മുല്ലപ്പെരിയാര്‍ നിറയുന്നു; ഉറക്കമില്ലാതെ വണ്ടിപ്പെരിയാര്‍

Sunday 22 July 2018 4:10 am IST

പീരുമേട്: കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടി പിന്നിട്ടതോടെ പെരിയാര്‍ നിവാസികളുടെ നെഞ്ചിടിപ്പ് കൂടി. ജനപ്രതിനിധികള്‍ കൂടി തിരിഞ്ഞ് നോക്കാതായതോടെ അണക്കെട്ടിന് താഴ്ഭാഗത്ത് കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശങ്കയില്‍.

10 ദിവസമായി തുടരുന്ന കനത്ത മഴയാണ് ഡാമിലെ ജലനിരപ്പ് ഉയരാനിടയാക്കിയത്. ഡാമിന് താഴ്ഭാഗത്ത്  വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ഉപ്പുതറ ഭാഗങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഉറക്കമില്ല. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് പരമാവധി കുറച്ച് 142 അടിയാക്കാന്‍ വേണ്ട നടപടി തുടങ്ങിയതും ഇക്കാര്യത്തിലുള്ള തമിഴ്‌നാടിന്റെ നിലപാടും ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഇതിന് പിന്തുണയെന്നോണം തമിഴ്‌നാട് വ്യവസായി സംഘം ഉപസമിതിക്ക് മുമ്പാകെ നിവേദനം നല്‍കിയിരുന്നു. 142 അടിവെള്ളം ഡാമിലെത്തിക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മഴ അല്‍പ്പം ശമിച്ചെങ്കിലും ഡാമിലേക്കുള്ള നീരൊഴുക്ക് തുടരുകയാണ്. 

മുമ്പ് ഇത്തരത്തില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ തേക്കടിയിലെ ആനവച്ചാല്‍ പാര്‍ക്കിങ് സ്ഥലത്ത് അടക്കം വെള്ളം കയറിയിരുന്നു. ജലനിരപ്പ് ഉയരുന്നതോടെ വന്യമൃഗങ്ങളെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. 

ജലബോംബ് എന്ന് മുല്ലപ്പെരിയാറിനെ വിശേഷിപ്പിച്ച ജനപ്രതിനിധികളും സര്‍ക്കാരും തുടരുന്ന നിസ്സംഗത മധ്യകേരളത്തെ ഒന്നാകെ ആശങ്കയിലാക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.