അഭിനയത്തിന്റെ നീരാളിപ്പിടുത്തം

Sunday 22 July 2018 3:59 am IST

മോഹന്‍ലാലിന്റെ 2018 ലെ ആദ്യ ചിത്രം നീരാളി, പേരുപോലെ മനസ്സിനെ വലിഞ്ഞുമുറുക്കുന്ന ദൃശ്യാനുഭവം. നീണ്ട കാത്തിരിപ്പിനുശേഷം തങ്ങള്‍ക്കുണ്ടാകാന്‍ പോകുന്ന കുഞ്ഞിനെ കാണുന്നതിനായി ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയിലാണ് സണ്ണി ജോര്‍ജ്ജ്. യാത്രാമധ്യേ സംഭവിക്കുന്ന അപകടത്തില്‍നിന്ന് ആരംഭിക്കുന്ന ചിത്രം രേഖീയമായല്ല സംവിധായകന്‍ പറയുന്നത്. അപകടത്തില്‍പ്പെട്ട് കൊക്കയിലേക്ക് തൂങ്ങിനില്‍ക്കുന്ന ജിപ്‌സി, മൃതപ്രായനായ ഡ്രൈവര്‍ വീരപ്പന്‍, ഇതിനെല്ലാം സാക്ഷിയായി ഒരു വാനരനും. തനിക്ക് കുട്ടി ജനിക്കുമ്പോള്‍ താന്‍ മരിക്കുമെന്ന സത്യത്തോട് പടവെട്ടുകയാണ് സണ്ണി ജോര്‍ജ്ജ്. 

ഔട്ട്‌ഗോയിങ് ഇല്ലാത്ത മൊബൈലിലേക്ക് വരുന്ന ഗര്‍ഭിണിയായ ഭാര്യയുടെ ഇന്‍കമിങ് കോള്‍, അപകടം മൂന്നാമതൊരാളെ അറിയിക്കാനായി കിട്ടുന്ന അവസരം. ഭാര്യയുടെ സ്വഭാവം അതിന് വിനയാകുന്നു. മരണത്തിലേക്ക് തൂങ്ങിനില്‍ക്കുന്ന സണ്ണിയെ തിരിച്ചറിയാതെ ഭാര്യയുടെ അനവസരത്തിലുള്ള പരിഭവങ്ങളും പ്രണയവും. സണ്ണിയോടുള്ള പ്രണയം ശത്രുതയായ സഹജീവനക്കാരിയും വിളിക്കുന്നുണ്ട്. അവള്‍ പക്ഷേ അപകടത്തെ ആഘോഷമാക്കുന്നു. സണ്ണി രക്ഷപ്പെടലിനായി പല വഴികള്‍ തേടുന്നു. എല്ലാം കൂടുതല്‍ അപകടത്തിലേക്ക്. 

മരണത്തിന്റെ നീരാളിപ്പിടുത്തത്തിലൂടെയുള്ള രണ്ട് മണിക്കൂര്‍ അവിസ്മരണീയമാക്കിയിട്ടുണ്ട് സംവിധായകന്‍ അജോയ് വര്‍മ്മ. തികവാര്‍ന്ന ഗ്രാഫിക്‌സും ഫോട്ടോഗ്രാഫിയും ചിത്രത്തെ ആകര്‍ഷണീയമാക്കുന്നു. വിരസമാകേണ്ടുന്ന രംഗങ്ങളെ തങ്ങളുടെ പ്രകടനംകൊണ്ട് മറികടക്കുകയാണ് ലാലും സുരാജും. മഹാനടനും മുകളിലാണ് താനെന്ന് ചില രംഗങ്ങളില്‍ സുരാജ് പറയുന്നു. അപകടങ്ങളില്‍ ചിലപ്പോള്‍ മിത്രങ്ങളേക്കാള്‍ ഉപകരിക്കുക ശത്രുകളാകും എന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു. മരണത്തിന്റെ നീരാളിപ്പിടുത്തം ചെറുവേദനയോടെയേ കണ്ടിരിക്കാനാവൂ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.