിടെയിരിക്കാന്‍ ജനങ്ങളാണ് തെരഞ്ഞെടുക്കേണ്ടതെന്ന് ആ അംഗത്തോട് പറയാന്‍ ആഗ്രഹിക്കുന്നു. അങ്ങനെയാണ് ഞങ്ങളൊക്കെ ഇവിടെയെത്തിയത്. 125 കോടി ജനങ്ങളുടെ അനുഗ്രഹത്തോടെയാണ് തുടരുന്നത്. സ്വാര്‍ഥതാല്‍പര്യം നടപ്പാക്കുന്നതിനല്ല ഭരിക്കുന്നത്. ഞാന്‍ ചെയ്ത നല്ല കാര്യങ്ങളുടെ ബലത്തില്‍ ഇവിടെത്തന്നെ ഇരിക്കുകയും ചെയ്യും''. രാഹുലിന്റെ കെട്ടിപ്പിടിത്തത്തെ പരിഹസിച്ച് പ്രധാനമന്ത്രി പറഞ്ഞു. ദോക്‌ലാം പ്രശ്‌നത്തില്‍ പ്രതിപക്ഷത്തിന് നമ്മുടെ സൈന്യത്തേക്കാള്‍ വിശ്വാസം ചൈനീസ് അംബാസിഡറെയാണെന്ന് മോദി കുറ്റപ്പെടുത്തി. അവര്‍ക്ക് ആരേയും വിശ്വാസമില്ല, എന്നാല്‍ ജനങ്ങള്‍ക്ക് ഞങ്ങളെ വിശ്വാസമുണ്ട്, മോദി പറഞ്ഞു. 

 പ്രധാനമന്ത്രിയുടെ പ്രസംഗം ബഹളമുണ്ടാക്കി തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം നിരന്തരം ശ്രമിച്ചു. അവിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ച നിഷേധ രാഷ്ട്രീയം കൈയാളുന്നവരെയും വികസനം തടസ്സപ്പെടുത്തുന്നവരെയും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മോദിയെ നീക്കൂ എന്ന് മാത്രമാണ് അസഹിഷ്ണുത ബാധിച്ച പ്രതിപക്ഷത്തിന് ഇപ്പോള്‍ ആകെ പറയാനുള്ളത്. 'എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം' എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാവാക്യം. ഏഴ് പതിറ്റാണ്ടായി കൂരിരുട്ടില്‍ കഴിഞ്ഞ 18,000 ഗ്രാമങ്ങള്‍ സര്‍ക്കാര്‍ വൈദ്യുതീകരിച്ചു. അദ്ദേഹം ചൂണ്ടിക്കാട്ടി. 

 കൊട്ടിഘോഷിച്ച പ്രതിപക്ഷ ഐക്യത്തിന്റെ പരാജയം ചര്‍ച്ചയില്‍ ദൃശ്യമായി. ബിജെപിയെ തുറന്നു കാട്ടും എന്നാണ് അവര്‍ അവകാശപ്പെട്ടത്. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചരണത്തിനു തുടക്കം കുറിക്കുന്ന വേദി എന്ന പ്രതീതിയാണ് പാര്‍ലമെന്റില്‍ ഇന്നലെ കണ്ടത്. ശിവസേനയുടെ 18 അംഗങ്ങളും ബിജു ജനതാദളിന്റെ 19 അംഗങ്ങളും കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച ബഹിഷ്‌ക്കരിച്ചു. 

പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചും കണ്ണിറുക്കി കാണിച്ചും ചര്‍ച്ച കോമഡി ഷോയാക്കി മാറ്റിയ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി അവിശ്വാസ പ്രമേയാവതരണത്തോടുള്ള സമീപനം വ്യക്തമാക്കി. പ്രതിപക്ഷ കക്ഷികളിലെ നേതാക്കളാരും ശ്രദ്ധേയമായ പ്രസംഗങ്ങള്‍ നടത്താതെ ചര്‍ച്ച വിരസമാക്കി. ടിഡിപിയിലെ ജയദേവ് ഗല്ലയാണ് വിഷയാവതരണത്തോടെ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. മല്ലികാര്‍ജുന ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍ എന്നിവര്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പ്രസംഗിച്ചെങ്കിലും രാഹുലിന്റെ അബദ്ധങ്ങള്‍ നിറഞ്ഞ പ്രസംഗമായിരുന്നു അവിശ്വാസ ചര്‍ച്ചയ്ക്കായി  കോണ്‍ഗ്രസ് പ്രധാനമായും ഒരുക്കി നിര്‍ത്തിയ ബ്രഹ്മാസ്ത്രം. 

 മുലായം സിങ് യാദവ്, ദിനേശ് ത്രിവേദി, താരിഖ് അന്‍വര്‍ എന്നിവര്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വേണ്ടി സംസാരിച്ചപ്പോള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് പ്രധാനമായും കേന്ദ്രസര്‍ക്കാരിന് വേണ്ടി പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചത്. രാജ്യത്ത് നടന്ന ഏറ്റവും വലിയ ആള്‍ക്കൂട്ട കൊലപാതകമായിരുന്നു 1984ല്‍ നടന്ന സിഖ് കൂട്ടക്കൊലയെന്ന് രാജ്‌നാഥ് സിങ് ആരോപിച്ചു. റാഫേല്‍ കരാര്‍ സംബന്ധിച്ച് നുണ പറഞ്ഞ രാഹുല്‍ മാപ്പ് പറയണമെന്ന് ബിജെപി എംപി അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടു.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.