നെല്ലുസംഭരണം സഹകരണ ബാങ്കുകള്‍ക്ക്; ആദ്യം പാലക്കാട്ട്

Sunday 22 July 2018 6:00 am IST

പാലക്കാട്: ഒന്നാം വിളയ്ക്കുള്ള നെല്ലുസംഭരണം സഹകരണ ബാങ്കുകള്‍ വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ച യോഗത്തിലാണ് തീരുമാനം. കൃഷി, ഭക്ഷ്യ പൊതുവിതരണ മന്ത്രിമാരും പങ്കെടുത്തു.

പാലക്കാട് ജില്ലയിലാണ് ആദ്യമായി സഹ. ബാങ്കുകള്‍ നെല്ലു സംഭരിക്കുക. തൃശൂര്‍ ജില്ലയിലും സഹ. ബാങ്കുകള്‍ താല്‍പ്പര്യമറിയിച്ചിട്ടുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ക്കും പാഡികോ റൈസ് മില്ലിനും സംഭരണത്തിലെ കുത്തക ലഭിക്കുന്നതോടെ ഭക്ഷ്യ പൊതുവിതരണ വകുപ്പും സപ്ലൈക്കോയും ചിത്രത്തില്‍നിന്ന് ഇല്ലാതാകും. നെല്ലു സംഭരണത്തിലെ സുതാര്യത നഷ്ടപ്പെടുമെന്ന ആശങ്കയും കര്‍ഷകര്‍ ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ സീസണുകളില്‍ കൃത്യ സമയത്ത് സംഭരണം നടക്കാതെയും സംഭരിച്ച നെല്ലിന്റെ പണം കൃത്യമായി കൊടുക്കാതെയും കര്‍ഷകരെ സര്‍ക്കാര്‍ വലച്ചിരുന്നു. ഇതൊഴിവായിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് ചില കര്‍ഷകര്‍.

നെല്ലുസംഭരണത്തില്‍ നിന്ന് സപ്ലൈക്കോയെ ഒഴിവാക്കുന്നതിനെതിരെ ആദ്യം മുതല്‍ക്കേ സിപിഐ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. കോടികളുടെ ഇടനിലക്കച്ചവടം നടക്കുന്ന നെല്ലുസംഭരണം നഷ്ടപ്പെടുന്നതിലെ ആധിയായിരുന്നു ചില നേതാക്കള്‍ക്ക്. പാര്‍ട്ടി ഭരിക്കുന്ന വകുപ്പിന് നെല്ലു സംഭരണത്തിലെ നിയന്ത്രണം നഷ്ടപ്പെടുമെന്നതും എതിര്‍പ്പിന് കാരണമായി. ഇടനില കച്ചവടത്തിന്റെ കുത്തക സിപിഐ യില്‍നിന്ന് സിപിഎമ്മിലേക്കു മാറുന്നതല്ലാതെ കര്‍ഷകര്‍ക്ക് ഗുണം കിട്ടുമോയെന്ന് കാത്തിരുന്നു കാണണം.

നെല്ലു സംഭരണം നടത്തുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് പണം നല്‍കുമെന്നാണ് മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ വാഗ്ദാനം. എന്നാല്‍ ഇക്കാര്യം ബാങ്കുകള്‍ സ്ഥിരീകരിച്ചിട്ടില്ല. കര്‍ഷക രജിസ്‌ട്രേഷന്‍ മുതല്‍ പിആര്‍എസ് നല്‍കി, പണം കൈമാറുന്നതുവരെയുള്ള ചുമതല ബാങ്കുകള്‍ക്കുണ്ടാകുമോ എന്ന കാര്യവും വ്യക്തമായിട്ടില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.