സൈബര്‍ കേസുകളുടെ അന്വേഷണം ഇനി ലോക്കല്‍ സ്റ്റേഷനുകളിലും

Sunday 22 July 2018 3:47 am IST

തിരുവനന്തപുരം: സൈബര്‍ കേസുകള്‍ അതത് പോലീസ് സ്റ്റേഷനുകളില്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്കി. ഇതോടെ എല്ലാ ലോക്കല്‍  സ്റ്റേഷനുകളും സൈബര്‍ ക്രൈം അന്വേഷണത്തിനു പ്രാപ്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാവുകയാണ് കേരളം.

ഓരോ സ്റ്റേഷനിലും രണ്ട് പോലീസുദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്‍ രൂപീകരിച്ചിട്ടുണ്ട്. ഇനിമുതല്‍ സൈബര്‍ കേസുകള്‍ സൈബര്‍ സെല്ലിലേക്ക് അയയ്ക്കുന്നതിനു പകരം ഈ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ തന്നെ അന്വേഷണം നടത്തും. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് ജില്ലാ സൈബര്‍ സെല്ലിന്റെ സഹായവും തേടാം. സങ്കീര്‍ണമായ കേസുകളില്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സൈബര്‍ സെല്ലിനെ അന്വേഷണം ഏല്‍പ്പിക്കാം. 

ഇതിനുപുറമേ, റേഞ്ച് ഐജിമാര്‍ക്ക് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേസുകള്‍ സൈബര്‍ പോലീസ് സ്റ്റേഷനു കൈമാറാം. നിലവില്‍ ഒരു സൈബര്‍ പോലീസ് സ്റ്റേഷനാണുള്ളത്. മൂന്ന് സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.

സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍  പരിശീലനം പൂര്‍ത്തിയാക്കിയവരെ, മറ്റു കേസുകളിലെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതു പോലെ സൈബര്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ചുമതലകള്‍ക്കും ഉപയോഗിക്കാം. ഇവര്‍ക്കായി തുടര്‍പരിശീലനങ്ങളും നല്‍കും. ഇതിനായി തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.