'കറിവേപ്പിലയില'യുടെ ഗുണങ്ങള്‍

Sunday 22 July 2018 2:05 am IST

ഒരു പത്രത്തില്‍ കറിവേപ്പിലയെക്കുറിച്ച് വന്ന ലേഖനത്തില്‍ നിന്ന്: 

''ഇരുപതു കറിവേപ്പിലയില കുറച്ചുവെള്ളം ചേര്‍ത്ത് കുഴമ്പുരൂപത്തില്‍ അരച്ചെടുക്കുക. ഇത് രോഗബാധയുള്ള പ്രദേശത്ത് തേച്ചുപിടിപ്പിച്ച 'ശേഷം' മുപ്പത് മിനിട്ടിന് 'ശേഷം' കഴുകി കളയുക, ത്വക്കിലുള്ള ബുദ്ധിമുട്ടിന് ഒരു പരിധിവരെ ശമനം ലഭിക്കും.''. 

കറിവേപ്പില പോരാ, 'കറിവേപ്പിലയില' തന്നെ എടുക്കണം! രണ്ടിലയും രണ്ട് 'ശേഷ'വും!

''കറിവേപ്പില എന്നത് സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന മരത്തിന്റെ ഇലകളാണ്.'' നമ്മുടെ പാവം കറിവേപ്പിനെക്കുറിച്ചാണ് ഈ പറയുന്നതെല്ലാം!

'പൊതുവെ', 'പൊതുവായത്', എന്നൊക്കെ അര്‍ത്ഥം കിട്ടാന്‍ 'സാധാരണമായി' എന്ന് പ്രയോഗിക്കണം. 

''ഗ്രൂപ്പുതര്‍ക്കം കക്ഷികളില്‍ സാധാരണയായിരിക്കുന്നു'. തെറ്റ്. 

''ഗ്രൂപ്പുതര്‍ക്കം കക്ഷികളില്‍ സാധാരണമായിരിക്കുന്നു''. ശരി. 

''മോഷണം ആരോപിച്ച് പിടികൂടിയ മറുനാടന്‍ തൊഴിലാളിയെ പോലീസ് നിഷ്ഠൂമായി മര്‍ദ്ദിച്ചു''. 'നിഷ്ഠുരം' ശരി. ചിലര്‍ ഇത് 'നിഷ്ടൂര'മാക്കാറുണ്ട്. 

'പൂര്‍വീകവും', 'ലൗകീകവും', 'ഭൗതീക'വും, 'ദൈവീക'വും പത്രങ്ങളില്‍ മാത്രമല്ല, പുസ്തകങ്ങളിലും കാണാം. 'പൂര്‍വികം', 'ലൗകികം', 'ഭൗതികം', 'ദൈവികം' എന്നിവയാണ് ശരി. 

മ്യാന്‍മറില്‍ നിന്ന് റോഹിംഗ്യകളുടെ 'പാലായനം' തുടരുന്നുവെന്ന് ഈയിടെ വാര്‍ത്ത കണ്ടു. 'പലായനം' എന്നാണു വേണ്ടത്. 'പശ്ചാത്താപ'ത്തെ ചിലര്‍ ഇതുപോലെ 'പാശ്ചാത്താപ'മാക്കാറുണ്ട്. 

''ഒരു മതത്തിലും 'ബഹുഭാര്യാത്വം' അനുവദിക്കരുതെന്ന് സമ്മേളനം ആവശ്യപ്പെട്ടു''. ഒന്നിലേറെ ഭാര്യമാരുള്ളയാള്‍ 'ബഹുഭാര്യന്‍'. ഈ അവസ്ഥയ്ക്ക് 'ബഹുഭാര്യത്വം' എന്നെ എഴുതാവൂ, 'ബഹുഭാര്യാത്വം' തെറ്റ്. 

''ഉന്നതപദവികളിലെത്തിയെങ്കിലും ലാളിത്യത്തിന്റെ മൂര്‍ത്തീഭാവമായിരുന്നു അദ്ദേഹം''. 'മൂര്‍ത്തിമദ്ഭാവം' ശരി. 'മൂര്‍ത്തിമത്' എന്നാല്‍ 'ഉടലോടുകൂടിയ' 'ഉടലെടുത്ത' എന്നൊക്കെ അര്‍ത്ഥം. മൂര്‍ത്തിയോട് മത്, ഭാവം എന്നിവചേര്‍ത്താല്‍ 'മൂര്‍ത്തിമദ്ഭാവ'മാകും. 'മൂര്‍ത്തീമത്ഭാവ'വും തെറ്റാണ്. 

''ഏറെ വിവാദമുണ്ടാക്കിയെങ്കിലും ഈ നോവലിലെ പ്രദിപാത്യത്തിനോ പ്രദിപാതനത്തിനോ പുതുമയൊന്നും അവകാശപ്പെടാനില്ല.''. (ഒരു പുസ്തക നിരൂപണത്തില്‍ നിന്ന്)

'പ്രതിപാദ്യം', 'പ്രതിപാദനം' എന്നിവയാണു ശരി. 'പ്രദിപാത്യവും', 'പ്രദിപാതന'വും അച്ചടിത്തെറ്റുകളാണെന്ന് കരുതി നിരൂപകനും വായനക്കാര്‍ക്കും ആശ്വസിക്കാം!

''കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പോലുള്ള ബ്രഹത്പദ്ധതികളല്ല കേരളത്തിന് വേണ്ടതെന്ന് ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു''. 

'ബൃഹത്പദ്ധതി' എന്നു വേണം. 'ബൃഹത്' എന്നാല്‍ വലുത്. 'ബൃഹത്' വഴങ്ങാത്തവര്‍ 'വന്‍പദ്ധതി' എന്നെഴുതിയാല്‍ തെറ്റൊഴിവാകും. 

''ആ തൊഴില്‍ത്തര്‍ക്കത്തില്‍ 'മധ്യസ്ഥം' വഹിക്കാമെന്ന് എംഎല്‍എ''. 'മധ്യസ്ഥന്‍്' എന്നാല്‍ ഇടനിലക്കാരന്‍. ഇടനിലക്കാരന്റെ ജോലിക്ക് 'മാധ്യസ്ഥ്യ' മെന്നോ, മധ്യസ്ഥത' എന്നോ പറയണം. 'മാധ്യസ്ഥ്യം വഹിച്ചു', മധ്യസ്ഥത വഹിച്ചു' എന്നിവ ശരി. 'അധ്യക്ഷം' വഹിക്കുന്നതും ശരിയല്ല. 'ആധ്യക്ഷ്യ'മോ 'അധ്യക്ഷത'യോ വഹിക്കണം. 

''അമ്പലത്തിലെ പ്രതിക്ഷണവഴിയില്‍ കരിങ്കല്ലുപാകാന്‍ ഭരണസമിതി തീരുമാനിച്ചു''. 'പ്രദക്ഷിണ' മാണ് ശരിരൂപം. 'ചുറ്റിനടപ്പ്', 'വലംവയ്പ്പ്' എന്നൊക്കെ അര്‍ത്ഥം. 'പ്രതിക്ഷണ'ത്തിന് 'ക്ഷണം' (നിമിഷം) തോറും എന്നാണര്‍ത്ഥം. 'പ്രദിക്ഷണം' വയ്ക്കുന്നവരുമുണ്ട്. 

''അദ്ദേഹത്തിന്റെ ചിതാഭസ്മം ഭാരതപ്പുഴയില്‍ 'നിമഞ്ജനം' ചെയ്തു. 'നിമജ്ജനം' ശരി.  'മജ്ജനം' മുങ്ങല്‍. 'നിമജ്ജനം' മുക്കല്‍. ചിതാഭസ്മത്തിനൊപ്പം പലപ്പോഴും വരാറുള്ളത് 'നിമഞ്ജന'മാണ്!

പിന്‍കുറിപ്പ്:

''കനത്ത മഴയില്‍ അണക്കെട്ടുകള്‍ കവിഞ്ഞൊഴുകല്‍ ഭീഷണിയില്‍''. 

ഭീഷണി അണക്കെട്ടുകള്‍ക്കോ കവിഞ്ഞൊഴുകലിനോ ജനങ്ങള്‍ക്കോ? അതെന്തായാലും ഇത്തരം തലക്കെട്ടുകള്‍ വായനക്കാര്‍ക്ക് ഭീഷണിയാണ്!

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.