കേന്ദ്രസംഘമെത്തി; 1000 കോടി ആവശ്യപ്പെടുമെന്ന് കേരളം

Saturday 21 July 2018 10:33 am IST

കൊച്ചി: മഴക്കെടുതികള്‍ നേരില്‍ കണ്ട് വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയിട്ടുണ്ട്. ആലപ്പുഴ ജില്ലയുടെ തീര പ്രദേശങ്ങള്‍ ഇവര്‍ സന്ദര്‍ശിക്കും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് സഹായം നല്‍കുക. 

1000 കോടി രൂപ കേന്ദ്രസഹായം വേണമെന്നാണ് കേരളം ആവശ്യപ്പെടുക. കാലവര്‍ഷക്കെടുതി നേരിടുന്നതിന് കേരളത്തിന് 80 കോടി ആദ്യഘട്ടമായി അനുവദിച്ചെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു അറിയിച്ചിരുന്നു. നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷം കൂടുതല്‍ തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മഴക്കെടുതി സംബന്ധിച്ച്‌ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് കേന്ദ്രസംഘമെത്തുന്നത്. ബുധനാഴ്ച രാത്രിയ്ക്ക് ശേഷം മഴയില്‍ നേരിയ ശമനം കണ്ടിരുന്നു. വെള്ളം വലിയുന്നതിനിടെ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കോട്ടയത്ത് മഴ പെയ്തത് ആശങ്ക വര്‍ധിപ്പിച്ചു. എന്നാല്‍ മുന്‍ദിവസങ്ങളിലെ പോലെ മഴ പിന്നീട് പെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ വെള്ളം വേഗത്തില്‍ വലിയുമെന്നാണ് കരുതുന്നത്.

കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കടലില്‍ പോകരുതെന്നും മുന്നറിപ്പ് നല്‍കുന്നു. അടുത്ത 48 മണിക്കൂറില്‍ ശക്തമായ കാറ്റടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. അടുത്ത മൂന്ന് ദിവസം അറബി കടല്‍, ആന്റമാന്‍, ബംഗാള്‍ ഉള്‍ക്കടല്‍, ഒഡീഷ തീരം എന്നിവിടങ്ങളില്‍ അസാധാരണമായ സാഹചര്യമുണ്ടാകാന്‍ സാധ്യതയുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.