മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ ഊര്‍ജിതം;തണ്ടര്‍ബോള്‍ട്ട് സംഘവും സ്ഥലത്തെത്തി

Sunday 22 July 2018 3:44 am IST

കല്‍പ്പറ്റ: വയനാട് മേപ്പാടി കള്ളാടി തൊള്ളായിരം കണ്ടിയില്‍ നിര്‍മാണത്തിലിരുന്ന സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് കാണാതായ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളും തിരിച്ചെത്തി. ബംഗാള്‍ സ്വദേശികളായ അലാവുദ്ദീന്‍, കാത്തിം, മക്ബൂല്‍ എന്നിവരാണ് മാവോയിസ്റ്റ് സംഘത്തിന്റെ വലയില്‍ നിന്നും രക്ഷപ്പെട്ടെത്തിയത്. തങ്ങളെ തോക്കുധാരികളായ നാലംഗസംഘം തടഞ്ഞുവയ്ക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

തൊഴിലാളികള്‍ ബന്ദിയാക്കപ്പെട്ട വിവരം വെള്ളിയാഴ്ച വൈകിട്ട് മേപ്പാടി പോലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. തൊള്ളായിരം കണ്ടി മേഖലയില്‍ വന്‍കിട എസ്‌റ്റേറ്റുകളാണ് കൂടുതല്‍. ഇതിലധികവും റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളുമാണ്. റിസോര്‍ട്ട് നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികളെയാണ് തോക്കുധാരികള്‍ തടഞ്ഞുവെച്ചത്. ഇതിനിടെ തൊഴിലാളികളെ വിട്ടുകിട്ടാന്‍ മാവോയിസ്റ്റ് സംഘം മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന് സ്ഥലമുടമ വെളിപ്പെടുത്തി. 

വെള്ളിയാഴ്ച  വൈകിട്ടാണ് ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ കള്ളാടിയിലെത്തിയത്. ഇവര്‍ മാവോയിസ്റ്റുകളാണന്ന് നാട്ടുകാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മേഖലയില്‍ തെരച്ചില്‍ നടത്തി. പോലീസ് സംഘത്തോടൊപ്പം തണ്ടര്‍ബോള്‍ട്ടും പരിശോധന നടത്തുന്നുണ്ട്.

വിക്രംഗൗഡ, സോമന്‍ എന്നിവരുണ്ടെന്ന പോലീസ് സ്ഥിരീകരിച്ചു. തെരച്ചില്‍ നാളെയും തുടരും. തൊഴിലാളികളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ വിവരങ്ങള്‍ ലഭ്യമാകൂ. തിരുനെല്ലിയില്‍ റിസോര്‍ട്ടിനെതിരെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാവോയിസ്റ്റ് സംഘം ആക്രമണം നടത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.