മഞ്ഞുമല വരുന്നു; മരുഭൂമിയെ തേടി

Sunday 22 July 2018 3:46 am IST
ഭീമാകാരനായ ഹിമാനി അറബി നാടിന്റെ തീരത്തെത്തുന്നത് അന്നാടുകളിലെ സൂക്ഷ്മകാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴ തീരെ കുറവായ യുഎഇയില്‍ അത് മഴയ്ക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമത്രെ. ഹിമാനികളെ കറന്നെടുക്കുന്ന ആശയം അറബ് നാടുകളില്‍ മാത്രമല്ല സജീവ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടിരിക്കുന്നത്.

ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍ക്കിടയിലൂടെ അലസഗമനം നടത്തുന്ന കൂറ്റന്‍ മഞ്ഞ് മലകള്‍ എന്നും കപ്പല്‍ യാത്രികരുടെ പേടിസ്വപ്‌നമാണ്. അത്തരമൊരു മഞ്ഞ്മലയാണല്ലോ ടൈറ്റാനിക്കിനെ അറ്റ്‌ലാന്റിക്കിന്റെ അഗാധതകളിലേക്ക് മുക്കിത്താഴ്ത്തിയത്. എന്നാല്‍ അപകടകാരികളായ ഇത്തരം മഞ്ഞ് മലകളെ അനുഭവയോഗ്യമാക്കിത്തീര്‍ക്കുവാനുള്ള ദൃഢനിശ്ചയത്തിലാണ് സൗദി അറേബ്യയിലെ ഒരു സ്വകാര്യ കമ്പനി. കണികാണാന്‍പോലും മഴ കിട്ടാത്ത മരുഭൂമിയില്‍ മഞ്ഞുമലകളെത്തിച്ച് വസന്തം വിരിയിക്കാമെന്നും ഈ കമ്പനി പറയുന്നു. അബുദബി ആസ്ഥാനമായുള്ള 'നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ്' എന്ന കമ്പനിയാണ് മരുഭൂമിയില്‍ മഞ്ഞുമലകളെ എത്തിക്കുക. മലകളെത്തിക്കുന്നത് അങ്ങകലെ അന്റാര്‍ട്ടിക്കയില്‍നിന്ന്.

ആഗോള താപനത്തിന്റെ കൊടുംക്രൂരതകള്‍ ആഗോളവ്യാപകമായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. താപനത്തിന്റെ തീക്ഷ്ണത മൂലം മഞ്ഞിന്റെ ആലയമായ അന്റാര്‍ട്ടിക്കയിലെ കൂറ്റന്‍ ഹിമാനികള്‍ വേര്‍പെട്ട് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഒഴുകി നടക്കുന്നത് സാധാരണ അനുഭവം. അത്തരം പടുകൂറ്റന്‍ ഹിമാനികളെ പ്രത്യേകതരം കപ്പലുകള്‍ ഉപയോഗിച്ച് കെട്ടിവലിച്ചുകൊണ്ടുവരാനാണ് ഗള്‍ഫിലെ കമ്പനി ലക്ഷ്യമിടുന്നത്. യുഎഇയുടെ വടക്കന്‍ തീരത്തുള്ള ഫുജായ്‌റയിലേക്കാണത്രെ മഞ്ഞുമലകളെ ആവാഹിച്ചുവരുത്തുന്നത്. ചെലവ് വെറും അഞ്ഞൂറുലക്ഷം ഡോളര്‍. ചിലപ്പോള്‍ അത് ആയിരം കവിഞ്ഞേക്കാമെന്നു മാത്രം. 

ഒരു കിലോമീറ്ററിലേറെ നീളവും വീതിയും ആഴവുമൊക്കെയുള്ള മഞ്ഞുമലയുടെ 80 ശതമാനവും ജലനിരപ്പിനു താഴെയായിരിക്കും. ഇപ്രകാരമുള്ള ഹിമാനികളില്‍ ശരാശരി  20 ബില്യന്‍ ഗ്യാലന്‍ വെള്ളം കാണുമെന്ന് സാങ്കേതിക വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നു. ഒരു ദശലക്ഷം പേര്‍ അധിവസിക്കുന്ന ഒരു നഗരത്തിന് അഞ്ചുവര്‍ഷത്തേക്കാവശ്യമായ കുടിവെള്ളം നല്‍കാന്‍ അത്തരമൊരു ഹിമാനിക്ക് കഴിയുമത്രെ. ആവശ്യമെങ്കില്‍ ബാക്കി വെള്ളം കയറ്റുമതി ചെയ്യാനുമാവും. '2020 ല്‍ ഈ പ്രോജക്ട് പൂര്‍ത്തിയാവുമ്പോള്‍ യുഎഇ ലോകത്തെ ഏറ്റവും വലിയ ശുദ്ധജല കയറ്റുമതിക്കാരായി മാറും.' കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ അബ്ദുള്ള മുഹമ്മദ് സുലൈമാന്‍ അല്‍ഷഹായ് പറയുന്നു. ഈ പദ്ധതിയെക്കുറിച്ചും അതിന്റെ വിജയത്തെക്കുറിച്ചും ശങ്ക വേണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. യുഎഇയുടെ ഹിമാനി പ്രോജക്ട് സാമ്പത്തികമായും സാങ്കേതികമായും വാണിജ്യപരമായും വിജയിക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. പദ്ധതി 2018 ല്‍ തന്നെ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ആയിരം ദശലക്ഷം ടണ്‍ എങ്കിലും ഭാരമുള്ള ഹിമാനിയെ കൊണ്ടുവരാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉപഗ്രഹ മാപ്പിങ്ങിന്റെ സഹായത്തോടെ അതിനു യോജിച്ച ഹിമാനികളെ കണ്ടെത്തണം. വടക്കന്‍ കടലുകളില്‍ സമുദ്രപ്രവാഹങ്ങളുടെ കൃത്യമായ ദിശയും കാലവും ഉറപ്പാക്കണം. പടുകൂറ്റന്‍ ഹിമാനികളെ കെട്ടിവലിക്കാന്‍ കരുത്തുറ്റ കപ്പലുകള്‍ വേണം. അത്തരമൊരു ഹിമാനിയെ അന്റാര്‍ട്ടിക്കയില്‍ നിന്ന് അറബി നാടുകളിലെത്തിക്കാന്‍ ഒന്‍പത് മാസമെങ്കിലും വേണ്ടിവരുമെന്ന് വിദഗ്ദ്ധര്‍  കണക്ക് കൂട്ടുന്നു. ലോകത്ത് ലഭ്യമായ ശുദ്ധജലത്തിന്റെ മുക്കാല്‍ ഭാഗവും അന്റാര്‍ട്ടിക്കയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതുകൊണ്ട് എത്ര വേണമെങ്കിലും കൊണ്ടുപോരാമെന്നാണ് കമ്പനിക്കാരുടെ വാദം. അതുകൊണ്ട് പരിസ്ഥിതിപരമായോ ജൈവപരമായോ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാവാനിടയില്ലെന്നും അവര്‍ നിരീക്ഷിക്കുന്നു. എങ്കിലും ഒരുപാട് സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

ഭീമാകാരനായ ഹിമാനി അറബി നാടിന്റെ തീരത്തെത്തുന്നത് അന്നാടുകളിലെ സൂക്ഷ്മകാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴ തീരെ കുറവായ യുഎഇയില്‍ അത് മഴയ്ക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമത്രെ. ''മഴമേഘങ്ങളെ സുസജ്ജരാക്കാന്‍ ഈ യത്‌നം ഇടവരുത്തും. ഹിമാനി ടൂറിസം നടപ്പാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി യുഎഇ മാറും. ഹിമാനികളെ കാണാന്‍ ഇനി ആരും ധ്രുവയാത്ര ചെയ്യേണ്ടിവരില്ല. അല്‍ഷഹായ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ.

തീരത്തെത്തിക്കുന്ന മഞ്ഞുമലകള്‍ ഇടിച്ചുപൊടിച്ച് വെള്ളമാക്കി പടുകൂറ്റന്‍ ടാങ്കുകളില്‍ ശേഖരിച്ച് വിതരണം ചെയ്യാനാണ് അറബ് കമ്പനി ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും ശുദ്ധമായ ജലമെന്ന ഖ്യാതിയില്‍ കുപ്പിയില്‍ അതിനെ വിപണനം ചെയ്യുവാനുമാകും.

ഹിമാനികളെ കറന്നെടുക്കുന്ന ആശയം അറബ് നാടുകളില്‍ മാത്രമല്ല സജീവ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. ശുദ്ധജല ക്ഷാമത്തില്‍ എരിപൊരി കൊള്ളുന്ന ദക്ഷിണാഫ്രിക്കയും ഇപ്പോള്‍ ഈ വഴിക്ക് ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. അന്റാര്‍ട്ടിക്കയില്‍നിന്ന് കൂറ്റന്‍ ഹിമാനികളെ കെട്ടിവലിച്ചുകൊണ്ടുവന്ന് ജലക്ഷാമം പരിഹരിക്കുന്ന സാഹസിക വ്യവസായിയായ നിക്‌സൊളാന്‍ പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. ഡ്രോണുകളുടെയും റേഡിയോഗ്രഫി സ്‌കാനുകളുടെയും സഹായത്തോടെ തെരഞ്ഞെടുത്ത് ആഴം ഉള്ള ഹിമാനികളെ കൊണ്ടുവരാമെന്നാണ് നിക്‌സൊളാന്‍ കണക്കുകൂട്ടുന്നത്. എങ്കിലും ഹിമാനി ലക്ഷ്യസ്ഥാനത്തെത്തും മുന്‍പ് ഉരുകിത്തീരുമോയെന്ന ആശങ്കയുമുണ്ട്. 

ആഗോളതാപനത്തിന്റെ തിക്തഫലമെന്നോണം നിരവധി രാജ്യങ്ങള്‍ അതിഭീകരമായ വരള്‍ച്ചയെ നേരിടുമ്പോള്‍ അതേ താപനത്തിന്റെ ഫലമായി പൊട്ടിയൊഴുകി നടക്കുന്ന മഞ്ഞുമലകള്‍ അതത് നാട്ടുകാര്‍ക്ക് വെള്ളം നല്‍കാനെത്തുക തീര്‍ച്ചയായും രസകരമായ ഒരു വൈരുദ്ധ്യമാണ്. പക്ഷേ ഇതൊക്കെ സാധിക്കുക സമ്പന്നര്‍ക്കു മാത്രമാണെന്നതാണ് അതിന്റെ മറുവശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.