എന്തുകൊണ്ട് രാമന്‍

Sunday 22 July 2018 2:29 am IST

ക്ഷണിക്കപ്പെട്ട അതിഥികള്‍ നിറഞ്ഞ സഭയില്‍ ദശരഥന്‍ ഇക്ഷ്വാകുവംശത്തിന്റെ ജനക്ഷേമകരമായ ഭരണത്തെപ്പറ്റിയും പ്രായംചെന്ന തന്റെ ശരീരത്തിന് വിശ്രമം നല്‍കുന്നതില്‍ താത്പര്യമുള്ളതിനെപ്പറ്റിയും പറയുകയുണ്ടായി. അതിനാല്‍ എല്ലാ സദ്ഗുണങ്ങളും തികഞ്ഞ തന്റെ മൂത്തപു

ത്രനായ രാമനെ അടുത്ത പൂയം നക്ഷത്രത്തില്‍ യുവരാജാവായി അഭിഷേകം ചെയ്യുവാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു. തന്റെ ഈ നിര്‍ദ്ദേശത്തോട് സന്നിഹിതരായിരിക്കുന്ന മഹത്തുക്കള്‍ക്ക് യോജിപ്പാണെങ്കില്‍ താന്‍ എങ്ങനെ മുമ്പോട്ടുപോകണമെന്ന് ഉപദേശിക്കുവാനും മഹാരാജാവ് അഭ്യര്‍ത്ഥിച്ചു. തന്റെ അഭിപ്രായത്തോട് വിയോജിക്കുന്നതും എന്നാല്‍ മെച്ചപ്പെട്ടതുമായ അഭിപ്രായം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അതവതരിപ്പിക്കുവാനും ദശരഥന്‍ സദസ്യരോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി.

സദസ്യര്‍ ഒന്നടങ്കം മഹാരാജാവിന്റെ നിര്‍ദ്ദേശത്തോടു യോജിക്കുകയും രഘുവംശത്തിന്റെ വീരനായ രാമനെ തങ്ങളുടെ യുവരാജാവായി കാണുവാനാഗ്രഹിക്കുന്നതായി പറയുകയും ചെയ്തു. അപ്പോഴാണ് ദശരഥന്‍ തന്റെ ഒരു സംശയം ആ സഭയുടെ മുമ്പില്‍ വെച്ചത് –'താന്‍ ധര്‍മ്മാധിഷ്ഠിതമായി ഭരണം നടത്തുമ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ രാമനെ യുവരാജാവായി കാണുവാന്‍ ആഗ്രഹിക്കുന്നത്?'

ഇതിനുത്തരമായി സഭാവാസികള്‍ രാമന്റെ ഗുണഗണങ്ങളെ ഒന്നൊന്നായി വാഴ്ത്തിത്തുടങ്ങി. സംക്ഷിപ്തമായി പറയുകയാണെങ്കില്‍ ജ്ഞാനവും ധര്‍മ്മവും ഐശ്വര്യവും രാമനില്‍നിന്നാണ് പ്രവഹിക്കുന്നതത്രേ. 'നഗരങ്ങളിലും ഗ്രാമങ്ങളിലും ജനപദങ്ങളിലും വൃദ്ധകളും തരുണികളും പ്രഭാതത്തിലും പ്രദോഷത്തിലും ഏതൊരു രാമന്റെ നന്മക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവോ ആ രാമന്‍ യുവരാജാവാകാന്‍ സര്‍വഥാ യോഗ്യനാണ്. ഇന്ദീവരശ്യാമനും ശത്രുസംഹാരിയുമായ രാമന്‍ വിഷ്ണുതുല്യനാണ്. വിശ്വത്തിന്റെ മുഴുവന്‍ ശുഭകാംക്ഷിയുമത്രേ. അങ്ങനെയുള്ള രാമനെ യുവരാജാവായി അഭിഷേകം ചെയ്യുകതന്നെ വേണം'. സഭാവാസികളുടെ നിഗമനം ഇതായിരുന്നു.

ഇതില്‍ അതീവസന്തുഷ്ടനായ ദശരഥന്‍ സഭാവാസികള്‍ കേള്‍ക്കെത്തന്നെ വസിഷ്ഠനോടും വാമദേവനോടും മറ്റു ബ്രാഹ്മണരോടുമായി ഇപ്രകാരം പറയുകയുണ്ടായി 'പാവനവും മനോഹരവുമായ ഈ ചൈത്രമാസത്തില്‍ത്തന്നെ രാമനെ യുവരാജാവായി അഭിഷേകം ചെയ്യുവാന്‍ വേണ്ട ഒരുക്കങ്ങള്‍ ചെയ്താലും'. വസിഷ്ഠന്‍ ഇക്കാര്യത്തില്‍ വേണ്ട നി

ര്‍ദ്ദേശങ്ങള്‍ സുമന്ത്രര്‍ക്കു നല്‍കുകയും ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.