വിവാദ നോവല്‍ പിന്‍വലിച്ച് മുഖം രക്ഷിക്കാന്‍ മാതൃഭൂമി ശ്രമം

Sunday 22 July 2018 7:21 am IST

കോഴിക്കോട്:  വിവാദ നോവല്‍ പിന്‍വലിച്ചുകൊണ്ട് മുഖം രക്ഷിക്കാന്‍ മാതൃഭൂമിയുടെ ശ്രമം. മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചുവന്ന 'മീശ' എന്ന നോവലാണ് പിന്‍വലിച്ചത്. സ്ത്രീകളെയും ക്ഷേത്രദര്‍ശനത്തെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വിവിധ സംഘടനകള്‍ വാരികയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. 

മഹിളാ ഐക്യവേദി, മഹിളാ മോര്‍ച്ച, മാതൃസമിതി, യോഗക്ഷേമ സഭ തുടങ്ങിയ സംഘടനകകളാണ് നോവലിലെ പരാമര്‍ശത്തിനെതിരെ രംഗത്തു വന്നത്. സമൂഹ മാധ്യമങ്ങളില്‍ നോവലിലെ വിവാദ പരാമര്‍ശങ്ങള്‍ വിമര്‍ശന വിധേയമായി.  മഹിളാസംഘടനകളുടെ ആഭിമുഖ്യത്തില്‍ മാതൃഭൂമി ഓഫീസുകളിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നോവല്‍ പിന്‍വലിക്കുകയായിരുന്നു. മൂന്ന് ലക്കം പ്രസിദ്ധീകരിച്ച നോവല്‍ എഴുതിയത് കഥാകൃത്ത് എസ്. ഹരീഷാണ്.

വാരികയുടെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിച്ചത്. എഴുത്തുകാരന്റെ വിശദീകരണമായാണ് പിന്‍വലിക്കല്‍ തീരുമാനം പുറത്തു വന്നത്. മാതൃഭൂമി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. 

പ്രവാചക നിന്ദ ആരോപിച്ച് മാതൃഭൂമി പത്രത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കോഴിക്കോട്ടും തൃശൂരിലും ചുമതലയിലുണ്ടായിരുന്ന എഡിറ്റോറിയല്‍ വിഭാഗത്തിലുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. എന്നാല്‍ അശ്ലീല പരാമര്‍ശങ്ങളോടെ സ്ത്രീകളെ അവഹേളിക്കുകയും ക്ഷേത്രദര്‍ശനത്തെ അപഹസിക്കുകയും ചെയ്ത നടപടിയില്‍ വാരികയുടെ ചുമതലക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് മാതൃഭൂമി മൗനം പാലിക്കുകയാണ്. 

പ്രവാചക നിന്ദ പ്രശ്‌നത്തില്‍ നിന്ന് തലയൂരാന്‍ ഒന്നാം പേജില്‍ മാനേജിംഗ് എഡിറ്റര്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മുഖപ്രസംഗം എഴുതിയിരുന്നു. എന്നാല്‍ വിവാദ നോവല്‍ പ്രശ്‌നത്തില്‍ എഴുത്തുകാരന്‍ നോവല്‍ പിന്‍വലിച്ചു എന്നു വരുത്തിതീര്‍ത്ത് മുഖം രക്ഷിക്കാനാണ് മാതൃഭൂമി ശ്രമം നടത്തുന്നത്. എഴുത്തുകാരനെ ബലിയാടാക്കി നോവല്‍ പ്രസിദ്ധീകരിച്ചവരെ സംരക്ഷിക്കാനാണ് നീക്കം നടക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.