കവിത മഴനനയുന്നു

Saturday 21 July 2018 9:45 am IST

മഴയില്‍ തുള്ളാത്തവരാകും  വെയില്‍ തിളക്കമാണ് ശുദ്ധമായ സന്തോഷം എന്നു പറയുന്നത്. മഴയോട് പ്രണയ ഭ്രാന്തുമൂത്ത ആരോ ആയിരിക്കണം മനോഹരമായ ഈ വാക്കുകള്‍ പറഞ്ഞത്. മഴയെക്കുറിച്ച് എല്ലാം അതിലുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ എഴുതപ്പെട്ടത് മഴയെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമായിരിക്കും. 

ദുരിത ദുഖങ്ങളും നഷ്ടങ്ങളുമുള്ളപ്പോഴും മഴയെ നമ്മള്‍ ശപിക്കുന്നില്ല. അവസാനം വിധി വിശ്വാസത്തില്‍ ആശ്വസിക്കുകയാണ് പതിവ്. നമ്മുടെ ഈ മഴക്കൊള്ളക്കാലത്തും അങ്ങനെ തന്നെ. നമ്മുടെ വിചാരങ്ങളില്‍ മഴയില്ലാത്തൊരു കാലസൂചകമേ ഇല്ല. മഴ പ്രകൃതിയുടെ ഈണവും ജീവന്റെ താളവുമാണ്. അത് ലോകവാസത്തിന്റെ നൈരന്തര്യവുമാണ്. ഈ തുടര്‍ച്ച കുഞ്ഞുങ്ങളില്‍ തൊട്ട് പ്രായമായവരില്‍വരെ ഒരുപോലെയുണ്ട്. കുട്ടികള്‍ മഴയത്ത് തുള്ളുമ്പോള്‍ വൃദ്ധരില്‍ മഴ തുള്ളുന്നത് മനസിലായിരിക്കും. പ്രായഭേദമില്ലാത്ത ഈ ആനന്ദനൃത്തമാണ് സാഹിത്യവും കലയും സിനിമയുമൊക്കെ മഴനനയാന്‍ ആവോളം നിന്നുകൊടുക്കുന്നത്. 

സിനിമയില്‍ ചിലപ്പോള്‍ പ്രത്യേക മുഹൂര്‍ത്തങ്ങള്‍പോലും മഴയത്തായിരിക്കും. പ്രണയവും പകയും മരണവും വിരഹവുമെല്ലാം മഴയുടെ പശ്ചാത്തലത്തില്‍ മനസിനെ കൂടുതല്‍ അള്ളിപ്പിടിക്കും. മഴ,മഴക്കാറ്, മഴയെത്തുംമുമ്പേ, മഴയത്ത് തുടങ്ങി മഴപ്പേരില്‍ എത്ര സിനിമകളുണ്ട നമുക്ക്. ആയിരക്കണക്കിനു വരുന്ന നമ്മുടെ സിനിമാഗാനങ്ങളിലും മഴയ്ക്കുള്ള സ്ഥാനം വലുതാണ്. അതുപോലെ മഴക്കവിതകളും അനവധി. ചിത്രകലയിലും  കവിത, കഥ, നോവലുകളിലും മഴയ്ക്കുളള കൂടുതലവകാശം കാണാം. പ്രകൃതി ഗായകനായ ഷെല്ലി ദ ക്‌ളൗഡ് എന്ന കവിതയില്‍പ്പറയുന്നത് ഞാന്‍ ഭൂമിയുടേയും ജലത്തിന്റേയും മകളാണെന്നാണ്. നിരവധി ബിംബകല്‍പ്പനകളുടെ ചാരുതയാല്‍ മഴയെക്കുറിച്ച് എഴുതപ്പെട്ട കവിതയാണ് ദ ക്‌ളൗഡ്. 

ഖലീല്‍ ജിബ്രാന്റെ സോങ് ഒഫ് ദ റെയിന്‍ മനോഹരമാണ്. മഴയുടെ ആത്മകഥ എന്നാണ് ഈ കവിതയെ പൊതുവെ പറയുന്നത്. ദൈവങ്ങളുടെ സ്വര്‍ഗത്തില്‍ നിന്നും നേരിട്ടു പതിക്കുന്നതുകൊണ്ട് മഴ വിശുദ്ധിയുള്ളതാണെന്നു കവി . ദൈവത്താലുള്ള ആകാശത്തില്‍നിന്നുമയക്കപ്പെട്ട വെള്ളിത്തുള്ളികള്‍ പോലെയാണ് മഴ. പ്രകൃതിയുടെ വയലേലകളേയും താഴ്വാരങ്ങളേയും അതു സുന്ദരമാക്കുന്നുവെന്ന് ഖലീല്‍ ജിബ്രാന്‍.

മഴയ്ക്കു ശേഷമുള്ള വെയില്‍ത്തിളക്കംപോലെ സുക്ഷിതമാണ് പ്രണയം എന്ന് ഷേക്‌സ്പിയര്‍ പറയുന്നുണ്ട്. മഴയ്ക്കുശേഷമുള്ള വെയിലാണ് അവിടേയും സുരക്ഷിതം. മഴയത്തുപേക്ഷിച്ച വിവാഹകേക്കുപോലെയാണ് എന്റെ മുഖമെന്നാണ് അമേരിക്കന്‍ കവി ഡബ്‌ള്യയു എച്ച് ഓഡന്‍ എഴുതിയത്. സ്വന്തം മുഖത്തെക്കുറിച്ച് എത്ര സത്യസന്ധവും പ്രതീകകല്‍പനയുമായാണ് ഓഡന്‍ പറഞ്ഞതെന്നു നോക്കുക. 

മനോഹരമായ മഴക്കവിതകള്‍ നമുക്കുമുണ്ട്. ഒരു മഴക്കവിത എഴുതാത്ത മലയാള കവി ഇല്ലതന്നെ. പിയും ഭാസ്‌ക്കരനും വയലാറും ഒ എന്‍വിയും വൈലോപ്പിള്ളിയും കടമ്മനിട്ടയും അയ്യപ്പപണിക്കരും സുഗതകുമാരിയും റഫീക് അഹമ്മദുവരെ ഇത്തരത്തില്‍ കവിത തന്നവരാണ്. മലയാളത്തിലെ എക്കാലത്തേയും മികച്ച മഴക്കവിതയാണ് സുഗതയുടെ രാത്രിമഴ. മഴയുടെ നാനാര്‍ഥങ്ങളാല്‍ സമ്പന്നമാണ് രാത്രിമഴ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.