കാടകത്തിന്റെ സങ്കടങ്ങള്‍

Sunday 22 July 2018 3:32 am IST
മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ആദിവാസി ക്ഷേമത്തിനെന്നു പറഞ്ഞ് കോടികള്‍ ചെലവഴിക്കുമ്പോഴും എറണാകുളം ജില്ലയിലെ നാഗരിക ജീവിതത്തില്‍നിന്നും തികച്ചും വിഭിന്ന സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഇവര്‍ നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. അസുഖം വന്നാല്‍ രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നതിനോ വിദഗ്ദ്ധ ചികിത്സ നല്‍കുന്നതിനോ യാതൊരു സംവിധാനങ്ങളുമില്ല. വിദ്യാഭ്യാസ-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കടലാസ്സുകളില്‍ മാത്രം ഒതുങ്ങുകയാണ്.

രായണാ ഹരി നാരായണാ...'' വല്ലാത്തൊരു താളത്തില്‍ നീട്ടിപ്പാടുകയാണ് കാണിക്കാരന്‍ 'നാഗലപ്പന്‍' ആ ഈരടികള്‍ക്കൊപ്പം ചുവടുവച്ചാടുന്ന ഒരു കൂട്ടം വനവാസികള്‍. മുറുക്കിചുവപ്പിച്ച ചുണ്ടുകളില്‍ ചിരിവരുത്തി ആടിത്തിമിര്‍ക്കുമ്പോഴും അവരുടെ ചുമലുകളിലെ തുണിസഞ്ചികളില്‍ താളമാസ്വദിച്ചുറങ്ങുന്ന ബാല്യങ്ങളെ ഒട്ടൊരദ്ഭുതത്തോെടയേ കാണാന്‍ കഴിയൂ. കോതമംഗലം നഗരഹൃദയത്തില്‍ നിന്ന് 48. കി.മീ. അകലെ കുട്ടമ്പുഴ വനാന്തരത്തിനുള്ളിലെ 'ഉറിയംപെട്ടി' വനവാസി ഗ്രാമത്തെക്കുറിച്ചോര്‍ത്തപ്പോള്‍ മനസ്സില്‍ ആദ്യമോടിയെത്തുന്നത് ഈ ദൃശ്യങ്ങളാണ്.

നാഗലപ്പന്‍ പോയ്മറഞ്ഞെങ്കിലും 78 കുടുംബങ്ങള്‍ അധിവസിക്കുന്ന ഉറിയംപെട്ടിയിലെ മുതുവ സംസ്‌കൃതിക്ക് ഭംഗം വരാതെ കാത്തുസൂക്ഷിക്കുവാന്‍ ഇന്നത്തെ കാണിക്കാരന്‍ കുഞ്ചിയപ്പര്‍  അങ്കണനും ഊരുമൂപ്പന്‍ കാമിയപ്പനും ബദ്ധശ്രദ്ധരാണ്. പാരമ്പര്യത്തെയും ദാരിദ്ര്യം നിറഞ്ഞ ദൈന്യതകളെയും ഒരുപോലെ ആശ്ലേഷിക്കുന്ന ഈ കാഴ്ചകള്‍ ഇവിടെ അവസാനിക്കുന്നില്ല. വനവാസി സഹോദരന്മാരുടെ ജീവിത സാഹചര്യങ്ങളുടെ നേര്‍ചിത്രമായി നിരവധി വനവാസി കോളനികള്‍ ഉള്‍പ്പെടുന്ന 'കുട്ടമ്പുഴ' പ്രദേശത്തെക്കുറിച്ച് പുറംലോകത്ത് എത്രപേര്‍ക്കറിയാമെന്നതും ചോദ്യമായി നിലനില്‍ക്കുന്നു.

മഞ്ഞുമൂടിയ മലകളും നിത്യഹരിതവനങ്ങളും നീരുറവകളും കൊച്ചരുവികളും ഒരുമിച്ചുചേര്‍ന്ന് തോടുകളായി, പുഴകളായി, കുട്ടമ്പുഴയായി ഒഴുകുന്നു;  കാട്ടാനക്കൂട്ടങ്ങളും കാട്ടുപോത്തും വാനരക്കൂട്ടങ്ങളും ഉല്ലസിച്ചു വാഴുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് എറണാകുളം ജില്ലയിലെ വനവാസികള്‍ അധിവസിക്കുന്ന ഏക പഞ്ചായത്തായ കുട്ടമ്പുഴ. മലനിരകളും പെരിയാര്‍ വാലിയും അതിര്‍ത്തികളൊരുക്കുന്ന ഘോരവനാന്തരങ്ങളിലെ 543 ചതുരശ്ര കി.മീ. വിസ്തൃതിയില്‍ പതിനാലു ഊരുകളിലായി ജീവിതത്തിന്റെ ചെറു സ്വപ്‌നങ്ങള്‍ സ്വരുക്കൂട്ടുവാന്‍ ശ്രമിക്കുന്ന വനവാസി സമൂഹങ്ങള്‍. മുതുവ സമൂഹത്തിനൊപ്പം മന്നാന്‍, മലയരയന്‍ എന്നീ വിഭാഗങ്ങളും ഉള്ളാടനും മലയാളികളും ഇവിടെ അധിവസിക്കുന്നുണ്ട്.

പതിനാലോളം പ്രധാന ഊരുകളില്‍ വാരിയം, തേര, ഉറിയംപെട്ടി എന്നീ ഊരുകളാണ്  ഏറ്റവും ഉള്‍വനത്തിനുള്ളില്‍. 168 കുടുംബങ്ങള്‍ കുത്തിയൊഴുകുന്ന തോടുകളും തകര്‍ന്ന കാട്ടുപാതകളും കാട്ടാനക്കൂട്ടങ്ങളും കനത്ത മൂടല്‍മഞ്ഞും തീര്‍ക്കുന്ന പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട് ദൈന്യതകള്‍ക്കും ദാരിദ്ര്യത്തിനുമിടയിലും സ്വന്തം ആചാര-വിശ്വാസ ജീവിത രീതികളെ ഇവര്‍ മുറുകെപ്പിടിക്കുന്നു. 

പന്തപ്ര, കുഞ്ചിപ്പാറ, തലവച്ചുപ്പാറ, മേടനാപ്പാറ, പിണവൂര്‍കുടി, വെള്ളാരംകുത്ത്, താളംകണ്ടം, ഏണിപ്പാറ, ഇളംബ്ലാശ്ശേരി ഇങ്ങനെ നീളുന്നു മറ്റ് ഊരുകള്‍. എല്ലായിടത്തുംകൂടി ഏതാണ്ട് ആയിരത്തോളം കുടുംബങ്ങള്‍ അധിവസിച്ചുവരുന്നു. കുട്ടമ്പുഴയിലെ നിബിഡവനമേഖലകളില്‍ ചിതറിക്കിടക്കുകയാണ് പതിനാല് ഊരുകള്‍, ദുര്‍ഘടമായ കാട്ടുപാതകളിലൂടെ വന്യമൃഗ ശല്യങ്ങളെ അതിജീവിച്ചുമാത്രമേ ഇതില്‍ പല ഊരുകളിലേക്കും ചെന്നെത്തുവാന്‍ കഴിയൂ.

മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ആദിവാസി ക്ഷേമത്തിനെന്നു പറഞ്ഞ് കോടികള്‍ ചെലവഴിക്കുമ്പോഴും എറണാകുളം ജില്ലയിലെ നാഗരിക ജീവിതത്തില്‍നിന്നും തികച്ചും വിഭിന്ന സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഇവര്‍ നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. അസുഖം വന്നാല്‍ രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നതിനോ വിദഗ്ദ്ധ ചികിത്സ നല്‍കുന്നതിനോ യാതൊരു സംവിധാനങ്ങളുമില്ല. വിദ്യാഭ്യാസ-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കടലാസ്സുകളില്‍ മാത്രം ഒതുങ്ങുകയാണ്. എല്ലാ വനവാസി ഗ്രാമങ്ങളിലേക്കും എസ്ടി പ്രമോട്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവരെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുവാനോ, പദ്ധതികളാവിഷ്‌കരിച്ചു നടപ്പിലാക്കുവാനോ ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇന്ന് അവകാശങ്ങള്‍ക്കും സ്വസ്ഥമായ ജീവിത സാഹചര്യങ്ങള്‍ക്കും വേണ്ടി സ്വയം സമരസജ്ജരാകേണ്ട സാഹചര്യമാണ് ഇവിടെയുള്ളവര്‍ക്ക്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വാരിയത്തുനിന്ന് കണ്ടംപാറയില്‍ അഭയംതേടി ഇപ്പോള്‍ പന്തപ്ര ജീവിച്ചുവരുന്ന വനവാസി സമൂഹം. വീടുവയ്ക്കുവാനും  കൃഷി ഭൂമി പതിച്ചുകിട്ടുവാനുമായി നിരന്തര സമരങ്ങള്‍ നടത്തിയതിന്റെയും, സര്‍ക്കാര്‍ ഓഫീസുകളില്‍ അഭയാര്‍ത്ഥികളെപ്പോലെ കേറിയിറങ്ങി, തലസ്ഥാന നഗരിയിലെ റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും പത്രത്താളുകളില്‍ കിടന്നുറങ്ങിയതിന്റെയും നിരവധി കഥകള്‍ പറയാനുണ്ട്, ഇവിടുത്തെ ഊരു മൂപ്പന്‍ കുട്ടന്‍ ഗോപാലനും തങ്കപ്പന്‍ കാണിക്കും. നീണ്ട സമരങ്ങള്‍ക്കൊടുവില്‍ ഭൂമി അനുവദിച്ചുകിട്ടിയെങ്കിലും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാതെ കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ വീണ്ടും സമരത്തിനൊരുങ്ങേണ്ട ഗതികേടിലാണിവര്‍. മണ്ണിന്റെ മക്കള്‍ സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളാകുന്ന കാഴ്ചകള്‍ മറ്റെവിടെയുംപോലെ ഇവിടെയും തുടരുകയാണ്.

                                          പ്രത്യാശയുടെ കിരണങ്ങള്‍

കോതമംഗലം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന 'സേവാകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റി' എന്ന സന്നദ്ധ സേവാ സമിതി കുട്ടമ്പുഴയിലെ വനവാസികളുടെ ഉന്നമനത്തിനായി ചില ശ്രമങ്ങള്‍ നടത്തിവരുന്നു. യൂണിയന്‍ ബാങ്കുമായി ചേര്‍ന്ന് ഏതാണ്ടെല്ലാ ഗ്രാമങ്ങളിലെയും കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുവാന്‍ സേവാകിരണിന് സാധിച്ചിട്ടുണ്ട്. വിദൂര മേഖലയില്‍ സ്ഥിതിചെയ്യുന്ന ഉറിയംപെട്ടിയില്‍  ക്ഷേത്രവും കുടിവെള്ള പദ്ധതിയും കമ്യൂണിറ്റി ഹാളും നിര്‍മിച്ചു നല്‍കിയതും, ഓണക്കാലത്ത് വനവാസി ഗ്രാമങ്ങളില്‍ ഓണാഘോഷങ്ങളൊരുക്കി വരുന്നതും, ഓണക്കിറ്റു വിതരണ പരിപാടികളും എടുത്തുപറയേണ്ടവ തന്നെയാണ്.

മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചും സൗജന്യ കമ്പിളി വിതരണം, വസ്ത്രവിതരണം എന്നിങ്ങനെ ചെറുതും വലുതുമായ ധാരാളം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നു. 'സേവാകിരണിന്റെ പ്രവര്‍ത്തനങ്ങളെ വനവാസികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുകൊണ്ടിരിക്കുന്നു. ഈ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ ക്ഷേമത്തിനും തുടര്‍വിദ്യാഭ്യാസത്തിനുമായി ടിഎസ്ഡിപി (ട്രൈബല്‍ സ്റ്റുഡന്റ്‌സ് ഡെവലപ്‌മെന്റ് പ്രോഗ്രാം) എന്ന പുതിയൊരു പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് സേവാകിരണ്‍.

sajeev.pg1@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.