ഗുരുപൂര്‍ണിമ

Sunday 22 July 2018 2:01 am IST

മക്കളേ,

ആത്മസാക്ഷാത്കാരത്തിന് ഗുരുവിന്റെ ആവശ്യമുണ്ടോ, ഗുരുവിനോടുള്ള അനുസരണ അടിമത്തമല്ലേ എന്നെല്ലാം പലരും സംശയിക്കാറുണ്ട്. താന്‍ ഒരു യാചകനാണെന്ന് സ്വപ്‌നം കണ്ടു ദുഃഖിക്കുന്ന രാജാവിനെപ്പോലെയാണ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥ. ആ ദുഃഖത്തിനു കാരണമായ അജ്ഞാന നിദ്രയില്‍ നിന്ന് നമ്മെ ഉണര്‍ത്തുന്ന ആളാണ് ഗുരു. ഏതോ ഭ്രമത്തില്‍പ്പെട്ടു നമ്മള്‍ എല്ലാം മറന്നിരിക്കുകയാണ്.  ഈ ഭ്രമത്തില്‍നിന്ന് സ്വയം ഉണരാന്‍ കഴിയാത്തിടത്തോളം നമ്മളെ ഉണര്‍ത്താന്‍ ഒരു ബാഹ്യഗുരു ആവശ്യമാണ്. അതിനാല്‍ സത്യത്തെ അറിഞ്ഞ അപൂര്‍വ്വം ചിലര്‍ക്ക് ഗുരുവില്ലായിരുന്നു എന്നു കരുതി ആര്‍ക്കും ഗുരു വേണ്ടെന്നു പറയുവാന്‍ സാധിക്കില്ല.

ചെറുപ്പത്തില്‍ കാണാതെ പഠിച്ച പദ്യം കുറെ ദിവസം കഴിഞ്ഞു നമ്മള്‍ മറന്നാല്‍ പിന്നീട് ആരെങ്കിലും അതിന്റെ ആദ്യാക്ഷരം ഓര്‍മ്മപ്പെടുത്തുമ്പോള്‍ ബാക്കി വരികളെല്ലാം താനേ ഓര്‍മ്മയില്‍ വരും. നമ്മള്‍ പരീക്ഷയ്ക്കുവേണ്ടി നന്നായിപഠിച്ചു. പരീക്ഷാഹാളില്‍ ചെന്നു ചോദ്യപ്പേപ്പര്‍ കണ്ടപ്പോള്‍  പരിഭ്രമത്തില്‍ എല്ലാം മറന്നു. കാണാപ്പാഠം പഠിച്ചതും കൂടി മറന്നു. ആ സമയം, അടുത്തിരുന്ന ഒരു കുട്ടി എഴുതാനുള്ള പദ്യത്തിന്റെ ഒരു വരി പറഞ്ഞുതന്നു. പെട്ടെന്ന് ബാക്കി വരികളെല്ലാം ഓര്‍മ്മ വന്നു. അങ്ങനെ കവിത മുഴുവനും തെറ്റുകൂടാതെ എഴുതാന്‍ കഴിഞ്ഞു. ഇതുപോ

ലെ നമ്മളില്‍ ആ ജ്ഞാനമുണ്ട്. പക്ഷെ നമ്മള്‍ ഒരു വിസ്മൃതിയിലാണ്, ആത്മ വിസ്മൃതിയില്‍. ആ മറവിയില്‍ നിന്ന് നമ്മെ ഉണര്‍ത്തുവാനുള്ള ശക്തി ഗുരുവിന്റെ ഉപദേശത്തിനുണ്ട്.

ഏതു കല്ലിലും മറഞ്ഞിരിക്കുന്ന ഒരു ശില്പമുണ്ട്. കല്ലിലെ വേണ്ടാത്ത ഭാഗങ്ങള്‍ ശില്പി കൊത്തിക്കളയുമ്പോഴാണ് ശില്പം

 തെളിഞ്ഞുവരുന്നത്.  അതുപോലെ ഗുരു ശിഷ്യനിലെ സത്തയെ തെളിച്ചുകൊണ്ടുവരുന്നു. മെഴുകില്‍ പൊതിഞ്ഞ ശില്പം തീയുടെ സമീപം ചെല്ലുമ്പോള്‍ മെഴുകുരുകി ശില്പം താനെ തെളിയുന്നു. അതുപോലെ ശിഷ്യന്‍ ഗുരുസമീപത്തിരുന്നു സാധന ചെയ്യുമ്പോള്‍, ശിഷ്യനിലെ അസത്തു മറയുകയും ഉണ്മ തെളിഞ്ഞുവരികയും ചെയ്യുന്നു.

വിത്തില്‍ വൃക്ഷം എന്നതുപോലെ എല്ലാവരിലും ഈശ്വരനുണ്ട്  പക്ഷേ, യോജിച്ച കാലാവസ്ഥ ഉണ്ടായാലേ ആ വിത്തുവളര്‍ന്നു വൃക്ഷമായി ഫലം നല്കുകയുള്ളു. ഈ യോജിച്ച കാലാവസ്ഥ-അനുകൂല സാഹചര്യം ഒരുക്കിത്തരുന്ന ആളാണ് ഗുരു. കാശ്മീരില്‍ ആപ്പിള്‍ ധാരാളം വളരും. അവിടുത്തെ കാലാവസ്ഥ അതിനു യോജിച്ചതാണ്.  എന്നാല്‍ കേരളത്തിലാണെങ്കില്‍  ആപ്പിള്‍ നട്ട് വേണ്ട പരിചരണം കൊടുത്താലും മിക്കതും വളരില്ല. അഥവാ വളര്‍ന്നാല്‍ക്കൂടി, വേണ്ടത്ര കായ്ഫലം ഉണ്ടാകില്ല. കാരണം അതിനുപറ്റിയ അന്തരീക്ഷമല്ല കേരളത്തിലുള്ളത്. കാശ്മീരിലെ കാലാവസ്ഥ ആപ്പിളിനെന്നപോ

ലെ, ശിഷ്യന് അവന്റെ ആത്മസത്തയെ അറിയാനുള്ള സാഹചര്യം, ഉള്ളിലെ ഗുരുവിനെ ഉണര്‍ത്താനുള്ള അനുകൂലാന്തരീക്ഷം ഒരുക്കിത്തരുന്ന ആളാണ് ഗുരു.

ഒരു ചെടി ഒരു സ്ഥലത്തുനിന്നു പിഴുതു വേറൊരു സ്ഥലത്തേക്കു മാറ്റിനടുമ്പോള്‍ ആദ്യസ്ഥലത്തെ കുറച്ചു മണ്ണുകൂടി ചെടിയുടെ വേരിനോടൊപ്പം കരുതും. അങ്ങനെയാകുമ്പോള്‍ പുതിയ സ്ഥലത്തു പിടിച്ചുകിട്ടാന്‍ പ്രയാസമുണ്ടാകില്ല. അല്ലെങ്കില്‍ പുതിയ മണ്ണുമായി യോജിച്ചു കിട്ടുവാന്‍ പ്രയാസമാണ്. പുതിയ സാഹചര്യവുമായി ഇഴുകിച്ചേരാന്‍ ആ ചെടിയെ സഹായിക്കുന്ന ആദ്യത്തെ സ്ഥലത്തെ മണ്ണുപോലെയാണ് ഗുരുവിന്റെ സാമീപ്യം.

ആദ്ധ്യാത്മിക സാധനകള്‍ മുടക്കം കൂടാതെ തുടര്‍ന്നുകൊണ്ടുപോകുക. തുടക്കത്തില്‍ സാധകനു വളരെ പ്രയാസമായിരിക്കും. എന്നാല്‍ ഗുരുവിന്റെ സാന്നിദ്ധ്യം എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കുവാനുള്ള കരുത്തു ശിഷ്യനു നല്കുന്നു. ആത്മീയജീവിതത്തില്‍ ഉറച്ചു നില്ക്കുവാനുള്ള ശക്തി പകരുന്നു. 

ഗുരുവിനോടുള്ള അനുസരണ ഒരിക്കലും അടിമത്തമല്ല. ശരിയായ ഗുരു ശിഷ്യനെ ഒരിക്കലും അടിമയായി കാണില്ല. ശിഷ്യനോടു നിറഞ്ഞ സ്‌േനഹം മാത്രമാണ് ഗുരുവിനുള്ളത്്. സ്വയം പരാജയപ്പെട്ടാലും ശിഷ്യന്‍ വിജയിക്കുന്നതു കാണുവാനാണ് ഗുരു ആഗ്രഹിക്കുന്നതു്. ശിഷ്യന്റെ സുരക്ഷിതത്ത്വം മാത്രമാണ് ഗുരുവിന്റെ ലക്ഷ്യം.  ഉത്തമനായ ഗുരുവാണു യഥാര്‍ത്ഥ മാതാവ്. വിമാനത്തില്‍ കയറുമ്പോള്‍ ബെല്‍റ്റിടാന്‍ പറയും. അത് നമ്മുടെ സുരക്ഷിതത്ത്വത്തിനുവേണ്ടിയാണ്.  അതുപോലെ യമനിയമങ്ങളും മറ്റു ചിട്ടകളും പാലിക്കുവാന്‍ ഗുരു ശിഷ്യനെ ഉപദേശിക്കുന്നത്, ശിഷ്യന്റെ ഉയര്‍ച്ചയ്ക്കു വേണ്ടിയാണ്, ശിഷ്യനു സംഭവിക്കാവുന്ന അപകടങ്ങളില്‍നിന്നും അവനെ രക്ഷിക്കുന്നതിനുവേണ്ടിയാണ്.  ഞാനെന്ന ഭാവത്തിലൂടെയുള്ള ശിഷ്യന്റെ കുതിപ്പ്, അവനെ മാത്രമല്ല മറ്റുള്ളവരെയും അപകടത്തിലാക്കുമെന്നു ഗുരുവിനറിയാം. ട്രാഫിക്ക്‌പോലീസ് ഗതാഗതം നിയന്ത്രിക്കുന്നതിനുവേണ്ടി കൈകള്‍ കാണിക്കുമ്പോള്‍ നമ്മള്‍ അനുസരിക്കുന്നില്ലേ? അതുമൂലം എത്രയോ അപകടങ്ങള്‍ ഒഴിവായിക്കിട്ടുന്നു. ഞാനെന്നും എന്റേതെന്നും ഉള്ള ഭാവം വച്ചു നമ്മള്‍ സ്വയം നശിക്കാന്‍പോകുന്ന സാഹചര്യങ്ങളില്‍ സദ്ഗുരു നമ്മളെ രക്ഷിക്കുന്നു.  ആ സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ തക്കവണ്ണം പരിശീലനം നല്കുന്നു. 

കുടയുടെ ബട്ടണ്‍ താഴ്ത്തിക്കൊടുക്കുമ്പോള്‍ കുട നിവരുന്നു. മറ്റുള്ളവരെ വെയിലില്‍ നിന്നും മഴയില്‍നിന്നും സംരക്ഷിക്കാന്‍ അതിനു കഴിയുന്നു. അതുപോലെ ഗുരുവിനോടുള്ള  അനുസരണയിലൂടെ ശിഷ്യന്‍ വിശാലതയിലേക്ക് ഉയരുകയാണു ചെയ്യുന്നത്.  

ഗുരുവെന്നത് കേവലം വ്യക്തിയല്ല, ഗുരു നമ്മുടെ ആത്മാവ് തന്നെയാണ്. നമ്മെ ഉദ്ധരിക്കാന്‍ വേണ്ടി മനുഷ്യരൂപം ധരിച്ച ഈശ്വരനായിത്തന്നെ വേണം ഗുരുവിനെ കാണുവാന്‍. അവിടുത്തെ ഒരിക്കലും കേവലം മനുഷ്യരായി കാണരുത്. 

ത്യാഗത്തിന്റെ മൂര്‍ത്തരൂപമാണു ഗുരു. സത്യം, ധര്‍മം, ത്യാഗം, പ്രേമം ഇവയൊക്കെ എന്തെന്നു നമുക്കറിയാന്‍ കഴിയുന്നതു ഗുരുക്കന്മാര്‍ അവയില്‍ ജീവിച്ചു കാട്ടുന്നതുകൊണ്ടാണ്.  അവരെ അനുസരിക്കുന്നതിലൂടെ നമ്മിലും ആ ഗുണങ്ങള്‍ വളരുന്നു. നമ്മുടെ ഉണ്‍മയെ കണ്ടെത്തുവാന്‍ നമുക്കു കഴിയുന്നു. 

തന്റെ യഥാര്‍ഥ സ്വരൂപത്തെ കാട്ടിത്തരുന്ന ഗുരുവിനോടുള്ള കടപ്പാട് ഒരു ശിഷ്യനും ഒരിക്കലും തീര്‍ക്കുവാന്‍ കഴിയില്ല. ഗുരുവിനോടുള്ള അനുസരണയ്ക്കും ആരാധനയ്ക്കും പ്രത്യേകിച്ച് ഒരു ദിവസമില്ല. ആത് ശിഷ്യന്റെ ജീവിതത്തിന്റെ അവിഭാജ്യഭാഗമാകണം. എങ്കിലും ആ ആവശ്യകതയെക്കുറിച്ച് നമ്മെത്തന്നെ ഓര്‍മ്മിപ്പിക്കുവാനാണ് നമ്മള്‍ ഗുരുപൂര്‍ണിമ ആഘോഷിക്കുന്നത്. നമ്മുടെ മഹത്തായ ലക്ഷ്യത്തിനുവേണ്ടി സ്വയം പുനരര്‍പ്പണം ചെയ്യാനുള്ള ദിവസമാണത്. ഗുരുപൂര്‍ണിമയുടെ സന്ദേശം ഉള്‍ക്കൊണ്ട് അത് ജീവിതത്തില്‍ പകര്‍ത്തി പരമസത്യത്തെ സാക്ഷാത്കരിക്കാന്‍ മക്കള്‍ക്കു കഴിയട്ടെ.

മാതാ അമൃതാനന്ദമയി

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.