ഇസ്രയേലും പലസ്തീനും തമ്മില്‍ ധാരണ: ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചു

Saturday 21 July 2018 7:03 pm IST
ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചതായി ഇസ്രായേലിന്റെ ഭാഗത്ത് നിന്നുള്ള ഉറപ്പ് കൂടി ലഭിക്കേണ്ടിയിരുന്നു. എന്നാല്‍ ഗാസയ്ക്ക് സമീപം നിലയുറപ്പിച്ചിരുന്ന സൈനിക സംഘങ്ങളെ തിരികെ വിളിച്ചുകഴിഞ്ഞു എന്നാണ് ഇസ്രയേല്‍ സൈന്യം പുറത്തിറക്കിയിരിക്കുന്ന പ്രസ്താവന വ്യക്തമാക്കുന്നത്.

ജെറുസലേം: ഗാസയില്‍ ഇസ്രയേലും പലസ്തീനും തമ്മില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ധാരണ. വെള്ളിയാഴ്ച ഗാസയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് പലസ്തീനികളും ഒരു ഇസ്രയേല്‍ സൈനികനും കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇരു വിഭാഗങ്ങളും തമ്മില്‍ സന്ധിയിലെത്താന്‍ തീരുമാനിച്ചത്. മാര്‍ച്ച് 30ന് തുടങ്ങിയ ഏറ്റുമുട്ടലില്‍ ഇതുവരെ 140 പലസ്തീന്‍കാരെയാണ് ഇസ്രയേല്‍ പട്ടാളം കൊലപ്പെടുത്തിയത്. ഈജിപ്തും യുഎന്നും മുന്‍കൈയ്യെടുത്ത് നടത്തിയ മധ്യസ്ഥ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇരു കൂട്ടരും തമ്മില്‍ ധാരണയില്‍ എത്തിയതെന്ന് ഹമാസ് വക്താവ് ഫവാസി ബര്‍ഹൗം പറഞ്ഞു. 

ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചതായി ഇസ്രായേലിന്റെ ഭാഗത്ത് നിന്നുള്ള ഉറപ്പ് കൂടി ലഭിക്കേണ്ടിയിരുന്നു. എന്നാല്‍ ഗാസയ്ക്ക് സമീപം നിലയുറപ്പിച്ചിരുന്ന സൈനിക സംഘങ്ങളെ തിരികെ വിളിച്ചുകഴിഞ്ഞു എന്നാണ് ഇസ്രയേല്‍ സൈന്യം പുറത്തിറക്കിയിരിക്കുന്ന പ്രസ്താവന വ്യക്തമാക്കുന്നത്. 

ഇസ്രയേലിനെയും പലസ്തീനിനെയും വേര്‍തിരിക്കുന്ന വേലിക്കരികെ തടിച്ചുകൂടിയ പലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തതിനെ തുടര്‍ന്ന് 27 കാരന്‍ കൊല്ലപ്പെടുകയും 120 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.

ഇസ്രയേലിന്റെ ശക്തമായ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം തങ്ങളുടെ മൂന്ന് അംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസും അറിയിച്ചു.

എന്നാല്‍ പലസ്തീനിയന്‍ ആയുധധാരി ഇസ്രയേല്‍ സൈനികനെ കൊലപ്പെടുത്തിയതോടെയാണ് തങ്ങള്‍ തിരിച്ചടിച്ചത് എന്നായിരുന്നു ഇസ്രയേലിന്റെ പക്ഷം.2014 ലെ ഗാസാ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇസ്രായേല്‍ സൈനികന്‍ ഈ പ്രദേശത്ത് കൊല്ലപ്പെടുന്നത്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.