ബാഗിനുളളില്‍ വെടിയുണ്ട; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Sunday 22 July 2018 4:17 am IST

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനയാത്രക്കാരന്റെ ബാഗിനുളളില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്ത കേസില്‍ യാത്രക്കാരനെതിരെ വലിയതുറ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി 11 മുമ്പാകെ ആയുധ നിയമപ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം പരിശോധിച്ച് ഫയലില്‍ സ്വീകരിച്ച മജിസ്‌ട്രേറ്റ്് മിഥുന്‍ ഗോപി പ്രതിയെ ആഗസ്റ്റ് 18ന് ഹാജരാക്കാന്‍ വലിയതുറ പോലീസിന് നിര്‍ദേശം നല്‍കി.

ചിറയിന്‍കീഴ് സ്വദേശിയും ഒമാനില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയുമായ  ഷാജിമോന്‍ ആണ് കേസിലെ പ്രതി.2016 നവംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അവധി കഴിഞ്ഞ് തിരികെ വിദേശത്തേക്ക് പോകുന്നതിനായി ഉച്ചതിരിഞ്ഞ് ഷാജിമോന്‍ വിമാനത്താവളത്തില്‍ എത്തി. എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ഉപയോഗിക്കാത്ത മൂന്നു വെടിയുണ്ടകള്‍ കണ്ടെത്തി വലിയതുറ പോലീസിന് കൈമാറുകയായിരുന്നു.

തിരുവനന്തപുരം ഒമാന്‍ എയര്‍വെയ്‌സ് എയര്‍പോര്‍ട്ട് സര്‍വ്വീസ് ഓഫീസര്‍ ടോണി വര്‍ഗീസിന്റെ പ്രഥമ വിവര മൊഴി പ്രകാരമാണ് വലിയതുറ പോലീസ് കേസെടുത്തത്. ആയുധ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. 

അതേ സമയം തന്റെ അയല്‍വാസിയായ ഒരു റിട്ടയേഡ് മിലിട്ടറി ഓഫീസറുടെ വീട്ടില്‍ താന്‍ യാത്ര ചോദിക്കാനായി അന്നേ ദിവസം പോയിരുന്നപ്പോള്‍ ഓഫീസര്‍ക്ക് സ്വയരക്ഷയ്ക്കായി നല്‍കിയിട്ടുളള തോക്കിലെ മൂന്നു വെടിയുണ്ടകള്‍ ഓഫീസറുടെ ചെറു മകള്‍ താനറിയാതെ യാത്രാ ബാഗിനുളളില്‍ നിക്ഷേപിച്ചതാണെന്നാണ് ഷാജിമോന്‍ പറയുന്നത്.

2009ല്‍ വിദേശ പര്യടനം കഴിഞ്ഞ് തിരുവനന്തപുരം അന്താരാഷ് ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും നിലവില്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ബാഗിനുളളില്‍ നിന്നും സമാന രീതിയില്‍ എയര്‍പോര്‍ട്ടധികൃതര്‍ വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നു. എന്നാല്‍ അന്ന് അനങ്ങാത്ത അതേ വലിയതുറ പോലീസാണ് ഇപ്പോള്‍ നിര്‍മാണ തൊഴിലാളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം  കേസെടുത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.