തിരിഞ്ഞ് നോക്കാതെ മന്ത്രിമാര്‍; പാര്‍ട്ടി തിരക്കെന്ന് മന്ത്രി സുധാകരന്‍

Saturday 21 July 2018 2:10 pm IST

ആലപ്പുഴ: കനത്ത മഴ ദുരിതം വിതച്ച പ്രദേശങ്ങളില്‍ ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴും മന്ത്രിമാരും ജനപ്രതിനിധികളും തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാകുന്നു. ആലപ്പുഴ ജില്ലയിലുള്ളവരാണ് കൂടുതലും ദുരിതത്തിലായിരിക്കുന്നത്. പലയിടങ്ങളിലും കുടിവെള്ളം കിട്ടാനില്ല. മലിനജലം ചൂടാക്കി കുടിക്കേണ്ട ഗതികേടിലാണിവര്‍. 

വെള്ളക്കെട്ടിലായ മേഖലകള്‍ പലതും ഒറ്റപ്പെട്ടു. ഗതാഗത സൌകര്യങ്ങളൊന്നും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സൌകര്യമില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ കിട്ടുന്നവരുടെ ജീവിതവും ദുസ്സഹമാണ്. സ്ഥലത്തുണ്ടായിരുന്നിട്ടും കുട്ടനാട്ടില്‍ ജില്ലയിലെ മൂന്നുമന്ത്രിമാരും സ്ഥലം എംഎല്‍എയും ഇതുവരെ ഒന്ന് തിരിഞ്ഞു നോക്കിയിട്ടില്ല. മന്ത്രി ജി.സുധാകരന്‍ ഇന്ന് ആദ്യമായി വെള്ളപ്പൊക്കം ദുരിതം വിതച്ച പ്രദേശങ്ങളില്‍ വരുന്നത്‌ കേന്ദ്രമന്ത്രിക്കൊപ്പമാണ്.

അതേസമയം വിവാദങ്ങളില്‍ ന്യായീകരണവുമായി മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തി. പാര്‍ട്ടിയിലെ തിരക്കുകളാണ് കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം. സിപിഎം സംസ്ഥാന സമിതി ഉള്‍പ്പെടെ മറ്റ് തിരക്കുകളുണ്ടായിരുന്നു. ഇതാണ് കുട്ടനാട്ടില്‍ എത്താതിരിക്കാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു. പ്രളയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തത് ചികില്‍സയിലായതിനാലെന്നാണ് തോമസ് ചാണ്ടി എംഎല്‍എയുടെ വിശദീകരണം. വേണ്ട എല്ലാവിധ സഹായവും രാപകലില്ലാതെ എത്തിക്കുന്നുണ്ടെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. 

സര്‍ക്കാര്‍ പൂര്‍ണപരാജയമെന്ന് സ്ഥലംസന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കുട്ടനാട്ടില്‍ ആകെ എത്തിയത് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ മാത്രമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.