കരുത്ത് വര്‍ധിപ്പിച്ച് എന്‍ഡിഎയും കേന്ദ്രവും

Sunday 22 July 2018 4:13 am IST

ന്യൂദല്‍ഹി: അപ്രതീക്ഷിതമായി ലഭിച്ച പ്രതിപക്ഷ പിന്തുണ വിശാല പ്രതിപക്ഷ ഐക്യത്തിന്റെ പൊള്ളത്തരം വ്യക്തമാക്കിയപ്പോള്‍ കേന്ദ്രസര്‍ക്കാരിനും എന്‍ഡിഎയ്ക്കും വലിയ നേട്ടം. വിശാല പ്രതിപക്ഷ ഐക്യത്തിനൊപ്പം നില്‍ക്കാനില്ലെന്ന വ്യക്തമായ നിലപാട് സ്വീകരിച്ച് ബിജു ജനതാദളും തെലങ്കാന രാഷ്ട്ര സമിതിയും അവിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചപ്പോള്‍ എഐഎഡിഎംകെയുടെ അധിക വോട്ടുകള്‍ മോദി സര്‍ക്കാരിന് നേട്ടമായി. പതിനഞ്ചോളം എഐഎഡിഎംകെ എംപിമാര്‍ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. 

രാഹുല്‍ ഗാന്ധിയെ അംഗീകരിക്കാത്ത മമത ബാനര്‍ജി, മമതാ ബാനര്‍ജിയെ എതിര്‍ക്കുന്ന സിപിഎം, പ്രധാനമന്ത്രിയാവാന്‍ തയ്യാറായിരിക്കുന്ന മുലായംസിങ് യാദവും മായാവതിയും ശരദ് പവാറും ചന്ദ്രബാബു നായിഡുവും, ഇവര്‍ക്കൊപ്പം ചേരാതെ സ്വന്തം കാര്യം നോക്കുന്ന നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍, വിട്ടുവീഴ്ച ചെയ്ത് ഒരു സംസ്ഥാനത്തും ബാക്കിയില്ലാത്ത കോണ്‍ഗ്രസ്. നരേന്ദ്രമോദിയെ എതിര്‍ക്കുന്ന വിശാല പ്രതിപക്ഷത്തിന്റെ യഥാര്‍ത്ഥ ചിത്രമാണിത്. അവിശ്വാസ വോട്ടെടുപ്പിലെ ദയനീയ പ്രകടനം വിശാല പ്രതിപക്ഷ ഐക്യനീക്കങ്ങള്‍ക്ക് തിരിച്ചടിയായി. 

ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പു ഫലത്തോടെ ബിജെപിയുടെ തനിച്ചുള്ള ഭൂരിപക്ഷം 271 ആയിരുന്നു. ഇതോടെയാണ് അവിശ്വാസപ്രമേയാവതരണത്തിനുള്ള നീക്കം കോണ്‍ഗ്രസ്സും മറ്റു പ്രാദേശിക കക്ഷികളും ശ്രമം തുടങ്ങിയത്. ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്ന വാദത്തിന്റെ പേരില്‍ ഇടഞ്ഞ് എന്‍ഡിഎയില്‍ നിന്ന് പുറത്തേക്ക് പോയ ടിഡിപിയാണ് അവിശ്വാസം കൊണ്ടുവന്നത്.

 നാലുവര്‍ഷമായി ഇടഞ്ഞു നില്‍ക്കുന്ന ശിവസേനയുടെ പിന്തുണ പ്രതീക്ഷിച്ച് പ്രതിപക്ഷ കക്ഷികളെ കൂട്ടി അവിശ്വാസത്തിനിറങ്ങിയ കോണ്‍ഗ്രസ്സിന് തൃണമൂലിന്റെയും ഇടതുപാര്‍ട്ടികളുടേയും വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ടിആര്‍എസ്, ബിജെഡി, എഐഎഡിഎംകെ തുടങ്ങിയ പ്രധാന പ്രാദേശിക കക്ഷികളുടെ പിന്തുണ നേടിയെടുക്കുന്നതിലും രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ്സും പരാജയപ്പെട്ടു. ബിജെപിക്കും സഖ്യകക്ഷികള്‍ക്കുമായി 312 വോട്ടുകള്‍ മാത്രം പ്രതീക്ഷിച്ചിടത്ത് 325 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞത് കേന്ദ്രസര്‍ക്കാരിന് വലിയ നേട്ടമായി. പ്രതിപക്ഷത്തിനാവട്ടെ കേവലം 126 വോട്ടുകളിലേക്ക് ഒതുങ്ങേണ്ടി വന്നു. 2019ലെ പൊതുതെരഞ്ഞെുപ്പിന് മുന്നോടിയായി വിശാല പ്രതിപക്ഷ ഐക്യത്തെ തയാറാക്കുന്ന രാഹുല്‍ഗാന്ധിക്ക് അവിശ്വാസ വോട്ടെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കേണ്ടിവരും. കോണ്‍ഗ്രസ്സിനെ ഒഴിവാക്കി ബംഗാളില്‍ തനിച്ച് മത്സരിക്കുമെന്ന് ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ മമതാ ബാനര്‍ജി പ്രഖ്യാപിച്ചതും കോണ്‍ഗ്രസ് ഇതര കക്ഷികളുടെ മുന്നണിയുണ്ടാക്കാനുള്ള ശ്രമം നടത്തുമെന്ന ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ ഇന്നലത്തെ പ്രസ്താവനയും വിശാല പ്രതിപക്ഷ ഐക്യനീക്കത്തിന് വിലങ്ങുതടിയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.