കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം

Saturday 21 July 2018 11:53 am IST

തിരുവനന്തപുരം: കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് മന്ത്രിമാര്‍ ആലപ്പുഴ ജില്ലയിലുണ്ട്. എന്നാല്‍ ഒരു മന്ത്രി പോലും ദുരിത ബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി കുട്ടനാടിന്റെ സമീപപ്രദേശത്തുപോലും എത്തിയിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.

കുട്ടനാട്ടിലും ആലപ്പുഴയിലെ മറ്റു പ്രദേശങ്ങളും വെള്ളപ്പൊക്കം കാരണം കടുത്ത ദുരിതം നേരിടുകയാണ്. മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ജനങ്ങള്‍ നട്ടം തിരിയുന്ന ജനങ്ങളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നേയില്ല. അധികൃതര്‍ ദുരിത ബാധിത പ്രദേശങ്ങളിലേക്ക്​ തിരിഞ്ഞു നോക്കുന്നില്ല. ഇതുവരെ സൗജന്യ റേഷന്‍ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. 

രൂക്ഷമായ കാലവര്‍ഷക്കെടുതി ഉണ്ടായിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു പ്രത്യേക കാബിനറ്റ് യോഗം പോലും ചേര്‍ന്നില്ല. മന്ത്രിമാര്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങലുടെ ചുമതല വീതിച്ചു നല്‍കിയിട്ടുമില്ല. ഇതെല്ലാം സാധാരണ ചെയ്യുന്ന കാര്യങ്ങളാണ്. അത് പോലും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കുട്ടനാട്ടിലെ ജനങ്ങള്‍ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് കുടിവെള്ളത്തിനാണ്. വെള്ളം നിറഞ്ഞ വീടുകളില്‍ നിന്നും പലര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ കഴിഞ്ഞിട്ടില്ല. കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്ത് മൃഗങ്ങളെല്ലാം വെള്ളത്തില്‍ കുടങ്ങിയിരിക്കുന്നത് കൊണ്ട് അവയെ ഉപേക്ഷിച്ച്‌ പോകാന്‍ വീട്ടുകാര്‍ക്ക് സാധിക്കുന്നില്ല. ഇതിന് പുറമെ കുട്ടനാട് മുഴുവന്‍ പകര്‍ച്ച വ്യാധി ഭീഷണിയിലുമാണ്. അവിടെ വൈദ്യസഹായം എത്തിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു.  

സംഭരിച്ച നെല്ലെല്ലാം വെള്ളം കയറി ഉപയോഗ ശൂന്യമായത് കര്‍ഷകരെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.