''ഞാന്‍ ജനങ്ങളുടെ പ്രധാനമന്ത്രി''

Sunday 22 July 2018 3:15 am IST

കെട്ടിപ്പിടിച്ചും കണ്ണിറുക്കിയും നാടകം കളിച്ച രാഹുലിനും പ്രതിപക്ഷ സംഘത്തിനും വിശദമായ മറുപടി നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിശ്വാസ പ്രമേയ ചര്‍ച്ച തന്റേതാക്കി മാറ്റുന്ന കാഴ്ചയാണ് വെള്ളിയാഴ്ച ലോക്‌സഭയില്‍ കണ്ടത്. രാഹുലിന്റെ പ്രധാന ആരോപണങ്ങളും അവയ്ക്ക് മോദി നല്‍കിയ മറുപടികളും

രാഹുല്‍: റഫേല്‍ കരാറില്‍ രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നിബന്ധനയുണ്ടെന്ന് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും പറഞ്ഞത് കള്ളമാണ്. കരാറില്‍ ഇങ്ങനെയൊന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. 

മോദി: ഇത്തരം ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഒഴിവാക്കണം. കരാറിനെതിരായ അടിസ്ഥാനരഹിതമായ ആരോപണത്തില്‍ ഇന്ത്യക്കും ഫ്രാന്‍സിനും വിശദീകരണക്കുറിപ്പ് ഇറക്കേണ്ടി വന്നു. അറിയാത്ത കാര്യങ്ങളെക്കുറിച്ച് നുണ പറയുന്നതാണ് അവരുടെ രീതി. മിന്നലാക്രമണം തട്ടിപ്പാണെന്നാണ് ഇവര്‍ നേരത്തെ പറഞ്ഞത്. എന്നെ എത്ര വേണമെങ്കിലും നിങ്ങള്‍ അപമാനിച്ചോളൂ. എന്നാല്‍ രാജ്യത്തെ സൈനികരോട് അത് വേണ്ട. ദോക്‌ലാം വിഷയത്തില്‍ രാജ്യത്തേക്കാള്‍ ചൈനീസ് അംബാസഡറെയാണ് ചില നേതാക്കള്‍ക്ക് വിശ്വാസം. (രാഹുലിനോട് സംസാരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുന്‍പ് തന്നെ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. കയ്യോടെ പിടിക്കപ്പെട്ടിട്ടും പറഞ്ഞ നുണയില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍.)

രാഹുല്‍: എന്റെ കണ്ണുകളില്‍ നോക്കാന്‍ മോദിക്ക് ഭയമാണ്

പ്രധാനമന്ത്രി: പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച എനിക്ക് എങ്ങനെയാണ് നിങ്ങളുടെ കണ്ണില്‍ നോക്കി സംസാരിക്കാനാവുക. നെഹ്‌റു കുടുംബത്തിന്റെ കണ്ണില്‍ നോക്കി സംസാരിക്കാന്‍ ആര്‍ക്കെങ്കിലും ധൈര്യം വരുമോ. ഈ കുടുംബത്തിന്റെ കണ്ണില്‍ നോക്കി സംസാരിച്ച സുഭാഷ്ചന്ദ്ര ബോസിന് എന്ത് സംഭവിച്ചുവെന്ന് നമുക്കറിയാം. പട്ടേലിന്, ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക്, പ്രണബ് മുഖര്‍ജിക്ക് ഒക്കെ പിന്നീടെന്തുണ്ടായി എന്ന് നമ്മള്‍ കണ്ടതാണ്. അപ്പോള്‍ പിന്നോക്കക്കാരനായ, ദരിദ്ര കുടുംബത്തിലെ ഒരമ്മയുടെ മകനായി പിറന്ന എനിക്ക് ധൈര്യമുണ്ടാവുമോ?. കണ്ണുകൊണ്ടുള്ള കളി എന്താണെന്ന് രാജ്യത്തിന് ഇന്ന് മനസിലായി-രാഹുലിന്റെ കണ്ണിറുക്കല്‍ പ്രയോഗത്തെ പരിഹസിച്ച് മോദി പറഞ്ഞു. 

 

രാഹുല്‍: രണ്ട് കോടി തൊഴിലുകള്‍ ഓരോ വര്‍ഷവും നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. വ്യാജ വാഗ്ദാനങ്ങളാണ് നല്‍കിയത്. 2016-17ല്‍ നാല് ലക്ഷം തൊഴിലുകള്‍ മാത്രമാണ് സൃഷ്ടിച്ചത്.

മോദി: കഴിഞ്ഞ വര്‍ഷം ഒരു കോടി തൊഴിലുകള്‍ സൃഷ്ടിച്ചു. 

രാഹുലിന്റെ കെട്ടിപ്പിടുത്തം

സഭയിലെ ഒരംഗം എന്റെയടുത്ത് ഓടിയെത്തി ഉഡോ ഉഡോ (എഴുന്നേല്‍ക്കൂ) എന്ന് പറഞ്ഞു. അധികാരത്തിലെത്താന്‍ എന്താണിത്ര തിടുക്കം. ജനങ്ങളാണ് എന്നെ പ്രധാനമന്ത്രിയാക്കിയത്. ആരാണ് പ്രധാനമന്ത്രിയാകേണ്ടതെന്ന് തീരുമാനിക്കുന്നത് അവരാണ്. നാല് വര്‍ഷം ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത വികസനത്തിന്റെ പേരിലാണ് ഇവിടെ തുടരുന്നത്. 2019ല്‍ പ്രധാനമന്ത്രിയാകാന്‍ ചിലര്‍ കുപ്പായം തയ്യാറാക്കിയിട്ടുണ്ട്. അവര്‍ക്ക് 2024ല്‍ വീണ്ടും അവിശ്വാസ പ്രമേയവുമായെത്താന്‍ ശക്തി നല്‍കാന്‍ ഭഗവാന്‍ ശിവനോട് പ്രാര്‍ത്ഥിക്കുന്നു. 

അവിശ്വാസപ്രമേയം

പ്രതിപക്ഷത്തിന് ഒന്നിലും വിശ്വാസമില്ല. തെരഞ്ഞെടുപ്പ് കമ്മീഷനില്‍, സൈന്യത്തില്‍, ജനാധിപത്യത്തില്‍, നീതിന്യായ വ്യവസ്ഥയില്‍ തുടങ്ങി എല്ലാത്തിലും അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. സഭയില്‍ വിജയിക്കാനാവശ്യമായ അംഗബലവും 125 കോടി ജനങ്ങളുടെ അനുഗ്രഹവും ഞങ്ങള്‍ക്കുണ്ട്. വികസനം തടസ്സപ്പെടുത്തുന്ന നിഷേധ രാഷ്ട്രീയം കയ്യാളുന്നവരെ തുറന്നുകാണിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.