റുവാന്‍ഡ പ്രസിഡന്റിന് മോദിയുടെ സമ്മാനം 200 പശുക്കള്‍

Sunday 22 July 2018 4:05 am IST

ന്യൂദല്‍ഹി: തിങ്കളാഴ്ച കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യം റുവാന്‍ഡ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടത്തെ പ്രസിഡന്റിന് സമ്മാനമായി 200 പശുക്കളെ നല്‍കും. ഇതാദ്യമായാണ് പ്രധാനമന്ത്രി റുവാന്‍ഡ സന്ദര്‍ശിക്കുന്നത്. രുവേരു മാതൃകയിലുള്ള റുവാന്‍ഡയിെല ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തുന്ന മോദി, പ്രസിഡന്റ് പോള്‍ കഗാമെയുടെ ഗിരിങ്ക പദ്ധതിയിലേക്കായാണ് 200 പശുക്കളെ നല്‍കുന്നത്.

പരിപാലിക്കാനുള്ള സൗകര്യാര്‍ഥം പ്രദേശത്തു നിന്നു തന്നെയുള്ള പശുക്കളെയാകും സമ്മാനിക്കുക. 'ഒരു പാവപ്പെട്ട കുടുംബത്തിന് ഒരു പശു' എന്ന ലക്ഷ്യത്തോടെ 2006ല്‍ റുവാന്‍ഡ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഗിരിങ്ക. 3.5 ലക്ഷത്തോളം ജനങ്ങളാണ് ഇതുവരെ പദ്ധതിയിലൂടെ നേട്ടം കൈവരിച്ചതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പദ്ധതിയില്‍ നിന്ന് ലഭിച്ച പശുവിന്റെ ആദ്യ പെണ്‍കിടാവിനെ അയല്‍ കുടുംബത്തിന് നല്‍കണമെന്നും സര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്. സമൂഹത്തില്‍ സാഹോദര്യം നിലനിര്‍ത്തുവാനാണിത്.

ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് ആദരസൂചകമായി പശുവിനെ നല്‍കി വരുന്നതിനെയാണ് ആഫ്രിക്കക്കാര്‍ ഗിരിങ്ക എന്ന് വിശേഷിപ്പിക്കുന്നത്. അതിനാല്‍ പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സൗഹൃദം ഊട്ടിയുറപ്പിക്കുമെന്നാണ് സന്ദര്‍ശനത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന വിദേശകാര്യ സെക്രട്ടറി ടി.എസ്. തിരുമൂര്‍ത്തി പറയുന്നത്. 

കിഗാലി വംശഹത്യ സ്മാരകത്തിലും മോദി സന്ദര്‍ശനം നടത്തും. 1994ല്‍ വംശഹത്യ നടന്നപ്പോള്‍ ഇന്ത്യക്കാരെ അതില്‍ നിന്ന് സംരക്ഷിച്ചതിന്റെ ആദരസൂചകം കൂടിയാണ് മോദി റുവാന്‍ഡന്‍ ജനതയ്ക്ക് അവര്‍ ഏറെ വിലകല്‍പിക്കുന്ന പശുക്കളെ സമ്മാനമായി നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.