ചതുപ്പുകള്‍ കൂടിച്ചേര്‍ന്നാല്‍ താമരയ്ക്കു ഗുണം: മോദി

Saturday 21 July 2018 7:51 pm IST
ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തോട് അതിന്റെ കാരണം ചോദിച്ചപ്പോള്‍ മറുപടിയുണ്ടായില്ല. പരാജയപ്പെട്ടപ്പോള്‍ അനാവശ്യമായ ഒരു ആലിംഗനമായിരുന്നു ലഭിച്ചതെന്നും മോദി കുറ്റപ്പെടുത്തി.

ലഖ്‌നൗ:   ലോക്‌സഭയില്‍ വിശ്വാസവോട്ടെടുപ്പിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ ആലിംഗനം അനാവശ്യസമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ കിസാന്‍ കല്യാണ്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തോട് അതിന്റെ കാരണം ചോദിച്ചപ്പോള്‍ മറുപടിയുണ്ടായില്ല.  പരാജയപ്പെട്ടപ്പോള്‍ അനാവശ്യമായ ഒരു ആലിംഗനമായിരുന്നു ലഭിച്ചതെന്നും മോദി കുറ്റപ്പെടുത്തി.   

ലോക്‌സഭയില്‍ പ്രതിപക്ഷനിരയില്‍ പല പാര്‍ട്ടികളും ഒത്തുചേരാനുള്ള ശ്രമം ഉണ്ടായി. അധികാരത്തിനുവേണ്ടി ഒന്നിനു മേല്‍ ഒന്നായി കൂടുന്ന പാര്‍ട്ടികള്‍ സൃഷ്ടിക്കുന്ന ചതുപ്പുകളില്‍ നിന്ന് നിരവധി താമരകള്‍ വിരിയും. എല്ലാവരും പ്രധാനമന്ത്രിക്കസേരയ്ക്കു പിറകെയുള്ള ഓട്ടത്തിലാണ്. രാജ്യത്തെ യുവജനങ്ങളെയും കര്‍ഷകരെയും അവര്‍ മറക്കുകയാണ്. ഇന്നലെ ലോക്‌സഭയില്‍ നടന്ന സംഭവങ്ങളില്‍ നിങ്ങള്‍ സംതൃപ്തരാണോ. ആരാണ് തെറ്റ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയോ ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ. പാവങ്ങള്‍ക്കും രാജ്യത്തിനും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു. അഴിമതിക്കെതിരെ പോരാടുന്നു. ഇതാണ് ഞാന്‍ ചെയ്യുന്ന കുറ്റം, മോദി പറഞ്ഞു.

കര്‍ഷകരെ സഹായിക്കാന്‍ മുന്‍കൈയെടുത്ത്, സര്‍ക്കാരുണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രധാന തീരുമാനങ്ങള്‍ മോദി ചൂണ്ടിക്കാട്ടി .കര്‍ഷകരുടെ ക്ഷേമത്തിനായി മുന്‍കാലങ്ങളില്‍ ഭരിച്ച കക്ഷികള്‍ എന്ത് ചെയ്തുവെന്നും മോദി ചോദിച്ചു. ഈ രാജ്യത്തെ കര്‍ഷകരുടെ കഠിനാധ്വാനത്തെ ബഹുമാനിക്കുന്നു.

കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കിയുള്ള പദ്ധതികള്‍ നടപ്പാക്കും. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ദല്‍ഹിയില്‍ കരിമ്പ് കര്‍ഷകര്‍ തന്നെ കണ്ടിരുന്നു. അവര്‍ക്ക് ഒരു നല്ല വാര്‍ത്ത കിട്ടുമെന്ന് അന്ന് വാഗ്ദാനം ചെയ്തിരുന്നു, കരിമ്പ് കൃഷിക്കാര്‍ക്ക് 80 ശതമാനം അധികലാഭം ഉറപ്പാക്കും. ശര്‍ക്കര, കരിമ്പ് എന്നിവയില്‍ നിന്ന് എത്തനോള്‍ ഉല്‍പാദിപ്പിക്കാന്‍ മില്ലുകള്‍ തുടങ്ങും, മോദി പറഞ്ഞു.

ഹര്‍ദോയി, ലഖിംപുര്‍ ഖേരി, പിലിഭിത്ത്, സിതാപൂര്‍, ബറേലി, ബദൗണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എട്ടു ജില്ലകളിലെ പാര്‍ട്ടി പ്രവര്‍ത്തകരും കര്‍ഷകരുമാണ് റാലിയില്‍ പങ്കെടുത്തത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കരിമ്പുല്‍പാദിപ്പിക്കുന്ന മേഖല കൂടിയാണിവിടം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.